Posts

Showing posts from June, 2023

സംഘഗാനം

_വിത്തും കൈകോട്ടും_ കൊയ്ത്തുകഴിഞ്ഞൊരു പാടത്ത് ആറ്റക്കിളികൾ പാറുന്നു.. ഞാറ്റടി നടുവാൻ നേരത്താ ഞാറപ്പക്ഷി ചിലയ്ക്കുന്നു..... "വിത്തും കൈകോട്ടും... വിത്തും കൈകോട്ടും.."       (കൊയ്ത്തുകഴിഞ്ഞൊരു..... വിത്തുവിതയ്ക്കാനച്ഛൻ കരുതിയ വിത്തുകളെല്ലാം വിറ്റുണ്ടു ..  പട്ടിണിമൂത്തൊരു പത്തായപ്പുര, പുത്തൻനെല്ലു കിനാക്കണ്ടു..  "പാടത്തെന്തുണ്ട് മുണ്ടകനെവിടുണ്ട്..."          (കൊയ്ത്തുകഴിഞ്ഞൊരു..... കൈകുഴയൊട്ടിയ കൈകോട്ടവിടെ ചേറിൽപുതയാൻ കനവുണ്ടൂ മുണ്ടകവിത്തിനു പാടമൊരുക്കാൻ ഇടവംമാറാൻ കൊതിപൂണ്ടു... "കർക്കിടമഴയുണ്ടേ ഇനി മടവയടയ്ക്കണ്ടേ.."         (കൊയ്ത്തുകഴിഞ്ഞൊരു..... കാണംവിറ്റുമൊരോണംകൂടിയ,  കഥയറിയാത്തവരെന്തറിയാൻ പാടംവറ്റിയകഥയറിതൊരു മേടവിഷുക്കിളി പാടുന്നു... "വിത്തും കൈകോട്ടും... വിത്തും കൈകോട്ടും.."        (കൊയ്ത്തുകഴിഞ്ഞൊരു.....

കൃഷ്ണഭക്തിഗാനം

പൂവായെനിക്കൊരു പുനർജന്മമെങ്കിലോ തുളസിതൻ കതിരാകണം നറുമഞ്ഞണിഞ്ഞൊരു പൊൻപ്രഭാതത്തിലാ തിരുമാറിലഭയമാകേണം ഒരുഗോപിക ക്കുളിരായിടേണം... അതിവേഗമോടുമൊരശ്വജന്മം വേണ്ട അതിലോലമാം മയിലായിടേണ്ട.... മൃദുകൂജനക്കുയിൽ സ്വരവുമുതിർക്കേണ്ട, ഒരുപൈക്കിടാ ജന്മമാകേണം നിന്റെ നറുപാദമെന്നും നുകരേണം... ഹരിനാമകീർത്തനം നിത്യംമുഴങ്ങുന്ന ഗുരുവായൂർനടയിലെ തരുവാകണം കണിനാളുനോക്കാതെ നിത്യം പൊഴിക്കണം കടുപീതവർണ്ണത്തിൽ നറുപൂവുകൾ.. ഒരുജന്മമിനിയും ബാക്കിയെങ്കിൽ.... 11.07.22 @sree.
നിറയെ യാത്രക്കാരുള്ള ബസ്റ്റോപ്പാണിവിടം.. ചിലർക്ക് വേഗം ബസ്സ് കിട്ടി സ്ഥലമൊഴിയുന്നു... ഓരോ യാത്രക്കാരനുമുള്ള ബസ്സ് അയാളെയുംകൊണ്ട് പോകുമ്പോൾ അവശേഷിക്കുന്നവർ പ്രത്യാശയോടെ ആ യാത്രാവഴിയിലേക്ക്  കണ്ണുകൾ പായിക്കുന്നു നെടുവീർപ്പുകളോടെ.. യാത്രപോയവനൊരിക്കലും പിൻനോട്ടമെറിയാറില്ല കാത്തുനിൽക്കുന്നവന് കണ്ണുകഴയ്ക്കുന്നത് മിച്ചം തനിക്കായുള്ള വണ്ടി വന്നണയുംവരെ സഹയാത്രാകാംക്ഷികളുമായാണ്  ബന്ധങ്ങൾ(ബന്ധനങ്ങൾ) പോയവരുടെവിശേഷം പങ്കുവയ്ക്കലാണ് മുഖ്യം പോകേണ്ടവനാരാദ്യ- മെന്നറിവില്ലാത്തവർ വരേണ്ടവരാദ്യമാരെന്നും. വരുംവണ്ടിയാരുടേതെന്നും നിശ്ചയമില്ലാത്തവർ പോയവന്റെ ചർച്ചമാത്രം കേമം

മേരിക്കുണ്ടൊരുകുഞ്ഞാട്

Image
 " ഞാൻ ചത്താപ്പോലും ഈ "മനേല്" നീ കാലെടുത്തുകുത്തരുത്..." മേരിയുടെ ആക്രോശംകേട്ട് ക്ലാര മറുപടിയ്ക്ക് അരനിമിഷം പതറിയെങ്കിലും മേരിയുടെ  നാലുകാൽ ഓലപ്പുര ഒന്നു പുളകിതയായി... പലപ്പോഴും "നശിച്ച കൂര" എന്നുമാത്രം പുലമ്പിയിരുന്ന ആളാണ് ഇപ്പോൾ തന്നെ 'മന' എന്നു വിശേഷിപ്പിക്കുന്നത്...!! "ഓ നിന്റെ "കൊട്ടാര"ത്തിലല്ലേലും ആരുവരണെടീ കൂറേ... എന്റെ പട്ടിവരും.." ക്ലാരയുടെ മറുപടികേട്ട് കൂരയ്ക്ക് വീണ്ടും രോമാഞ്ചമുണ്ടായി ക്ലാര തന്നെയിതാ കൊട്ടാരമെന്ന് വിശേഷിപ്പിക്കുന്നു... കുടിൽ വിശ്വാസംവരാതെ പിന്നാമ്പുറത്ത് തന്റെ  ഓലമറചേർന്ന് മണ്ണുമാന്തിശയിക്കുന്ന ക്ലാരയുടെ നായ ചിമ്പുവിനെ നോക്കി... അവനാകട്ടെ "കഥയെന്തുകണ്ടു.." എന്നമട്ടിൽ കണ്ണുചിമ്മി.  വിഷയം കുഞ്ഞാടാണ്.. മേരിയുടെ കുഞ്ഞാട്.. ഓർമ്മയില്ലേ "മേരിക്കുണ്ടൊരു കുഞ്ഞാട്...  മേനിവെളുത്തൊരുകുഞ്ഞാട്.... " കഥയിലെ മേരിയുടെ കുഞ്ഞാട് വളർന്നു... ഇമ്മിണി ബല്യ ഒരാടായെങ്കിലും മേരിക്കും നാട്ടാർക്കും അതു മേരിയുടെ കുഞ്ഞാടാണ്. കുഞ്ഞാടേന്ന് നീട്ടിവിളിച്ചാൽ കുഞ്ഞാടല്ലാതിരുന്നിട്ടും അതു വായിലെ പ്ലാവില തുപ്പിക്കളഞ്