മകൾ അമ്മയെ വരയ്ക്കുമ്പോൾ....



പ്രഭാതത്തിലെ
അലോസരമാണമ്മ..
തലമൂടിയ പുതപ്പകറ്റി
നേരമായെന്നമ്മ പുലമ്പുമ്പോഴാണ്
അവളമ്മയുടെ മുഖംവരയ്ക്കുന്നത്...

ദോശമാവും ചമ്മന്തിപ്പൊടിയുംചേർത്ത്
കോലംവരച്ച മുഖം..
എണ്ണവറ്റിയ മുടിയിഴകളാൽ
വിയർപ്പുചാലിന്
തടയണതീർക്കാനാകാത്ത വരണ്ടുണങ്ങിയ മുഖമാണ്
അവളാദ്യം വരച്ചത്...
നവരസങ്ങളിടറിനിൽക്കുന്ന
ദശമുഖിയെ കണ്ടില്ലവൾ..

മെല്ലിച്ച കൈകളാൽ
പ്രാതൽ വിളമ്പുന്നനേരമാണ്
മകൾ അമ്മയുടെ കൈകൾ വരച്ചത്...
ഞരമ്പുനീലിച്ച കൈത്തണ്ടയും
കടുകുതാളിച്ചുപൊള്ളിയ
കൈപുറവുമവൾക്ക്
അരോചകമായിരുന്നു...
മനംപുരട്ടിയൊഴുകിയ,
കറുത്തചായംകൊണ്ടവൾ
ഇരുകരങ്ങളും ചമച്ചു. 
ഇരുപതുകരങ്ങളുടെ
കരവിരുതറിയാതെ.....

അരയിലല്പമെടുത്തുകുത്തിയ
പഴയസാരിയ്ക്കുതാഴെ
കണങ്കാലിനുപകുതിയും
കടുംപച്ചയാലവൾ വരഞ്ഞു,
അമ്മയുടലിന്റെ താങ്ങുകളിൽ
അമ്മപ്പശുവിന്റെ ചാണകം
മൂക്കുപൊത്തിയവളാ വരകളിൽ..
വേഗമില്ലാത്ത വിരസവര!
ഉരക്കളംതൊട്ടുരക്കളംവരെ
നടന്നുതീർത്തതൊരായുസ്സിൽ
ഉലകംചുറ്റുന്ന ദൂരമായിരുന്നു
മകളറിയാത്ത വേഗത...!


മിഴിവരയ്ക്കുനായില്ലവൾക്കിന്നും
മകളുകണാത്ത തായ്മിഴി,
പഴയമുണ്ടിന്റെ കോന്തല
പതിവായ് കണ്ണിനുമൊരുമറ....!

ഉടലുനീട്ടിയാണ് വരച്ചത്
പലനിറങ്ങളിൽ,
വെറുതെചാലിച്ചെടുത്തനിറങ്ങൾ 
ഇരുളുപോലെ ഒരു പാഴ്നിറം.
അല്പവും നിറംചേർത്തില്ലവൾ
ചെറുസ്പന്ദനമവശേഷിച്ച അമ്മഹൃത്തിനും.

മകളുപെണ്ണായനാൾമുതൽ
പകുതിനിർത്തി, ദാമ്പത്യത്തളിരുകൾ കൂമ്പിവാടിയും,
സഹജവാത്സല്യശിഖരങ്ങൾ
മകളിലേക്കുവളർന്നതും,
മകളുകണ്ടില്ല..
അവളിലെ
മനമഷിക്കൂട്ടിലൊത്തിരി
നിറവുമില്ലത് കോറുവാൻ..
അന്നും വികൃതചിത്രമെന്നോതി
വലിച്ചെറിഞ്ഞവളതുവരെ
വരച്ചുചേർത്തവ,

എങ്കിലും...
നടുമുറ്റത്തുണ്ടാ ചിത്രം
അകംചുവരുകളിൽ,
അടുക്കളച്ചൂടിൽ ഉരക്കളമുറ്റത്ത്, 
അന്തിത്തിരിനടയിൽ...
എവിടെയും തങ്ങിനിൽപ്പുണ്ടാചിത്രം
മകൾവരയ്ക്കാത്ത വർണ്ണങ്ങളിൽ..

Sree  1.09.23




Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്