മേരിക്കുണ്ടൊരുകുഞ്ഞാട്

 " ഞാൻ ചത്താപ്പോലും ഈ "മനേല്" നീ കാലെടുത്തുകുത്തരുത്..." മേരിയുടെ ആക്രോശംകേട്ട് ക്ലാര മറുപടിയ്ക്ക് അരനിമിഷം പതറിയെങ്കിലും മേരിയുടെ  നാലുകാൽ ഓലപ്പുര ഒന്നു പുളകിതയായി... പലപ്പോഴും "നശിച്ച കൂര" എന്നുമാത്രം പുലമ്പിയിരുന്ന ആളാണ് ഇപ്പോൾ തന്നെ 'മന' എന്നു വിശേഷിപ്പിക്കുന്നത്...!!
"ഓ നിന്റെ "കൊട്ടാര"ത്തിലല്ലേലും ആരുവരണെടീ കൂറേ... എന്റെ പട്ടിവരും.." ക്ലാരയുടെ മറുപടികേട്ട് കൂരയ്ക്ക് വീണ്ടും രോമാഞ്ചമുണ്ടായി ക്ലാര തന്നെയിതാ കൊട്ടാരമെന്ന് വിശേഷിപ്പിക്കുന്നു... കുടിൽ വിശ്വാസംവരാതെ പിന്നാമ്പുറത്ത് തന്റെ  ഓലമറചേർന്ന് മണ്ണുമാന്തിശയിക്കുന്ന ക്ലാരയുടെ നായ ചിമ്പുവിനെ നോക്കി... അവനാകട്ടെ "കഥയെന്തുകണ്ടു.." എന്നമട്ടിൽ കണ്ണുചിമ്മി. 

വിഷയം കുഞ്ഞാടാണ്.. മേരിയുടെ കുഞ്ഞാട്.. ഓർമ്മയില്ലേ "മേരിക്കുണ്ടൊരു കുഞ്ഞാട്... 
മേനിവെളുത്തൊരുകുഞ്ഞാട്.... "
കഥയിലെ മേരിയുടെ കുഞ്ഞാട് വളർന്നു... ഇമ്മിണി ബല്യ ഒരാടായെങ്കിലും മേരിക്കും നാട്ടാർക്കും അതു മേരിയുടെ കുഞ്ഞാടാണ്. കുഞ്ഞാടേന്ന് നീട്ടിവിളിച്ചാൽ കുഞ്ഞാടല്ലാതിരുന്നിട്ടും അതു വായിലെ പ്ലാവില തുപ്പിക്കളഞ്ഞിട്ട് ബ്ബേ.... എന്ന് വിളികേൾക്കും. കുഞ്ഞാടിനൊപ്പം മേരിയും വളർന്നുവെങ്കിലും പ്രകൃതിയുടെ 'ജീലജാലവർഗ്ഗവിവേചനം' കാരണം മേരി അമ്മയായപ്പോഴേക്കും കുഞ്ഞാട് മുതുമുത്തശ്ശിയായി.. മേരിക്ക് സ്റ്റീഫനും അനിതയും മക്കളായപ്പോൾ കുഞ്ഞാടിന് പത്തുപതിനഞ്ചു മക്കളും പത്തുനാല്പതു ചെറുമക്കളുമായി.. ആദ്യമൊക്കെ മേരി കുഞ്ഞാടിന്റെ മക്കൾക്ക് റോസ്, ചാൽസ്, വിൽസ്... എന്നിങ്ങനെ പേരുനൽകിയെങ്കിലും പിന്നീടതു മതിയാക്കി. കാരണം പേരുവിളിച്ച് ദിവസങ്ങൾ കഴിയുന്നതിനുമുമ്പ് തന്നെ കുഞ്ഞാടിന്റെ മക്കൾ അങ്ങാടിപ്പുറം കവലവഴി പ്രവാസികളായിമാറുകയായിരുന്നു. എന്നാലും കുഞ്ഞാടിനെ ഉപേക്ഷിക്കാൻമാത്രം മേരി തയ്യാറായില്ല.  മേരിയുടെ കൈപിടിച്ചവനെക്കൊണ്ടും വിവാഹദിനം മേടയിൽപള്ളിയിൽ ജോസഫച്ചന്റെ മുന്നിൽവച്ച് അവൾ സത്യംചെയ്യിച്ചു കുഞ്ഞാടിനെക്കൂടി സംരക്ഷിച്ചേളാമെന്ന്. നാളിതുവരെ പല പൊല്ലാപ്പുകളുമുണ്ടായെങ്കിലും ജോസ് വാക്കുപാലിച്ചു. 
കുഞ്ഞാടിനെ മേരി കെട്ടിയിടാറില്ല... എന്നാൽ കുഞ്ഞാട് നല്ലവളാണ് ആരുടെമുതലും മണത്തുനോക്കുപോലുമില്ല, എന്നാൽ സ്വന്തംപറമ്പിൽ ഒരുതാളും തകരയും മുളയ്ക്കാനൊട്ട് വിടുകയുമില്ല. അതിലൊട്ട് മേരിക്കും കുടുംബത്തിനും പരിഭവവുമില്ല.. നല്ലൊന്നാന്തരം കർഷകനായ ജോസ്സിന്റെ കൃഷിമുഴുവൻ പള്ളിവക ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്താണ് ഒരു അലിഖിത പാട്ടവ്യവസ്ഥ. മേരി പള്ളിയിൽ പ്രാർത്ഥന കഴിയുന്നതുവരെ മുറ്റത്തുനിൽക്കുന്ന കുഞ്ഞാട് മുള്ളുവേലിക്കകത്തെ ജോസിന്റെ പയറും പടവലവും മത്തനുമൊക്കെകണ്ടു അയവിറക്കും, എന്നാൽ മുള്ളുവേലിചാടുന്നപോയിട്ട് പള്ളിമുറ്റത്തുനിൽക്കുന്ന ഒരു ചെടിപോലും കുഞ്ഞാട് തൊടാറില്ല അത്ര ശുദ്ധനിഷ്കു. 

