മിത്തും ശാസ്ത്രവും
#
ഭാഗം -1 മിത്ത്
"കുളികഴിഞ്ഞാൽ ആദ്യം പുറം(മുതുക്).. തുടയ്ക്കണം എന്നിട്ടേ മുഖവും തലയുമൊക്കെ തുടയ്ക്കാവൂ..." മുത്തശ്ശി ഉണ്ണിയെ സ്നേഹപൂർവ്വം ചേർത്തുനിർത്തി പുറംഭാഗവും പിന്നെ തലയും തുവർത്തി, തലയി അല്പം രാസ്നാദിചൂർണ്ണവും തേച്ചു....
"അതെന്താ മുത്തശ്ശ്യ... ആദ്യം മുതുകു തുടയ്ക്കണമെന്ന് പറയുന്നത്.." എന്തിനും മറുചോദ്യമുള്ള ഉണ്ണിയെ മുത്തശ്ശി മടിയിലിരുത്തി പിന്നെ ഒരു പുരാണകഥ (കാലികത്തിൽ "മിത്ത്") പറയാൻ തുടങ്ങി..
:പണ്ട് പണ്ട്... ഐശ്വര്യത്തിന്റെ ദേവതയായ ശ്രീദേവിയും ശകുനങ്ങളുടെ ദേവതയായ മൂധേവിയും തമ്മിൽ മനുഷ്യനിൽ അധിവസിക്കേണ്ട ഇടത്തെപ്പറ്റി തർക്കമായി... സൽസ്വഭാവിയായ ഐശ്വര്യത്തിന്റെ ദേവി തർക്കത്തിൽ തോറ്റുപോകുകയും അതിൻപ്രകാരം മനുഷ്യനിൽ ആദ്യം പ്രവേശിച്ച് അധിവാസമുറപ്പിക്കാനുള്ള അവസരം മൂധേവിക്ക് ലഭ്യമായുംവന്നു. ഇതു മനസ്സിലാക്കിയ നാരദമഹർഷി അവർക്കുമുന്നിൽ പ്രത്യക്ഷപ്പെട്ട് ഒരുപായം അവതരിപ്പിച്ചു. അതനുസരിച്ച് രണ്ടു ദേവതമാരും ഗംഗാനദിയിലെത്തി അവിടെ ആദ്യം പ്രഭാതസ്നാനം കഴിയുന്ന ബ്രാഹ്മണശ്രേഷ്ഠന്റെ ശരീരത്തിൽ പ്രവേശിക്കണം കുളികഴിഞ്ഞ് ബ്രാഹ്മണൻ ആദ്യം തുവർത്തുന്ന ഭാഗം ആദ്യത്തെ ആളിനും രണ്ടാമത് തുവർത്തുന്നിടം യഥാക്രമം രണ്ടാമത്തെ ആളിനും എന്ന സന്ധിയിൽ മൂവരും എത്തിച്ചേരുകയും ചെയ്തു. സ്വാഭാവികമായും മനുഷ്യർ കുളികഴിഞ്ഞ് ആദ്യം മുഖമോ തലയോ ആണ് തുവർത്തുക. അതറിയാവുന്ന മൂധേവി സന്തോഷിച്ചു. മനുഷ്യന്റെ മുഖത്തോ തലയിലോ മൂധേവി അധിവസിച്ചാലുണ്ടാകുന്ന അശുഭങ്ങൾ ബോധ്യമുള്ള നാരദൻ പുലർച്ചെ ഒരു ബ്രാഹ്മണവേഷം പൂണ്ട് ഗംഗാസ്നാനം ചെയ്തു. ഗംഗയുടെ കരയിൽ അരൂപികളായി രണ്ടുദേവിമാരും സന്നിഹിതരായിരുന്നു. കുളികഴിഞ്ഞ ബ്രാഹ്മണനാരദൻ ഗൂഢസ്മിതത്തോടെ തന്റെ ഉത്തരീയം കൊണ്ട് ആദ്യം മുതുകാണ് തുടച്ചത് തുടർന്ന് മുഖവും തുടച്ചു... നിശ്ചയപ്രകാരം മൂധേവിക്ക് മനുഷ്യന്റെ മുതുകിലും ശ്രീദേവിക്ക് മുഖത്തും അധിവസിക്കാനായി... :
"അതിനാലാണ് ആദ്യം മുതുകുതുടയ്ക്കണമെന്ന് പറയുന്നത്... ഉണ്ണിക്ക് മനസ്സിലായോ... ?" മുത്തശ്ശി ഉണ്ണിയോട് ചോദിച്ചു... ഒരു കഥകൂടി കേട്ട സന്തോഷത്തിൽ ഉണ്ണി തലയാട്ടി പുഞ്ചിരിച്ചു...
