ഒരു നാടൻപാട്ട്

       

മുക്കുറ്റി പൂത്തതു കണ്ടുവോടി 
ഓണമുറ്റം ചുവന്നതും കണ്ടുവോടീ..
മൂവന്തിപ്പെണ്ണിന്റെ പ്രായം തികഞ്ഞിട്ട്
ചന്തം വരുത്തിയൊതുക്കിയപോൽ..
വാനം കുങ്കുമം വാരിക്കളിച്ചപോലെ,

ചെമ്മാനത്തെങ്ങാനും കണ്ടുവോടിയന്തി-
ച്ചന്തയ്ക്കു പോകുന്ന പൊൻപരുന്ത്
രാകിപ്പറന്നിട്ട് തൂവലനങ്ങാതെ,
വള്ളിയടർന്ന കിനാവുപോലെ.
കാട് പുള്ളിപ്പുലികളി കാണുംപോലെ. 

പൊൻതിരപൊങ്ങണ കണ്ടുവോടീ
കായലമ്പാടും തുള്ളണ കണ്ടുവോടീ..
ഓളപ്പരപ്പിലൊരായിരം
ചുണ്ടന്മാരായത്തിൽ
പായണ കണ്ടുവോടീ....
വഞ്ചിപ്പാട്ടിന്റെയീണവും കേട്ടുവോടീ...

കുങ്കുമചോപ്പുള്ള പെണ്ണിനെക്കണ്ടാടി
ചന്തം തുടിക്കണ മോറു കണ്ടാ..
ഓണക്കളിക്കാളുകൂടുന്നനേരത്ത് 
നാണിച്ചു നിക്കണ കാഴ്ചകണ്ടോ...
കാലു മണ്ണിൽവരയ്ക്കണ ചേലുകണ്ടാ...

മാറുമറച്ചൊരു പെണ്ണിനെ കണ്ടോടീ
ചേറു പുരണ്ട കവിളുകണ്ടാ..
കാരിരുൾ തോല്ക്കും നിറമാണതെങ്കിലും
പൂവുപോൽ ചേലുള്ള ചങ്കവൾക്ക്..
അത്ത പൂക്കളംപോലൊരു
മോറവൾക്ക്...

ചന്തം വരുത്താത്ത പെണ്ണിനെകണ്ടവ-
രന്തിച്ചു ചിന്തിച്ചു ചൊല്ലിപോലും
പെണ്ണിവൾ സുന്ദരി മെയ്യാലയല്ലേലു-
മുളളാലെ പെണ്ണിവളാണ് പെണ്ണ്..
മനം നെയ്യാമ്പലൊത്തൊരു
പെണ്ണിവള്...


ചിന്തിച്ചു നിക്കാതെ പൂക്കളംതീർക്കണം
വായ്ക്കുരവയ്ക്കാറുപെണ്ണുവേണം
മോഹിച്ച മാവേലിയെത്തുന്ന നേരത്ത്
ഓമനപ്പെണ്ണിന്റെ പാട്ടുവേണം 
നല്ലതാളത്തിൽ കൈകൊട്ടിപാടിടേണം
               ശ്രീ..

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്