കുട്ടികൾ നിയന്ത്രണത്തിൽനിന്നു സ്വാതന്ത്ര്യത്തിലേക്ക്
മക്കളെ നല്ലവരായി വളർത്തുക എന്നത് എപ്പോഴും മാതാപിതാക്കൾക്കും അധ്യാപകർക്കും സമൂഹത്തിനും വലിയൊരു വെല്ലുവിളിയായി തുടർന്നിട്ടുണ്ട്. പഴയകാലത്ത് ഈ ശ്രമം നിയന്ത്രണങ്ങളിലൂടെയും കർശനമായ അടിയന്തര പാഠങ്ങളിലൂടെയും ശിക്ഷണങ്ങളിലൂടെയും നടത്തപ്പെട്ടിരുന്നു. എന്നാൽ ഇന്നത്തെ മാറ്റം കണക്കിലെടുക്കുമ്പോൾ, മക്കളുടെ വളർച്ചയ്ക്ക് ആവശ്യമായത് ആധികാരിക നിയന്ത്രണമല്ല, മറിച്ച് അവർക്കുള്ള വ്യക്തിത്വവികസനത്തിനും സ്വാതന്ത്ര്യത്തിനുമുള്ള അവസരം നൽകുന്നതാണ്.
പണ്ടുകാലത്ത് അച്ഛൻ/കാരണവർ പറഞ്ഞാൽ അതാകട്ടെ അന്തിമവാക്കായിരുന്നു. ഇന്നത്തെ തലമുറ അതിലുപരി ബോധവാന്മാരാണ്. ചോദ്യങ്ങൾ ചോദിക്കാനും, മറുപടികൾ ആവശ്യപ്പെടാനും അവർക്കിന്ന് അവകാശമുണ്ട്. പല കാര്യങ്ങളിലും മുതിര്‍ന്നവരെക്കാൾ അവരിൽ അറിവു കൂടുതലുമാണ്.. ഈ മാറ്റം ദോഷകരമല്ല, മറിച്ച് ഓരോ മനുഷ്യനും തന്റെ സ്വതന്ത്ര ബുദ്ധികൈമാറ്റത്തിലൂടെ വളരുന്ന healthier pathway ആണ്.
ഇന്ന് പുതിയ തലമുറയെ 'ചെറിയ കുട്ടികൾ' എന്ന നിലയിൽ കാണാതെ, ഒരോ വ്യക്തിയുമായാണ് സമീപിക്കേണ്ടത്. ഒരോ കുട്ടിക്കും സ്വന്തം ആഗ്രഹങ്ങളുണ്ട്, ആകാംക്ഷകളുണ്ട്,
വ്യക്തിത്വമുണ്ട്... അവയെക്കുറിച്ച് കേൾക്കാനും മനസ്സിലാക്കാനും തയാറാകുന്നത് ശരിയായ വളർത്തൽ പ്രക്രിയയുടെ ആദ്യഘട്ടമാണ്.
മറുപടി പറയുന്ന കുട്ടികളെ എതിർത്ത് അടിയന്തരമായി അടിച്ചമർത്തുന്നതിൽ നിന്നും, അവരുടെ ചിന്തയെക്കുറിച്ച് ആലോചിക്കുക എന്നതിലേക്കാണ് മാറ്റം നടക്കേണ്ടത്.
ഓരോ തെറ്റിനും പാഠമുണ്ടാകട്ടെ, പക്ഷേ അതിനു മുമ്പ് അത് എന്തുകൊണ്ട് സംഭവിച്ചുവെന്ന വാസ്തവചിന്ത ഉണ്ടായിരിക്കണം...ശിക്ഷയല്ല, സംഭാഷണമാണ് അഭ്യസ്തവിദ്യയുടെ വഴി.
ഇന്റർനെറ്റിന്റെ സഹായത്താൽ കുട്ടികൾക്ക് അഗാധമായ അറിവുകൾ ഏതൊരുസമയത്തും ഇപ്പോൾ ലഭ്യമാണ്. എന്നാൽ അതിനു പുറമേ അപായകരമായ വിവരങ്ങളും വ്യസനങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ രക്ഷിതാക്കളുടെ പങ്ക് ബോധവാന്മാരായിരിക്കുകയും കുട്ടികൾക്ക് വഴികാട്ടികളാകലുമാണ്.
പുതിയ ജീവിത സാഹചര്യങ്ങളിൽ കൗതുകം നിറഞ്ഞ സാങ്കേതിക ലോകത്തിലെ അപകടച്ചുഴികളെ നാമവർക്ക് നിസ്സങ്കോചം കാട്ടികൊടുക്കുകതന്നെ വേണം. പകരം നിരോധനം എന്ന പ്രക്രിയ കുട്ടികളെ കൂടുതൽ കുത്തനെയുള്ള പാതയിലേക്ക് നയിക്കുന്നു.. അവർ നിഷേധികളും ആവശ്യമില്ലായ്മകളിലേക്ക് സദാ എത്തിനോക്കുന്നവരുമാക്കുന്നു .
സാങ്കേതിക വസ്തുക്കളുടെ നല്ല വശങ്ങൾ കൈവശപ്പെടുത്താനും മോശം വശങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനുമുള്ള പ്രചോദനം നൽകുകയാണ് രക്ഷിതാക്കൾ ചെയ്യേണ്ടത്..
