നോവുന്നുണ്ട് കേട്ടോ...

"നോവുന്നുണ്ട് കേട്ടോ...."

ടൈപ്പ് ചെയ്തിട്ട് രാജമ്മ തിരിച്ചും മറിച്ചും നോക്കി... കാപ്ഷൻ അടിപൊളി... വേലായുധന്റെ സഹധർമ്മിണിയായ 65 കാരി രാജമ്മയുടെ ഫേസ്ബുക്ക് അക്കൗണ്ടാണ് #വേദനിക്കുന്നതുമ്പി... പേര് ഇങ്ങനാണേലും മൂന്ന് പ്രസവം സിസ്സേറിയനായിരുന്ന രാജമ്മയ്ക്ക് ഒരു തലവേദനപോലും വന്നിട്ടില്ല.. എന്നാലും ഫേസ്ബുക്കിൽ വേദനിക്കുന്ന തുമ്പിയായതിനു പിന്നിലൊരു കഥയുണ്ട്... ഈ കുന്ത്രാണ്ടം തുടങ്ങിയ കാലത്ത് #രാജമ്മാവേലായുധൻ എന്നായിരുന്നു പേര്.. സാധാരണ പൂവും പുഷ്പോം കല്ലും പുല്ലും ദൈവങ്ങളെയുമൊക്കെ പോസ്റ്റിട്ട് പരമാവധി ആറുലൈക്കും നാലു കമന്റും കിട്ടും..  അതും നീലകൈയടയാളോം ചേച്ചീന്നും മാമീന്നുമൊക്കെ കമന്റും.. ആകെ ശോകം.
അങ്ങനെ അതൊരു രസംകൊല്ലിയായിരിക്കെയാണ് കഴിഞ്ഞേന്റെ മുമ്പത്തെവർഷം താഴക്കരേല് സരസമ്മേടെ മോന്റെ മോളുടെ വയസ്സറിയിപ്പ് വന്നത്. നാട്ടാചാരമനുസരിച്ച് സമ്മാനപ്പൊതീം കൊടുത്ത് ഉണ്ടുനിറഞ്ഞ് പോരാന്നേരമാണ് രായമ്മേന്നൊള്ള വിളി... തിരിഞ്ഞുനോക്കിയപ്പോൾ   കളപ്പുരയ്ക്കലെ ജാനകി.. സമപ്രായക്കാരിയാണ്.. ന്നാലും നാലാംക്ലാസ്സിൽ തൊടങ്ങിയ ചെറിയൊരു പിണക്കമുണ്ട്... അന്ന്(ഇന്നും) അവളിത്തിരി കറുത്തിട്ടാ.. യെന്തരോ പറഞ്ഞുവന്നപ്പം "നീ പോടീ കറമ്പീ കാക്കപെറ്റവളേന്ന്" വിളിച്ചു... അവളത് വലിയവായിലെ ചെന്ന് അവളുടെ തള്ളയോട് പറഞ്ഞു... അതിത്തിരി കടന്നുപോയി.. കാക്കപെറ്റവളേന്നാകുമ്പം അവളമ്മയും കാക്കയെപ്പോലെ കറുപ്പാകില്ലേ... സത്യമതാണേലും അവരു കലിതുള്ളി വീട്ടിലെത്തി മുടിഞ്ഞവഴക്ക്.  ഒടുവിൽ അമ്മയോട് "നീയും നിന്റെ വെള്ളച്ചിമോളും മുടിഞ്ഞുപോകുമെന്ന് ഒരു പ്രാക്കും"
പിന്നീട് ചാകുംമുമ്പ് അമ്മമാർ പിണക്കം തീർത്തെങ്കിലും ഞങ്ങടെ കനം മാറീല്ല.. അവളാ ദേ വിളിക്കണത് എന്തിനോ എന്തോ?!!. 

