ഒരേ കോശത്തിലുറഞ്ഞ ദീപുകൾ
വെളിച്ചം കുടിയേറാൻ ഒരിടം തേടുന്നു,
ഇടത്തിരിവുകൾക്കിടയിൽ തനിച്ചായി
തണുത്ത വഴികൾ തേടുന്ന പാദങ്ങൾ പോലെ...
പ്രഭയുടെ പ്രഭാവം പ്രതിഫലനമത്രേ,
സ്വയം പോഷകമില്ലാത്തൊരു ഉജ്ജ്വലത —
മറുനാൾ വേണ്ടെന്നൊരു പ്രതീക്ഷയും
ഇന്നലെ തളിരായിരുന്ന ദുഃഖവും
അതിന്റെ മേനി നിറയ്ക്കുന്നു.
നക്ഷത്രം കുടിയിരിക്കാൻ ഒരാകാശം തേടുന്നു,..
പ്രകാശമൂല്യം തേടുന്ന
ചിന്തയുടെ കണ്ണുകളിലൂടെ
പാറപൊട്ടി പുറത്തുവരുന്നത് അതിജീവനസ്നേഹം.
മനസ്സിന്റെ ആകാശമില്ലായ്മക്കുള്ളിൽ
വർത്തമാനത്തെ മറികടക്കാൻ നോക്കുന്ന
ഒരാത്മാവിനെന്നും പാതിരാത്രി.
മഞ്ഞുതുള്ളി ഇടനേരത്തേക്കൊരു പുൽക്കൊടി തേടുന്നു,
സാഹചര്യങ്ങൾക്കിടയിലൂടെ ഒഴുകുന്ന
നിസഹായതയുടെ കണികയാണത്...
പ്രതീക്ഷയുടെ ചെറുനിഴലായ്
ഒരു മൃദു സ്പർശം,
ഒരു നോവിന്റെ തീരാത്തിരയായ്
ജീവിതം അതിലേക്കു കൂപ്പുകുത്തുന്നു.
ഒരൊറ്റ തേടലല്ല ഇവ,
ഇത് അത്മാവിന്റെ മൂന്നാം കണ്ണിൽ പടർന്നിരിക്കുന്ന
പ്രാചീനതയുടെ ഹൃദയസ്പന്ദനം.
വെളിച്ചം, ആകാശം, നാമെന്ന പുല്ക്കൊടി..
മൂന്നും ഏകകോശത്തിലുറഞ്ഞ ദ്വീപുകൾ;
അവിടെ ഞാൻ എന്നത്
അതിന്റെ പേരുചേർത്തൊരു തിരയൽ മാത്രം....
---sree.

Comments