കുട്ടികളുടെ സംശയങ്ങൾക്ക് ഉത്തരം നൽകാൻ തയ്യാറായിരിക്കുക മറുപടി അറിയാതെ പോയാൽ അവർക്ക് ഒപ്പമിരുന്നു അന്വേഷിക്കാൻ സന്നദ്ധരാകുക... അവർക്ക് സ്വാതന്ത്ര്യവും ഉത്തരവാദിത്വവും കൈകൊടുക്കുക.. മറ്റാരുമല്ല, രക്ഷിതാക്കളാണ് കുട്ടികളുടെ ജീവിതത്തിൽ ആദ്യ role model. അവർ കാണുന്ന മാതൃകകളാണ് അവർ അനുകരിക്കുന്നത്... അതുകൊണ്ടുതന്നെ കുട്ടികളുടെ മുന്നിൽ കുടുംബത്തിൽ ലാഘവവും പരസ്പര ബഹുമാനവുമുള്ളവരുമായിരിക്കുക.. അങ്ങനെ നല്ല സംസ്കാരം വളർത്തുക.
കുട്ടികൾക്ക് തീരുമാനമെടുക്കാനുള്ള ചെറിയ അവസരങ്ങൾ നൽകുക – എന്ത് ധരിക്കണം, എപ്പോൾ പഠിക്കണം, ഇഷ്ടപ്പെടുന്ന വിഷയങ്ങൾ എന്തൊക്കെയെന്ന് അവരുമായി ചർച്ച ചെയ്യുക.
ഈ സ്വാതന്ത്ര്യത്തിനു പുറമേ അതിന്റെ പരിധികളും ഉത്തരവാദിത്വങ്ങളും അവരെ ബോധ്യപ്പെടുത്തുക.
ആധുനിക മാതാപിതാക്കളുടെ ദൗത്യം...
ഇന്ന് കുഞ്ഞുങ്ങൾക്കും കുട്ടികൾക്കും പോലും മാനസികാരോഗ്യത്തിന് വലിയ പ്രാധാന്യമുണ്ട്. ആത്മവിശ്വാസമുള്ള, സഹനശീലയുള്ള, മനസ്സിന്റെ ആരോഗ്യം നിലനിർത്താൻ കഴിയുന്ന വ്യക്തികളെ സമൂഹത്തിന് ഒരുക്കേണ്ടത് മാതാപിതാക്കളുടെയും അധ്യാപകരുടെയും പ്രധാന ദൗത്യമാണ്.. ഓർക്കുക. .
കുട്ടികളുടെ വികാരങ്ങൾ അടിച്ചമർത്താതെ അവയെ അംഗീകരിക്കുക. വികാരപൂർണമായി പ്രതികരിക്കുന്നതിന് പകരം സാന്ത്വനത്തോടെ മനസ്സിലാക്കാൻ ശ്രമിക്കുക.
അവർ വിഷമത്തിലാകുമ്പോൾ അവരുടെ ഒപ്പം നിൽക്കുക; അവർ വിജയിക്കുമ്പോൾ കൂടെ അതു ചെറിയ വിജയങ്ങളായാൽ പോലും അഭിനന്ദിക്കാൽ മടികാണിക്കാതിരിക്കുക. അപരന്റെ വിജയമോ പരാജയമോ സ്വന്തം കുട്ടികളുമായി താരതമ്യം ചെയ്യാതിരിക്കുക.. ഇന്നത്തെ തലമുറ ഏറ്റവും വെറുക്കുന്ന സംഗതിയാണ് comparing/ comparisons
കുട്ടികൾക്ക് സാമൂഹികവും ആത്മീയവുമായ വളർച്ചക്കും അവസരമൊരുക്കുക എന്നതും പരമപ്രധാനമാണ്..
വിദ്യാഭ്യാസം, വിനോദം, സൗഹൃദം, സാമൂഹിക സേവനം, ആത്മീയത — എന്നിവയിലൂടെയാണ് ഒരാളെ പൂർണ്ണമായി വളരാൻ സഹായിക്കുന്നത്. . കുട്ടികളെ ഈ മേഖലകളിൽ ഉൾപ്പെടുത്താനും അവരെ പ്രചോദിപ്പിക്കാനും കഴിയുന്നത് വളർച്ചയുടെ സമഗ്രമായ ഭാഗമാണ്.
കുട്ടികളുടെ പാഠപുസ്തകങ്ങളിൽ കൂടി ജീവിതപാഠങ്ങൾ ഉൾക്കൊള്ളിക്കുക. സമൂഹത്തിൽ അതൃപ്തി മാത്രമല്ല, കാരുണ്യവും സ്‌നേഹവും പകർന്നുനൽകുന്ന പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കാളികളാക്കുക.
തീർച്ചയായും നമ്മുടെ മക്കളെ നല്ലവരായി വളർത്തുക എന്നത് ഇനി നിയന്ത്രണത്തിലൂടെയല്ല. അവർക്കുള്ള അവസരങ്ങൾ നൽകലിലൂടെയാകട്ടെ..., അവരുടെ പ്രശ്നങ്ങൾ കേൾക്കുക, സ്വതന്ത്രമായ ആലോചനയ്ക്കും വ്യക്തിത്വത്തിനും ഇടമൊരുക്കുക – ഇതിലൂടെയാണ് അവർക്കുള്ള ഉജ്ജ്വല ഭാവി രൂപപ്പെടുത്തുന്നത്. ആ ഭാവിയിൽ പുത്തൻകുതിപ്പുകൾക്കായി നമ്മുടെ പങ്ക് അത്യന്താപേക്ഷിതമാണ്.
ഒരവസരത്തിലും മറക്കാതിരിക്കുക
©️sreekumarsree10072025.

Comments