പാഠപുസ്തകത്തിലെ_പുഴ


പഴയ പാഠപുസ്തകത്തിലെ പുഴ,
കാലത്തിന്റെ കൈയ്യെഴുത്തിൽ ഒളിച്ചിരിക്കുന്ന
ഒരു ജലരാഗം...
അതെന്റെ സ്വപ്നത്തിലേക്ക്
വീണ്ടും തിരിച്ചൊഴുകുന്നു.

വെള്ളാരം മണൽത്തിട്ടകൾ
ഒരിക്കൽ ശൂന്യമായിരുന്നില്ല;
അവിടെ പതിഞ്ഞുപുതഞ്ഞ 
ബാല്യത്തിന്റെ കാൽപ്പാടുകൾ
കാലത്തിന്റെ തിരമാലകളിൽ മാഞ്ഞുപോയി..
അവയുടെ പ്രതിഛായ ഇന്നും 
മനസ്സിന്റെ കരയിൽ പടരുന്നു.

കല്ലോലിനിയുടെ ഗർഭസ്ഥലികളിൽ
ഓടിക്കളിച്ച മാനത്തുകണ്ണികൾ
ജീവിതത്തിന്റെ പ്രതീകങ്ങൾ:

ചില ഓർമ്മകൾ പറന്നുപോയ 
പക്ഷികൾ പോലെ,
ചിലത് തിരികെയെത്താത്ത
ഒരു കാറ്റിന്റെ വിസ്മയം.

പുഴയുടെ ഒഴുക്ക്
എന്നെ പഠിപ്പിച്ചിരുന്നു
കാഴ്ചകളൊന്നും സ്ഥിരമല്ല;
എന്നാൽ ഓരോ തിരമാലയും
സ്മരണയുടെ കണ്ണാടിയായി
ജീവിതത്തിന്റെ മുഖം തെളിയിക്കുന്നു.

സ്വപ്നത്തിൽ മാത്രം കാണുന്ന പുഴ
നഷ്ടപ്പെട്ട യാഥാർത്ഥ്യത്തിന്റെ
ഒരു ദർശനം;
അതിൽ ഞാൻ തിരിച്ചറിയുന്നു,
ജീവിതം തന്നെയൊരു പാഠപുസ്തകം,
ഓരോ ഓർമയും
ഒരു ഒഴുകുന്ന അധ്യായമാണ്..
ഒന്നിനുപുറകെ ഒന്നായി
തീരംതൊടാതൊഴുകുന്നവ.
Sreekumar Sree 02102025

Comments

Popular posts from this blog

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?

poem - morning wishes പുലർകാല വന്ദനം