Posts

Showing posts from December, 2024

സമാഗമവൃത്താന്തം (വഞ്ചിപ്പാട്ട്)

Image
സമാഗമവൃത്താന്തം (വഞ്ചിപ്പാട്ട്) പാതിയർത്ഥം സതീർഥ്യനിൽ പാരിതോഷമായി ചൊന്നു, മതിയിനിയവലുണ്ണലരുതു കണ്ണാ.. ഇനിയവൽ ഭുജിച്ചെന്നാൽ ഇവളുമീ പാദംവിട്ടു സതീർത്ഥ്യനിൽ ദാസ്യവേല- യ്ക്കിടയായിടും... അലങ്കാരദീപം വേണ്ട അതിമോഹനങ്ങൾ വേണ്ട അവസാനംവരെയുമീ തൃപ്പാദം മതീ... തിരുമുന്നിൽ പതിയായി ട്ടിരിക്കണമിഹലോക പരമതയിൽ ചൊന്നൊന്നു ലയിക്കുവോളം... ഒരുപിടിയവലുണ്ടീ പ്രിയമാനസ തോഴനെ പ്രഭുവാക്കും ദേവാനിന്റെ മായ മതിയാം.. വിപ്രപത്നി സതീർഥ്യനിൽ മുക്തമനുരാഗം ചേർക്കി ലത്രതന്നെയിവളുമീ ചൊല്പടിയിലമരട്ടെ... ഇത്ഥം ചൊല്ലി മേഘവർണ്ണ- പത്നി തന്റെ പാണികളാൽ കൃഷ്ണഹസ്തമവൽപാത്രം കവർന്നെടുത്തൂ... മുദ്ഗസ്നേഹഭാവത്തോടെ പതിയുടെ സതീർഥ്യന്റെ ക്ഷീണമുക്തിക്കുതകുന്ന വൃത്തികൾ ചെയ്തു.. സത്വമെത്ര മനോഹരം പതിവൃത്തി കാംക്ഷിക്കുന്ന ഉത്തമമാം നാരീജനമെത്രയായാലും ചിത്തമതിൽ ചേക്കേറ്റിയ ഭർതൃരൂപമുപേക്ഷിപ്പാൻ എത്രതന്നെവന്നെന്നാലു- മവൾക്കാകുമോ..? ©️sree. *കുചേലൻ നൽകിയ അവൽഭുജിച്ചനേരം കൃഷ്ണസൗഭാഗ്യങ്ങളുടെ പകുതി കുചേലഭവനത്തിലെത്തിയെന്നാണ് ഐതിഹ്യം. വീണ്ടും അവൽ ഭുജിച്ചാൽ തന്റെ ഭാര്യാസ്ഥാനവും നഷ്ടപ്പെട്ട് കുചേലന്റെ ദാസ്യവേല വേണ്ടിവരുമെന്ന് ഭയന്ന് കൃഷ്ണപത്നി കൃഷ്ണനെ വിലക്...

ഈർക്കിൽകുരുക്കിലെ ഞണ്ടുകൾ

Image
ശൂന്യതയുടെ പാരമ്യതയിലകപ്പെട്ടുപോയൊരു മനസ്സായിരുന്നു അപ്പോൾ... ദിക്കറിയാൻ നക്ഷത്രവിളക്കുകൾ പോലുമില്ലാത്ത ആകാശത്തിനുചുവട്ടിൽ, നിവർത്തിവിടർത്തിയ പായകളേറ്റുവലിക്കാനൊരു ചെറുകാറ്റുപോലുമില്ലാതെ മഹാസമുദ്രത്തിലെവിടെയോ അലസം ശയിക്കുന്നൊരു പായവഞ്ചിപോലെ അയാൾ കണ്ണുകളടച്ചു കിടന്നു... അമാവാസിയിൽ ആകാശത്തുനിന്നു ഭൂമിയെ മൂടിപ്പുതയ്ക്കുന്ന ഇരുട്ടു പോലെ,  നിശ്ശബ്ദത അയാളെ ഒരു ചെറിയ തടവറയിലകപ്പെട്ടുപോയതുപോലെ ശ്വാസം മുട്ടിച്ചു. "ഇല്ലാവചനം പറയുന്ന നിങ്ങളുടെ നാവു പുഴുത്തുചാവും നോക്കിക്കോ..." അവളുടെ അമറിയുള്ള ആക്രോശം അയാളുടെ കർണ്ണപുടങ്ങളിൽ അലയടിക്കുന്നതായി തോന്നി...  അവളുടെ പ്രാക്കാണോ... അതോ ഇല്ലാവചനമെന്നവൾ പ്രഖ്യാപിച്ച വഴക്കുകളുടെ മുലഹേതുക്കളോ അറിയില്ല.. ഒന്നറിയാം അല്ലെങ്കിൽ ഒന്നു മനസ്സിലായി ആംഗലേയ ഭാഷയിൽ വളരെ സാവധാനം മനസ്സിലാവുന്ന ലളിതമായ പദപ്രയോഗങ്ങളിൻ ഡോക്ടർ പറഞ്ഞ വാചകങ്ങൾ...  I didn't tell you to scare you.. Your toothache has already affected your gums and tongue.  We still have hope.. Let's leave a small piece of tongue.. It is a temporary relief... അതേ നാവിനു പുഴുക്കുത്തേറ്റിരിക്കുന...

