Posts

Showing posts from March, 2024

നിഷേധക്കാഴ്ചകൾ

Image
പ്രതിധ്വനികളില്ലാതെ വാക്കുകൾ മരിച്ചയിടത്താണ് നിശ്ശബ്ദത ആരംഭിച്ചത്... ചില നിശ്ശബ്ദതകളെന്നിൽ പെരുമുഴക്കങ്ങളാണ് തീർക്കുന്നത്.... ഇന്നലെ മരിച്ചുപോയവനെന്ന്  മുദ്രണംചെയ്തടക്കിയയിടങ്ങളിൽ ഇന്നൊരു മണ്ണുമാന്തികൈ, തേടുന്നുണ്ടടക്കംചെയ്ത മനസ്സുകൾ, ഒരുപാട് പകരുവാനും  പറയാതെപോയതറിയിക്കാനും...! അതേ ഇപ്പോഴും  ചില മരണങ്ങളിൽ ഞാൻ  നിഷേധിയുടെ നോട്ടമാണ് മണക്കുന്നത്.. അവശേഷിക്കുന്ന നോട്ടങ്ങൾ  ദൈന്യതമുറ്റിയ മുത്തുകളല്ല, ദീനതയുടെ തിമിരംമൂടിയ വെറും വെളുപ്പു കുമിളകളാണവ, എന്റെ കാഴ്ചയിൽ.... ഒരുപക്ഷേ എന്റെ കാഴ്ചയുടെ പോരായ്മയാവാമത്.... ©️Sree. 

ഗൃഹപാഠം_മറന്നവൻ

Image
നീലപ്പുകച്ചുരുളുകളുടെ ചുരുൾകുരുക്കിലൊന്നിൽ മകൻ തൂങ്ങിയാടിയപ്പോഴാണ് നീയെന്നെ വിരൾചൂണ്ടിയത്.... ആറിഞ്ചു വെട്ടത്തിലെ നീലത്തടാകത്തിൽ മകൾ മുങ്ങിമരിച്ചനാളാണ് നീയെന്ന ഭർത്സിച്ചത്.. വിരലഗ്രങ്ങളിലൂടൊഴുകിയ ചാറ്റൽമഴ നനഞ്ഞാണ് നിനക്കെന്നെ നിഷേധിക്കാൻ ഊർജ്ജമേറിയതെന്നറിയാതെ ഞാൻ, ദിനരാത്രങ്ങളളന്ന- ജീവിതയാത്രയിലായിരുന്നു... മകനൊരു മഴക്കാടു തീർത്തതും മകളൊരുമ്പെട്ടൊരു കടലു കടഞ്ഞതും ഇടയിലെപ്പോഴോ... നീ നിനക്കായൊരു ദ്വീപ് തീർത്തതും അറിയാതെപോയത്..... കൈകുഴഞ്ഞൊരു നാവികാഭ്യാസിയാണ്  ഞാൻ, ഗൃഹനാഥൻ... നിങ്ങളുടെ ദൂരത്തിലേക്കെത്താൻ തണ്ടൊടിഞ്ഞൊരു പങ്കായം ബാക്കി. എന്റെ വഞ്ചിപ്പാതയിൽ നീർച്ചുഴികൾ തീർക്കയാണ് നീയിന്ന്.. ബർമുഡ ഡ്രയാങ്കിളിലാണ് ഞാൻ ഭൂപടം നഷ്ടമായ യാത്രക്കാരൻ.... പിന്നോട്ടോടുന്ന യന്ത്രസാമഗ്രികളില്ലാത്ത ജീവിതയാനത്തിലാണ് ഞാൻ, മുങ്ങിയമരലാണിനി വേണ്ടത് തിരുശേഷിപ്പുകളില്ലാതെ. #ശ്രീ...

എന്റെപ്രായം_ചോദിക്കരുത്

Image
ഞാനിപ്പോൾ മച്ചിലെവിടെയും മാറാലതൂക്കാറില്ല.. തലതൂക്കിപക്ഷികൾക്ക് ഇപ്പോൾ എന്നെ ഭയവുമില്ല. ഭയമില്ലെങ്കിലും ബഹുമാനമുണ്ടെന്ന് അവർ ഭാവിക്കുന്നുണ്ട്.. മക്കൾ, അവരിപ്പോൾ നല്ല അഭിനേതാക്കളാണ്. ഒരുവിളിയിൽ ഒതുങ്ങിയടുത്തെത്തു- മായിരുന്നവൾ കൈയ്യാലപ്പുറത്തെ പരദൂഷണവട്ടത്തിലാണ് വിളികേൾക്കാറില്ലെപ്പൊഴും ചെകിടിയായത്രെ..! കണ്ണട പതിവായി കള്ളം കാണിക്കുന്നുണ്ടാവാം പത്രത്താളിലെ നല്ല വാർത്തകളെ അതു മറച്ചുപിടിക്കുന്നു. രോഗങ്ങളും സൗഹൃദവും ഒരുപോലെയാണ്... ചെറിയ സൗഹൃദങ്ങൾ പെട്ടെന്നവസാനിക്കുന്നു.. വലിയ സൗഹൃദങ്ങളും പെരിയ രോഗങ്ങളും കൂട്ടുകൂടിയാൽ ഒടുക്കംവരെ കൂടെക്കാണും.  അതുമാത്രമാണെന്നും കൂട്ട്.  Sree. 

മഞ്ഞവെയിൽപ്പെയ്ത്ത്

Image
സായാഹ്നത്തിന്റെ മഞ്ഞവെയിൽ.... അതെന്റെ പുറംചുവരുകളെ, അലങ്കരിക്കയായിരുന്നു, ഇന്നലെയോളം... ! അകത്തുവരാതെ ഞാനെന്റെ ജാലകത്തെ ബലപ്പെടുത്തിയിരുന്നെന്നും വാതിൽപ്പുറങ്ങളിലേക്ക് ഞാനൊന്നു ചൂഴ്ന്നുനോക്കുകപോലുമുണ്ടായില്ല. അകംതീണ്ടിയിന്നത്..! ഇണചേർന്നെന്നിലത്...! എട്ടുകാലിപ്രണയംപോലെ..! ആൺചിലന്തിയായി പരിണമിച്ചിരുന്നാദ്യമേ ഞാൻ.. പുറംതോട് മാത്രം ബാക്കി; ശിഷ്ടപിണ്ഡവൃത്തിക്ക്.. #Sree