രംഗബോധം
#
യാത്രപൂർത്തിയായവന്റെ
നിദ്രയാണ് ഞാൻ...
ശ്വസനോപാധികൾ
എന്നിൽനിന്നകറ്റുക..
വരച്ചുതീർത്ത ജീവനകലയുടെ
ക്ഷീണമാണെന്റെ കരങ്ങളിൽ
സൂചിക്കുഴലുകളാലിനിയുമവയിൽ
നിറംചേർക്കാതിരിക്കുക.
പ്രതലങ്ങളവശേഷിക്കാത്ത
മനസ്സാണുള്ളിലുറങ്ങുന്നത്
ശൂന്യതയെ ഉണർത്താതിരിക്കുക...
ഇടനാഴിയിൽ അവനുണ്ട്
അദൃശൃനായി...
ഒരു ഞരക്കം,
തുടർന്നൊരു തേങ്ങൽ,
നിലവിളി,....
അവൻ കയറിയിറങ്ങുന്ന- യിടങ്ങളിൽനിന്നുയർന്നേക്കാം...
ഈ മുറിയും തിരയുകയാവും...
ജാലകത്തിരശ്ശീലകൾ
അഴിച്ചുവിടുക..
മറകളെന്തിന് വെറുതേ,.
പണ്ടേ മരിച്ചവനാണ്...
പിന്നെന്തിന് നിങ്ങളെന്റെ
വാതിൽ താഴിടണം...
അശക്തനാണ് ഞാൻ
എനിക്കുവേണ്ടി എന്റെ വാതായനം
ആരെങ്കിലും തുറന്നിടുക ....
ഞാനവനെ സ്വാഗതം ചെയ്തോട്ടെ.......
അല്ലെങ്കിൽ അവനെന്നെ....
നിലവിളികൾക്കും
തേങ്ങലുകൾക്കും മുമ്പ്,
ഒരു ദീർഘനിശ്വാസത്തിനുമാത്രം
#ശ്രീ...
Comments