ഭാഗം -2. ശാസ്ത്രം
" നോക്കൂ നിങ്ങൾക്ക് പ്രതിരോധശേഷി കുറയുകയാണ്. നെഞ്ചിൽ നല്ല കഫക്കെട്ടുണ്ട്. മരുന്നു തുടരൂ... പിന്നെ മറ്റൊരുകാര്യം കുളിക്കുന്നത് കുളിമുറിയിലായാൽ അധികനേരം ഷവറിനു ചുവട്ടിൽ നിക്കരുത്.." ഡോക്ടർ ഉണ്ണി, മധ്യവയസ്കനായ രോഗിയോടും കൂടെവന്ന ബൈസ്റ്റാൻഡറോടുമായി പറഞ്ഞു...
"ഡോക്ടർ ഞാനിപ്പോഴും പുഴയിലാ കുളിക്കുന്നത്.. പുഴ പഴയ ആഴവും പരപ്പുമൊന്നുമില്ലെങ്കിലും എനിക്കവിടെ കുളിച്ചാലേ തൃപ്തിയാകൂ..." രോഗി മുഴുമിക്കുംമുമ്പ് ദിനവും അരമുക്കാൽ മണിക്കൂർ കുളിക്കാനായി പുഴയിലാണെന്ന് കൂടെവന്നയാൾ പറഞ്ഞുനിർത്തി.
" ഇക്കാലത്ത് പുഴയിൽ കുളിക്കാനാകുന്നത് ഒരു ഭാഗ്യമാണ് കുളിച്ചോട്ടെ.. അധികനേരം വേണ്ട.. എന്നാൽ ഒന്നുമറക്കേണ്ട കുളികഴിഞ്ഞാൽ ആദ്യമേ മുതുകു തുടയ്ക്കണം മറക്കരുത്.." ഡോക്ടറുടെ അഭിപ്രായത്തിന് വാതുറന്നിരുന്നവരോട് ഡോക്ടർ ഒരു കഥ പറഞ്ഞില്ല പകരം ശാസ്ത്രം പറഞ്ഞു.
:അതായത് നമ്മൾ ഒരുപാട് സമയം കുളിക്കുമ്പോൾ പ്രത്യേകിച്ച് പുഴയിൽ കുളിക്കുമ്പോൾ നമ്മുടെ ശരീരം നന്നായി തണുക്കുന്നു. എന്നാൽ നമ്മുടെ നട്ടെല്ലിനും സുഷുമ്നയ്ക്കുമൊന്നും അത്ര തണുപ്പുവേണ്ട... അതുകൊണ്ടാണ് കുളികഴിഞ്ഞാലുടൻ ആദ്യം മുതുകുതുടയ്ക്കാൻ പറഞ്ഞത്:.......
അവരെ യാത്രയാക്കിയപ്പോൾ ഡോക്ടർ ഉണ്ണിയുടെ മുത്തശ്ശി അയാളുടെ മനസ്സിലിരുന്നു പുഞ്ചിരിച്ചു, ഉണ്ണിയും. മിത്ത് ശാസ്ത്രത്തെയും ശാസ്ത്രം മിത്തിനെയും അഭിവാദ്യം ചെയ്തപോലെ.
#വാൽ- ചില മിത്തുകളിലും വിശ്വാസങ്ങളിലും ശാസ്ത്രമുണ്ട്. എന്നാൽ എല്ലാത്തിലും ശാസ്ത്രമുണ്ട് എന്നല്ല. പഴമക്കാർ എന്തും ദൈവവഴിക്കേ അനുസരിക്കൂ എന്നതുകൊണ്ടാകാം ആയൂര്‍വേദം വിധിക്കുന്ന "നട്ടെല്ലിനെ തണുപ്പിൽനിന്ന് രക്ഷിക്കേണ്ട" ആവശ്യത്തിന് മിത്തിനെ കൂട്ടുപിടിച്ചത്.
Sree.
Comments