തൃപ്പിതിയായല്ലോ ല്ലേ...
കഥയെഴുതുന്നില്ലേ..?
കഥകൾ കാണുന്നില്ലല്ലോ...?
ചോദ്യം ന്യായമാണ്.. അതും വായിക്കാനാഗ്രഹിക്കുന്നവരുടേതാകുമ്പോൾ...
പക്ഷെ എന്തെഴുതാനെന്ന് ചിന്തിച്ചിരുന്ന് പനിപിടിച്ചപ്പോഴാ ഡോക്ടറെ കാണാൻപോയത്... കൺസൽട്ടിങ്ങിനു കാത്തിരിക്കുമ്പോൾ അടുത്തസീറ്റിലെ ദമ്പതികളെ ശ്രദ്ധിച്ച. അദ്ദേഹത്തിനു 60 കഴിഞ്ഞിട്ടുണ്ടാവും സുന്ദരിയായ അവർക്ക് 50-55. മനുഷ്യസഹജമായ പുഞ്ചിരി കൈമാറി..
"മൂന്ന് ദിവസംമുമ്പ് നിങ്ങളല്ലേ വീട്ടിൽ വന്നത്..." പൊടുന്നനെയുള്ള അദ്ദേഹത്തിന്റെ ചോദ്യം എന്നെ ഞെട്ടിച്ചു.. കാരണം ഞാനാദ്യമായാണ് അവരെ കാണുന്നത്. അടുത്തിരിക്കുന്ന നമ്മുടെ ഭാര്യ സംശയഭാവത്തിൽ ചുഴിഞ്ഞുനോക്കുന്നു...
" ഇല്ല ചേട്ടാ.. നിങ്ങൾക്ക് ആളുമാറിയതാ.." എന്റെ മറുപടി അദ്ദേഹത്തെ തൃപ്തിപ്പെടുത്തിയില്ല.
"ഇല്ലില്ല... നിങ്ങൾ വീട്ടിലിരുന്ന്... കട്ടനും കുടിച്ച് ഏറെ നേരം .... ഇവളുമായി സംസാരിച്ചിരുന്നതോ...? മൂന്ന് ദിവസംമുമ്പ്.."
അമ്പരന്നിരിക്കുന്നുപോയി ഞാൻ.. എന്റെ ഭാര്യയുടെ മുഖത്ത് സംശയം നിഴലിച്ചുതുടങ്ങി...
ഇയാൾക്കിതെന്തിന്റെ കേടാ... ആരാ ഇയാൾ... ഞാനയാളുടെ നല്ലപാതിയെ നോക്കി.. അവർ ദയനീയമായി എന്നെയും ഭാര്യയെയും നോക്കി ഒന്നുകൂടി പുഞ്ചിരിക്കാൻ ശ്രമിച്ചു...
"എനിക്ക് മനസ്സിലായില്ല.. ക്ഷമിക്കണം.. " ഞാനതു പറഞ്ഞതും അവരെന്തോ പറയാൻ ശ്രമിച്ചു... അതിനുമുമ്പ് അയാൾ അവരെ തടഞ്ഞു..
"നിനക്കൊന്നുമിപ്പോൾ ഓർമ്മയില്ലല്ലോ.. മുന്നുദിവസംമുമ്പല്ലേ ഇയാളവിടെ വന്നത്... നീ മറന്നോ..." അയാളതു പറഞ്ഞുതീർന്നതും അവരുടെ ഊഴമായെന്ന് നഴ്സിംഗ് അസ്സിസ്റ്റന്റ് അറിയിച്ചു. ദൈന്യമായ നോട്ടത്തോടെ അയാൾക്കൊപ്പം അവരകത്തേയ്ക്ക് പോയി.
ഭാര്യാവദനം ഇപ്പോ പൊട്ടണോ വീട്ടിൽ ചെന്നിട്ട് പൊട്ടണോന്ന ഭാവത്തിൽ കുമ്മിളുപോലെ വീർത്തിരിക്കുന്നു.... വിനാശകാലേ... പനിവന്നതിനെ ശപിച്ചു..
കഥയെഴുതാത്തെന്തെന്ന് മെസ്സഞ്ചറിൽ ചോദിച്ച സകല ഫെയ്സ്ബുക്ക് സുഡാപ്പികളെയും ശപിച്ചങ്ങനെ ഇരിക്കുമ്പോൾ അയാളതാ ഡോക്ടറുടെ റൂമിൽ നിന്ന് പുറത്തിറങ്ങിപോകുന്നു..
