#അഞ്ചു_താക്കോലുകൾ
അഞ്ചു താക്കോലുകൾ
ഭദ്രമാണയാളിലവ..
ആദ്യത്തേത്
അല്പം വലുതാണത്
ചെമ്പുനിറം പൂണ്ടത്..
നീണ്ട താക്കോലിനറ്റം
ദീർഘവൃത്തം,
മുന്നക്ക നമ്പർപതിച്ചത്
തീർച്ചയായും
അതൊരു വീടിന്റെ
മുൻവാതിലിനുള്ളത്...
അയാളുടെ സ്നേഹവീടിന്റെ
താക്കോൽ...!!
ഒന്നൊരിരുമ്പ് ചാവി..
പരുക്കനാണത്
തുരുമ്പുതുടച്ചെടുത്തത്..
പകലുതീരുന്നനേരം,
ഗേറ്റടച്ചുപൂട്ടുമ്പോളത്
കിരുകിരെ ഒച്ചയുണ്ടാക്കുന്നു...!!
മറ്റൊരെണ്ണം സ്റ്റീൽ നിറംപൂണ്ടത്
അഗ്രഭാഗം കറുത്ത ഉദരംവീർത്ത്,
ഞെക്കുബട്ടണുകളുള്ളത്...
അതയാളുടെ പ്രിയവാഹനത്തിന്റേതാണ്
സത്യം....!!
ഇനിയൊരുവൻ
നീണ്ടവിരൽപോലെ
കൊത്തുപണികളാലലംകൃതം
അതയാളുടെ അലമാരയെ
ഭദ്രമാക്കിവയ്ക്കുന്നു...
കൂട്ടത്തിൽ കുറുകിയോൻ..
സ്വർണ്ണവർണ്ണൻ
ഇടയിലിടുങ്ങിയെന്നും
ശ്വാസംമുട്ടുന്നവനെങ്കിലും
അവനയാളുടെ അരുമ..
ആമാടപ്പെട്ടിയുടെ
സൂത്രചാവിയവൻ....
അഞ്ചു താക്കോലുകൾ
ഇരുമ്പുചുറ്റുവളയത്തിൽ
ഗുരുവായൂരപ്പന്റെ ലോക്കറ്റുമായി
അയാളുടെ
സ്വപ്നക്കൊളുത്തിലാണവ...!
തിണ്ണയുറക്കം വിട്ടുണരുമ്പോൾ
ചാവാലിനായ്ക്കളവ
കട്ടെടുത്തുപോകാതിരിക്കാൻ
ഹൃദയഭിത്തിയിലാണയാളവ
തൂക്കിയിടുന്നത് നിത്യം.
Sree. 21.05.23
Comments