"അവളമ്മേടെ വയറ്റിക്കിടന്നതാ ആ നാശം.. അവടപ്പൻ വല്ല മുട്ടനാടുമാവും നാശം... ഇനിയിങ്ങുവരട്ടെ മേത്ത് കാച്ചിയവെള്ളമൊഴിക്കും നോക്കിക്കോ...." ക്ലാര തന്റെ ദേഷ്യം തീരാതെ അമറുകയാണ്.. 
"ആണെടീ... എന്റെ കൂടെപ്പിറപ്പാ കുഞ്ഞാട്... ഒരുത്തനുണ്ടാരുന്നു കൂടപ്പിടപ്പ്, മനുഷ്യനായിട്ട്.. അവൻ നിന്നെക്കെട്ടിക്കേറ്റിയശേഷമാ പോത്തായത് തനിപോത്ത്..." ക്ലാരയുടെ കെട്ടിയോൻ, മേരിയുടെ സഹോദരനായ  എൽദോയെക്കുറിച്ചായിരുന്ന ആ സംബോധന.  ക്ലാരയെ കെട്ടിയശേഷം 'എൽദോയ്ക്ക്' സഹോദരിയോട് സ്നേഹം കുറഞ്ഞുപോയതിനെപ്പറ്റി എല്ലാവഴക്കിനും മേരി പറയാറുണ്ട് എന്നത് മേരിയുടെ കുടിലിനുപോലുമറിയാം... കുടിൽ വീണ്ടും ചാരത്തുകിടക്കുന്ന ചിമ്പുനായയെനോക്കി.. എന്നാൽ ഒരമ്മയ്ക്ക് "മനുഷ്യക്കുട്ടിയും ആട്ടിൻകുട്ടിയും ഒരുപക്ഷെ പട്ടിക്കുട്ടിപോലും " ഒന്നിച്ചുജനിക്കുന്ന മേരി പറഞ്ഞ അത്ഭുത 'കിണാശ്ശേരി' സ്വപ്നം കാണുകയായിരുന്നവൻ...