ദൈവത്താരുടെ മണം

Image
പ്രിയരെ ഒരു കഥ സമർപ്പിക്കുന്നു ... #ദൈവത്താരുടെ_മണം        അകലെ വലിയ പാടത്തിനെ രണ്ടായിപിളർത്തി, തണുത്തു നീണ്ടുകിടക്കുന്ന പാതയിലൂടെ ഒച്ചവച്ച് മൂടൽമഞ്ഞിന്റെ വെളുത്ത പുതപ്പിലൊരു ഓട്ടയുണ്ടാക്കി ഒരു തീവണ്ടികൂടി കടന്നുപോകുന്നു... ഗ്രാമീണരുടെ സമയബോധിനികളിലൊന്നാണ് പുലർച്ചെ 6.15ന് പാണ്ടിനാട്ടിൽ നിന്നു പാഞ്ഞുപോകുന്ന ഈ തീവണ്ടി. അരുണകിരണങ്ങൾ മെല്ലെ ഈ ഭൂമിയെ തഴുകാനാരംഭിച്ചതേയുള്ളൂ... നെൽച്ചെടികളിലിറ്റുനിൽക്കുന്ന ജലകണങ്ങളുമായി സൂര്യാംശുക്കൾ കൂട്ടുകൂടി അവയുമായാണ് ഭൂമിയിലേക്ക് പതിക്കുന്നത്. പകൽവാഴുന്നവന്റെ പൂർണ്ണാധിപത്യത്തിനു ഉപാദിരഹിത വിധേയനായി തൂമഞ്ഞിന്റെ നേർത്ത ആവരണം പ്രകൃതിയിൽനിന്ന് നിഷ്ക്രമിച്ചുതുടങ്ങുമ്പോൾ, കിഴക്കുദിക്കിൽ നിന്ന് ഒരു പകൽ വളരുകയാണ്.... ഗ്രാമഭംഗിയിലേക്ക്.  വയൽവരമ്പ് പുരോഗതിയെ വരവേറ്റ് ചെറിയ റോഡായി മാറിയതാണ്. ഇരുവശവും കറുകയും തിരുതപ്പുല്ലും കാട്ടിഞ്ചിയും വളർന്ന ചെറിയറോഡിന് നിശ്ചിത അകലത്തിൽ കാവൽഭടന്മാരെപ്പോലെ വഴിവിളക്കുതൂങ്ങിയ ഇലക്ട്രിക് പോസ്റ്റുകളുമുണ്ട്.... ചെറിയറോഡ് അവസാനിക്കുന്നതിന്നുമുമ്പാണ് റെയിൽവേ ഗേറ്റ്.. കേരളാ ബോർഡറിലെ അവസാനത്തെ ഗേറ്റാണ്... ഒറ്റവരി റെയിൽപാതയാണിത്... തിരക്...

Writers block

Image
What is your mind...? ചോദ്യം സക്കർബർഗ്ഗിന്റെ platform ൽ നിന്നാണ്... മനസ്സിലൊരുപാടുണ്ട്... മുറിച്ചുകുത്തിയ മരച്ചുവടിൽ മുളച്ചുപൊന്തുന്ന കൂണുകൾ പോലെ ഒരായിരം കാര്യങ്ങൾ... അവ കഥയായും കവിതയായും ഗാനമായുമൊക്കെ ചിറകുവിടർത്താൻ കാത്തുനിൽക്കുന്നു.. കാത്തിരുന്നു കാലഹരണപ്പെട്ടവ മണ്ണിലലിഞ്ഞുപോകുന്നു.. എങ്കിലും പുതിയ മുകുളങ്ങൾ വീണ്ടും വീണ്ടും... മനസ്സിന്റെ മൂശയിലിട്ട് ഒന്നുകൂടി ചൂടാക്കിയുരുക്കി... പിന്നെ തൂലികയിൽ ആസ്വാദനശേഷിയുടെ സൗരഭം നിറച്ച് എഴുതണമെന്നുണ്ട്.. ആ കൂണുകൾക്ക് ചിറകുനൽകണമെന്നുണ്ട്.. പക്ഷെ... വിരസത.. മടി.. എന്തിന് എന്ന് മനസ്സിന്റെ ഉപചോദ്യം എല്ലാം തകിടം മറിക്കുന്നു... ജീവശ്വാസമെടുക്കാൻ മാത്രം ജലോപരിതലത്തിൽ ഉയർന്നുവരുന്ന മത്സ്യം ആകാശത്തിന്റെ പ്രകാശധാരാളിത്തം എന്തിനു ശ്രദ്ധിക്കണം.. ഉപരിതലത്തിലുയർന്നുനിൽക്കുന്ന പുൽനാമ്പിലെ കുഞ്ഞുസൂര്യനെ എന്തിനുകാണണം.. അതേ മനസ്സിലുള്ളതു കുറിക്കാത്തതിന് വിരസതയും വിമുഖതയും തന്നെയാണ് കാരണം.. അതല്ലാതെ വലിയ വലിയ എഴുത്തുകാർ പറയുന്നപോലെ "റൈറ്റേഴ്സ് ബ്ലോക്കൊന്നുമല്ല.." അല്ലെങ്കിൽ തന്നെ എന്തു ബ്ലോക്ക്.. അതൊക്കെ ചുമ്മാതാ... സത്യം ഇത്രേയുള്ളൂ.. സർഗ്ഗശേഷിയുടെ കു...