ഉഷ്ണരാശിയിലെ മരീചികകൾ
ഉദയാസ്തമയങ്ങൾ
അന്യമായതിനാൽ
ദിക്കുകെട്ടുപോയ
മരുഭൂമിയിലെ യാത്രികരുണ്ട്
പുരികക്കൊടികൾക്കുമേലെ
വിരൽമറയൊരുക്കാൻ പോലും
ശേഷിയില്ലാത്തവർ...
വാ തുറന്നാൽ മണൽക്കാറ്റുകൾ
വറുതിയുരുക്കുന്ന നാവുകളാൽ
അപസ്വരം പോലുമുതിരാത്തവർ
യാത്രയിലാണവർ
ഉദയമില്ലെങ്കിലൊരു
അസ്തമയമെങ്കിലും
സ്വപ്നം കാണുന്നവർ
താണ്ടിയ ദൂരമറിയില്ല
വേഗവുമളന്നില്ല...
കണ്ട നീർത്തടങ്ങളെല്ലാം
മരീചികകൾ...
തൊണ്ട നനയാത്ത
പദയാത്രകൾ...
[കരളിലിപ്പൊഴുമൊരുകിനാ-
കതിരുപൂക്കുന്നു പിന്നെയും,]
"കാരപ്പഴത്തിന്റെ നാടാണപ്പുറം
സൂഫിക്കിനാവിന്റെ രാവാണപ്പുറം
മരുഭൂവുതാണ്ടുന്ന
മുതുകുന്തിയ കപ്പലുകൾ
മരുക്കുന്നിന്റെ നെറുകതാണ്ടി
കിനാത്തീരത്തു കൊണ്ടുപോകും..."
[കനവുകെട്ടുപോകുന്നു
കനലുകത്തുന്നനെഞ്ചകം
ഇടറിവീണിടാമെങ്കിലും
പ്രാണനോ
എണ്ണക്കനികളുതിരുന്ന
പനമരത്തണൽ
തേടുകയാണിന്നും]
ഒരുമരീചിക തേടിത്തളരുന്നോർ
ഇടറിയുഴറുന്ന ക്രിയയാണ് ജീവിതം
ഇടയിലണയുന്ന
സാന്ത്വന ഗന്ധങ്ങൾ
നറുനിലാക്കിനാവാണതു നിശ്ചയം.
©️sree.02012025
Comments