കുറച്ചുദിനമേ ആയുള്ളൂ ക്ലാരയും എൽദോയും ഭാഗപത്രം ചെയ്തിട്ട്... അപ്പനുമമ്മയും സൂക്ഷിച്ച നാല്പതുസെന്റിൽ ഇരുവരുടെയും കൂരകളിരുന്ന ഭാഗം അവരവർക്ക് വരുന്നവീതം വസ്തു രണ്ടായി ഭാഗംതിരിച്ചു.. പുലർച്ചെ പത്രവിതരണവും തുടർന്ന് "മാതാ ടെയ്ലറിംഗ് സെൻററും" നടത്തുന്ന എൽദോയ്ക്ക് കൃഷിയിലൊന്നും കമ്പമില്ലെങ്കിലും ക്ലാര അങ്ങനല്ല. അവളൊരു ചെറിയ അടുക്കളത്തോട്ടത്തിന്റെ ഭഗീരഥപ്രയത്നത്തിലാണ്. വള്ളിപ്പയറുകൾ, കുത്തിവച്ച കൊന്നക്കമ്പിൽ അള്ളിപ്പിടിച്ചുതുടങ്ങിയതേയുള്ളൂ... പടവലത്തിനും പന്തലിട്ടു.. ചീരയും കത്തിരിയും മുളച്ചവന്നതാ... അതിനെടേലാ നാശംപിടിച്ച കുഞ്ഞാട് സകലതും തിന്നുതീർത്തത്. കണ്ടവന്റെ മുതലുതിന്നാത്ത കുഞ്ഞാട് സത്യമാർഗ്ഗം ഉപേക്ഷിച്ചതല്ല. വസ്തു ഭാഗപത്രഉടമ്പടിചെയ്തവിവരം ആടറിഞ്ഞില്ല.. ആരും അതിനോട് പറഞ്ഞതുമില്ല.
 കുഞ്ഞാടിന്റെ വിഹാരമേഖല നാല്പതുസെന്റിൽനിന്ന് ഇരുപതു സെന്റായത് പാവം അറിഞ്ഞില്ല.. തഴച്ചുവളർന്നതെല്ലാം തിന്നുകൊണ്ടിരിക്കുമ്പോഴാ.. മുതുകിന് ക്ലാര വക അടി..! അതും ജീവിതത്തിലാദ്യമായി..! പിന്നെയൊന്നും നോക്കിയില്ല ഒന്നു പിന്നോട്ടാഞ്ഞു പുലി പതുങ്ങിയത് പിന്തിരിഞ്ഞോടാനല്ലായിരുന്നു..  ക്ലാരയുടെ പൃഷ്ടം മണ്ടകൊണ്ട് ഇടിച്ചുചതച്ചു.. ഒറ്റയിടിക്ക് "ന്റമ്മച്ച്യേ...."ന്നുള്ള കാറൽകേട്ട കുഞ്ഞാട് പേടിച്ച് മേരിയുടെ കൂരയേറി...  അല്പം മുമ്പുതുടങ്ങിയവഴക്കിനാധാരമായ ആ ഇടി, ക്ലാരയിൽ വേദനകാരണം നെലവിളിയായി മാറിക്കഴിഞ്ഞിരുന്നു. വഴക്കിൽ ജയിച്ചോ തോറ്റോ എന്ന് നിശ്ചയമില്ലാതിരുന്ന മേരി, അകത്തിരുന്ന മുറിവെണ്ണയുമായി  ക്ലാരയുടെ കൂരയിലെത്തി..  ഇപ്പോൾ ഇതിട്ടുതരാം.. വൈകീട്ട് ഇച്ചിരി ചൂടുപിടിപ്പിച്ചുതരാം എന്നിട്ട് രാത്രി ഇതുതേച്ച് കെടന്നാമതി... എന്നുപറഞ്ഞ് ക്ലാരയെ പായയിൽ കമഴ്ത്തിക്കിടത്തി തൈലംതേച്ചുപിടിപ്പിച്ചു..

 "മരച്ചീനികമ്പുവച്ച് ഒന്ന് വളച്ച്കെട്ടീറ്റ് നെനക്ക് അതൊക്കെ നട്ടാപ്പോരാരുന്നോ" ...   പോരാൻനേരം കുറ്റപ്പെടുത്തുന്നപോലെ മേരിപറഞ്ഞു. തിരിഞ്ഞുനോക്കിയ ക്ലാര കണ്ടത് വാതിലിനുപുറത്ത് തന്റെ തൈലംതേച്ചഭാഗം നോക്കിനിൽക്കുന്ന കുഞ്ഞാടിനെയാണ്... ദേഷ്യമിരട്ടിച്ചവൾ കൂവിവിളിച്ചു... 
"കൊണ്ടുപോ ആ നാശത്തിനെ ചത്തുതൊലയട്ട്... ചാവുമ്പം അയ്നെക്കൊണ്ടുപോയി പള്ളിസെമിത്തേരില് അടക്ക്  വിശുദ്ധ ആട്...ത്ഫൂ..." 
കുഞ്ഞാട് മേരിയുടെ പുറകെപോന്നു  വീട്ടിലേക്ക് നടന്ന മേരിപ്പെണ്ണിന് മറ്റൊരങ്കലാപ്പുണ്ടാക്കി, ക്ലാരയുടെ വാക്കുകൾ....
"തന്റെ കുഞ്ഞാട് ചാവുമ്പോൾ എന്തുചെയ്യും..? പള്ളിപ്പറമ്പിൽ ഇടംതരുമോ... ?
... ആ ചിന്ത മേരിയുടെ നെഞ്ചിലൊരു ധർമ്മസങ്കടം തീർത്തു.. ഏതായാലും അച്ചനോടു ചോദിക്കാം.. കരക്കാര് സമ്മതിക്കുമോ... ഓ ഇല്ലേൽ എന്നേം പള്ളീലടക്കണ്ട... കുഞ്ഞാടിനും എനിക്കും ഒരുമിച്ചൊരു കല്ലറ... ജോസുവരട്ടെ പറഞ്ഞുനോക്കാം.. പുതിയൊരു കീറാമുട്ടിവിഷയവുമായി മേരിയും കൂടെ കുഞ്ഞാടും സ്വന്തം കുടിലിലേക്ക് കയറി... അന്നത്തെ വഴക്കിൽ സ്വന്തം സ്ഥാനം കുടിലിൽനിന്ന് കൊട്ടാരത്തിലേക്ക് പ്രമോട്ട് ചെയ്യപ്പെട്ട ആ നാലുകാലോലപ്പുര അവർക്കായി മറവാതിൽ തുറന്നുതന്നെ വച്ചിരുന്നു.


Sree. 09062023

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്