" നിനക്കെ ഫേസ്ബുക്കൊക്കെ ഉണ്ടല്ല്യോടീ...  ഞാൻ നിനക്ക് ഫ്രണ്ട് റിക്വസ്റ്റ് ഇട്ടിട്ടുണ്ട്... "നിലാവിൽ നനഞ്ഞപെണ്ണെന്നാ" എന്റെ പേര്  കൂട്ടാക്കിക്കോണേ..." ഓളതു പറഞ്ഞിട്ട് പോയി.
"ഓ പിന്നേ... അവളുടെ കൂട്ട് വേണ്ട..." എന്ന് വച്ചെങ്കിലും വീട്ടിലെത്തി ആ നനഞ്ഞപെണ്ണിനെ തപ്പി.. ഞെട്ടിപ്പോയി ന്റമ്മോ എന്തൊരു ലുക്ക് ഫോട്ടോ... ഫോട്ടോഷോപ്പിന് ഇത്രേം കഴിവൊണ്ടോ.. ആപ്പിളുപോലിരിക്കുന്നു അവളുടെ ഫോട്ടോ... പല പോസിൽ.. പോസ്റ്റുകളോ..  എന്തൊക്കെയാ എഴുതി തള്ളിയേക്കുന്ന... ഓൾക്ക് എന്തിനെക്കെയോ പറ്റില്ലാന്ന് പറഞ്ഞ് പണ്ട് കെട്ടിയോൻ വേറെ കെട്ടിപോയി.. ആ അവളാ കാമസൂത്രംവരെ അരച്ചുകലക്കി പോസ്റ്റീരിക്കുന്നത്.. കറുമ്പി ജാനകിത്തള്ള നിലാവിൽ നനഞ്ഞ പെണ്ണാത്രെ... ത്ഫൂ.... എന്നാട്ടാനാണ് ആദ്യം തോന്നിയതെങ്കിലും പെട്ടെന്നുണ്ടായ പ്രേരണയാൽ മൈബൈലിൽ മേലോട്ട് ചുണ്ണാമ്പുതേച്ചു... ഒരോ പോസ്റ്റിനും 1500ൽപരം ലൈക്ക്...!! 1000ൽപരം കമന്റുകൾ.. 99% ശതമാനവും ചുള്ളത്തരം മാറാത്ത ചേട്ടന്മാർ... അന്തിച്ചിരുന്ന രായമ്മയുടെ തലയിലും ആപ്പിൾവീണു... പിന്നെ ഏറെ ഗവേഷണങ്ങൾക്കുശേഷമാണ് അവളും ഫേസ്ബുക്കിന്റെ പെരുമാറ്റിയത്... രാജമ്മാ വേലായുധന്റെ ആത്മാവിലേക്ക് വേദനിക്കുന്ന തുമ്പി പറന്നേറി...
സുക്കറണ്ണൻ ലിമിറ്റ് വച്ചതിനാൽ വേദനിക്കുന്ന തുമ്പിക്ക് ഇപ്പോൾ 5000 ഫ്രണ്ട്സേ ഉള്ളൂ... പോസ്റ്റിട്ടാൽ മിനിമം 4k ലൈക്കും 3k കമന്റും ഉറപ്പ്..

"നോവുന്നുണ്ട് കേട്ടോ...."
ഇനിയെന്തെഴുതണമെന്ന് ഒരുപിടിയും കിട്ടാതെ രാജമ്മ ഏറെനേരം ഇരുന്നു പിന്നെ "നോവുന്നുണ്ട് കേട്ടോ...." എന്നതുമാത്രമായി കുറച്ചുകുത്തുകൾ കൂടിയിട്ടശേഷം പോസ്റ്റ് ചെയ്തു... നിമിഷങ്ങൾക്കകം ലൈക്കുകളും കമന്റുകളും നിറഞ്ഞു...
"പോട്ടെ മോളെ...
"എന്താടാ കുട്ടാ....
"എവിടെയാ എന്റെ പൊന്നിന് വേദന... മുതൽ വേദനിക്കാതിരിക്കാനുള്ള ലൂബ്രിക്കന്റുകളുടെ പേരുകൾ സഹിതം കമന്റുകൾ വന്നുകൊണ്ടിരിക്കെ, രാജമ്മ പതിവു തൈലങ്ങൾ കാൽമുട്ടിലും കഴുത്തിലുമൊക്കെ പുരട്ടി,  BP, SUGAR, COLOSTROL ഇത്യാദി പ്രായാധിക്യരോഗങ്ങൾക്കുള്ള ഗുളികകളും കഴിച്ച് ഫോണിന്റെ നോട്ടിഫിക്കേഷൻ ഓഫ്ചെയ്ത്  ഉറങ്ങാൻ കിടന്നു..
[വേദനിക്കുന്ന തുമ്പിക്ക് പിന്നീട് വന്നകമന്റുകൾ മാന്യവായനക്കാർതന്നെ പൂരിപ്പിക്കുമല്ലോ...]
#വാലറ്റം - ചൊലോർക്ക് പുടിക്കും ചെലോർക്ക് പുടിക്കില്ല ന്നാലും....
#Sree. 1st day of October 2023. ©️ protected. 



Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്