Posts

Showing posts from June, 2024

ലളിതഗാനം

Image
ഏകാന്തതയുടെ തീരത്തിരുന്നൊരു ഭാവഗായകൻ പാടുന്നൂ..... കല്പനയേകിയ കർണ്ണികാരങ്ങൾ മൊട്ടുകരിഞ്ഞതിൻ ദു:ഖഗാനം.... (..............ഏകാന്തതയുടെ) ശുദ്ധമാമൊരു വെൺപ്രതലത്തിൽ ചിത്രണമറിയാത്ത ഗായകൻ പുഷ്പതല്പങ്ങളിൽ മയങ്ങും മനസ്സിനെ തൊട്ടുണർത്താനറിയാതെ.... (..............ഏകാന്തതയുടെ) മുന്തിരിനീരിൻ  ലഹരികടഞ്ഞത് ചുണ്ടുകളിൽ പകരാതെ... രുദ്രാക്ഷമണി,  എണ്ണുംമനസ്സുമായ് ദുഖഗാനം പാടുന്നു.. (..............ഏകാന്തതയുടെ)

മിന്നാമിനുങ്ങ്

Image
# പണ്ട് പിണങ്ങിപ്പോയ  ഒരുപിടി സ്വപ്നങ്ങളുണ്ട്.. മനസ്സിന്റെ മഞ്ചലൊഴിഞ്ഞ് കാരപ്പടർപ്പനും കരിനൊച്ചിയും ഇണചേരുന്ന ഇടവഴിയിലൂടെ നിശ്ശബ്ദം തേങ്ങലടക്കി, പണ്ടേ പോയ്മറഞ്ഞതാണവ. കുന്നോളമുരുട്ടിക്കയറ്റിയ പ്രണയസ്വപ്നങ്ങളിൽ ഒരു കണ്ണീർമഴ പെയ്യിച്ച് അവളകന്നനാളിലാണത്. നനഞ്ഞടർന്ന  പ്രണയവർണ്ണങ്ങളെല്ലാമെടുത്ത് നിലാവില്ലാത്ത രാത്രികളിൽ പൂവാംകുരുന്നിലകളുടെ ഇടയിലിണചേരുന്നുണ്ടവയിന്നും... പിന്നെ തൂവെളിച്ചം മിന്നിച്ച് ഗതകാലത്തിലേക്ക്  ക്ഷണിക്കുന്നുണ്ടെന്നെ..  താപമാറാത്ത മനമുണ്ടിനിയും.. പ്രണയമൂറിപ്പോയ തടയണകളിലെ പരൽമീനുകൾ പുതിയ ഉറവകളില്ലാതെ, തെളിനീരില്ലാതെ വാപിളർന്നു ചത്തിട്ടും, നിലാവുദിക്കാത്ത രാവുകളിലെ നുറുങ്ങുവെട്ടങ്ങളുടെ രതിക്രീഡകൾ കണ്ടിരിക്കാനെന്തുരസം. അവയൊക്കെയെന്റെ  പിണങ്ങിപ്പോയ പ്രണയസ്വപ്നങ്ങളുടെ  പുനർജ്ജനികളായതുകൊണ്ടുതന്നെയെന്നത് സത്യം . #sree.ഇ

ഭൂമിപ്പെണ്ണ്

Image
പോക്കുവെയിൽ പൊന്നുരുക്കി പെണ്ണതുതൊട്ടൊരു പൊട്ടുകുത്തി.... പൊട്ടുനനഞ്ഞതിൽ പൊൻവെളിച്ചം പെണ്ണിൻമുഖമാകെ പൊന്നുവർണ്ണം പൊന്നു കടംകൊണ്ട് വാനിലൊരുസൂര്യൻ പെണ്ണതുകണ്ടു മുഖം കറുത്തു.. പൊന്നുടൻ പെണ്ണിനു നൽകി മറഞ്ഞവൻ ഖിന്നയായാകാശമിരുളുവാങ്ങി. പെണ്ണുടനവളുടെ വാർമുടിയിൽനിന്നു മുല്ലപ്പൂവാകെ കുടഞ്ഞെറിഞ്ഞു പൂപറന്നയ്യയ്യാ രാവിന്റെ കമ്പള മേലുടുപ്പാകെ പരന്നുനിന്നു.. കാർനിറവർണ്ണത്തിൽ വെള്ളിക്കുരുപ്പിന്റെ, ചേലുകാണാൻ ചന്ദ്രനോടിവന്നു ചേലുനിറഞ്ഞു വഴിഞ്ഞൊരു വെട്ടത്തിൽ പെണ്ണുചിരിച്ചു കുഴഞ്ഞുനിന്നു. പെണ്ണുചിരിച്ചൊരു നേരമതാ വിണ്ണിൽ പിന്നെയും വന്നൊരു പൊന്നുസൂര്യൻ പെണ്ണു കെറുവിക്കാൻ നിന്നില്ലയന്നേരം പൊൻവെയിൽ പെണ്ണിനു പൊന്നുനൽകി. #ശ്രീ

പ്രണയനം

Image
കണ്ടതില്ലെന്ന് നീ പേർത്തു കേഴിടും കണ്ണനെന്നുമടുത്തുവന്നീടിലും കണ്ടിരിക്കിലുമൊന്നും മതിവരാ, കള്ളനാണവൻ പണ്ടേ കുറുമ്പനും. കണ്ണനിന്നവൻ നിൻ ചാരെവന്നിട്ട് ചെമ്മെ നിൻ പിൻകഴുത്തു നുകർന്നിടെ, മന്ദമാരുതനെന്നു നിനച്ചുനീ മെല്ലെ വസ്ത്രാഞ്ചലംകൊണ്ടുമൂടവേ, കള്ളനെന്തിനോ ചെല്ലുപരിഭവ- ക്കൂറണിഞ്ഞു മറഞ്ഞതുമായിടാം.. നന്നെ നീമറച്ചീടിലും നിൻതനു പണ്ടുപണ്ടേയവൻ കണ്ടതോർക്ക നീ വസനമേതും കവർന്നവൻ പണ്ടൊരു വടതരു മുകളേറിയതോർക്കണം. കട്ടെടുത്തന്നു നിൻ നറുവെണ്ണപോൽ ശുദ്ധമാമുടൽ ലാവണ്യമൊക്കെയും ഒട്ടുലാസ്യം കലർന്നതിൽപിന്നെനീ- യിത്രനാളുമാസ്പർശനം തേടവേ ഒട്ടവൻവന്ന നേരമിതെന്തിനായ് മുറ്റുമോദം മറച്ചു മറയുന്നു. കണ്ണുപൊത്തി പരിഭവം കൂറുന്നു. #ശ്രീ .