കണ്ടഭാവം കാണിക്കാതെ, അയാളയാളുടെ ചെരുപ്പുതേടുകയാണ്. ചിലതു ഇട്ടുനോക്കുകയും മാറ്റുകയും ചെയ്യുന്നതുകാണാം.. അയാളുടെ ഭാര്യ പുറത്തിറങ്ങി അടുത്തുവന്നു "ക്ഷമിക്കണം കേട്ടോ... ഇങ്ങനെയെക്കെ സംഭവിച്ചതിൽ " എന്നുപറഞ്ഞ് അയാളുടെ അടുത്തേയ്ക്ക് പോയി അയാളുടെ ചെരുപ്പെടുത്തുനൽകി രണ്ടുപേരും കാഴ്ചയ്ക്കപ്പുറമായപ്പോഴാണ് ഭാര്യയെ നോക്കിയത്..
ആ കുമ്മിൾ പൊട്ടുന്നതിനുമുമ്പുള്ള ചെറിയ ചീറ്റൽ തുടങ്ങി.. പഴയ ആവിയെഞ്ചിനിൽ നിന്ന് നീരാവിവരുമ്പോലെ... പനിയെല്ലാം ആവിയായിപ്പോയി ഇനിയിപ്പോ ഡോക്ടറെകാണണോ എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് അകത്തേയ്ക്ക് വിളിവന്നത്.
പരിശോധനയൊക്കെ കഴിഞ്ഞ് ഡോക്ടറോടുള്ള സ്വാതന്ത്ര്യംവച്ച് ആ ദമ്പതികളെക്കുറിച്ച് ചോദിച്ചു...
" ഓ അവരോ... അവർക്ക് കുഴപ്പമൊന്നുമില്ല രോഗം അദ്ദേഹത്തിനാണ് അൽഷിമേഴ്സിന്റെ ഒരു വേർഷനാണ്... മറവിയുണ്ട്. പിന്നെ എല്ലാം മൂന്ന്ദിവസം മുമ്പ് എന്നുവച്ചാണ് പറയുക.. അതും ഭാവനയിൽ കാണുന്നകാര്യങ്ങൾ.. മൂന്ന് ദിവസംകൂടുമ്പോൾ ഇവിടെ വരും... രസമെന്തെന്നാൽ ഭാര്യയുടെ മറവിരോഗം ചികിത്സിക്കാനാ ഇവിടെ വരുന്നതെന്നാ പുള്ളി പറയുന്നത്.. ഭാര്യയ്ക്ക് മറവിയാണത്രെ.. പാവം ആ സ്ത്രീ... "
അയാൾക്ക് അൾഷിമേഴ്സാണെന്ന് അറിഞ്ഞവിഷമത്തെക്കാൾ സമാധാനമാണ് തോന്നിയത്.. ഒരു കുടുംബകലഹം വഴിയൊഴിഞ്ഞ് പോയല്ലോ.
"ഞാനല്ലെങ്കിലും അതൊന്നും കാര്യമായെടുത്തില്ല കേട്ടോ... അയാളുപറഞ്ഞ മൂന്ന് ദിവസം മുമ്പ് കഴിഞ്ഞ ബുധനാഴ്ചയല്ലേ.. അന്നല്ലേ നമ്മൾ ഷോപ്പിംഗിനും കാതൽസിനിമയും കാണാൻ പോയത്..."
അവളുടെ മറുപടികേട്ടപ്പോൾ സമാനമധാനമായി...
" അവരുടെ കാര്യമാ കഷ്ടം ല്ലേ... ആ സ്ത്രീയുടെ"
രാത്രി കിടക്കുമ്പോഴാണ് അവൾ അപ്രതീക്ഷിതമായി അതു ചോദിച്ചത്...
"ഉം.. " എന്ന നിശ്വാസശബ്ദത്തിൽ മറുപടി നൽകി...
"അതേ.. പോകാൻനേരം അവരെന്താ അടുത്തുവന്ന് പറഞ്ഞത്...?" അവളുടെ അടുത്തചോദ്യംകേട്ട് ഞെട്ടിപ്പോയി...
"സോറി പറഞ്ഞതാടീ.."
മൂളിക്കൊണ്ട് തിരിഞ്ഞുകിടന്ന അവൾക്ക് എന്റെ മറുപടിയിൽ അത്ര തൃപ്തമല്ല എന്ന അപായസന്ദേശമുണ്ടോ...?
(കഥയെഴുതരുതോന്ന് ചോദിച്ചവരോട്.. തൃപ്തിയായിക്കാണുമല്ലോ... ല്ലേ.... എന്നാലും ഇതൊരു കഥയായി കൂട്ടണ്ട കേട്ടേ.. കഥയ്ക്കുള്ള ത്രെഡ് കിട്ടിയെന്ന് നിങ്ങൾക്കിപ്പോ മനസ്സിലായല്ലോ.. ആ കഥ ഉടനെ..)
Sree.
Comments