ചെറിയ വലിയ ജീവിതങ്ങൾ
നീറ്റിലിറക്കിയ
കളിവള്ളങ്ങൾക്കെന്നും
അല്പായുസ്സായിരുന്നിട്ടും,
അടുത്ത മഴയ്ക്കായി
നോട്ടുബുക്കിൽനിന്നൊരു
കടലാസ്സുചീന്തുമായി
ഒപ്പം കാത്തിരിക്കുന്ന
മനസ്സാണ് കുട്ടിത്തം.
ഒരു കളർപെൻസിലിന്
പിണങ്ങിയകന്നാലും
പനിച്ചൂടിലാണെന്നറിഞ്ഞാൽ
വെമ്പുന്നതാണ് ബാല്യം.
ദീപാരാധന തൊഴുതാലും
മിഴിയുഴിയലില്ലെങ്കിൽ
പ്രസാദമില്ലായ്മയാണ്
പ്രദോഷങ്ങളിലെ കൗമാരം.
പരിഭവങ്ങൾ
പറയാതിരുന്നാൽ
പതിവുറക്കം മുറിയുന്ന
കരുതലാണ് യൗവ്വനം.
ഒരു തലോടലെന്നും
കൂടെത്തന്നെയുണ്ടെന്ന്
ബോധ്യപ്പെടുത്തലാണ്
മറവികളുടെ വാർദ്ധക്യം.
--ശ്രീ
Comments