40 നമ്പർ മഴ

"ച്ഛാ.... ഈ മഴയൊന്ന് നനഞ്ഞോട്ടെ ഞാനും..? " കുഞ്ഞിചെക്കന്റെ കൊഞ്ചൽ കേട്ടാണ്. മുഖമുയർത്തിനോക്കിയത്... ചിക്കുപായ മടക്കി ഉണങ്ങാനിട്ട പുന്നെല്ല് കൂട്ടിവാരുകയാണ്. ഇതൊന്ന് തളത്തിലാക്കിയിട്ടുവേണം ചിക്കിയിട്ട വയ്ക്കോൽ കൂട്ടാൻ... നൂൽമഴയാണ്.. അധികം നനയില്ല എന്നാലും പുന്നെല്ലിന് നനവ് കേടാണ്. വൈയ്ക്കോലിന് സാരമില്ല. നാളെ വെയിലുവരുമ്പോൾ വീണ്ടും ചിക്കിയിടാം. കൂട്ടിവച്ചത് കോലുകൊണ്ട് കുത്തിമറിക്കുമ്പോൾ ആവിയെഞ്ചിനിൽ നിന്നെന്നപോലെ ചൂടുയരും. പകുതിവെന്തപോലാകും വയ്ക്കോൽ. സാരമില്ല. ഈയാണ്ടിന് പശുവിനും കിടാവിനും തിന്നുതീർക്കാനുള്ളതേ വരൂ. നെല്ല് അങ്ങനല്ലല്ലോ.. അടുത്താണ്ടിനപ്പുറം വിത്തുകൂടിയാണ്.. കിരുകിരെ ശബ്ദിക്കുന്ന ഉണക്കുവേണം. പിന്നെ വൃത്തിയാക്കി ചൂടാറ്റി പത്തായത്തിൽ നിറയ്ക്കണം...
" ച്ഛാ.... ഞാനും വരട്ടെ മഴയത്ത്...? " ആറുവയസ്സുകാരന്റെ കൊഞ്ചൽ വീണ്ടും.. "നീയെറങ്ങടാ കുട്ടാ..."
മറുപടി തീരുംമുമ്പ് അവനും മുറ്റത്തേയ്ക്ക്.. 
"ഈ ചെക്കനിതെന്നാ കേടാ... ങ്ങള് കണ്ടില്ലേയിദ്...? വേനൽമഴയാ.. പുതുമഴ.. പനിപിടിക്കാൻ ഇനിയെന്താ വേണ്ടത്..." പറമ്പിൽനിന്ന് കന്നിനെയഴിച്ച് വിട്ട് അവളും മുറ്റത്തേയ്ക്ക് വന്നത് പകുതിചോദ്യം കുഞ്ഞിനോടും പകുതി അയോളോടും ചോദിച്ചുകൊണ്ടായിരുന്നു. അവൾക്കുമുമ്പേ, അവളഴിച്ചുവിട്ട കന്നുകുട്ടി മുറ്റത്തെ ചെമ്പരത്തിയിതളും കടിച്ചുപറിച്ച് തൊഴുത്തേറി...  
അവളുടെ കണ്ണുരുട്ടൽകണ്ടാകും മകനൊന്ന് പകച്ചുനിന്നു.. 
" ഒന്നുമുണ്ടാകില്ലെടീ.. ഇതവന് തോളുനനയാനേ വരൂ.. നാല്പതാം* നമ്പർ മഴയാ നൂൽമഴ...അവൻ കളിച്ചോട്ടെ നീയീ പായയൊന്ന് പിടിച്ചേ".. 
മറുപടികേട്ടവൻ വർദ്ധിച്ച ഉത്സാഹത്തോടെ മഴയോടൊത്തൊരു കളി പുനരാരംഭിച്ചു.. എവിടെനിന്നോ പാഞ്ഞുവന്ന വളർത്തുനായ ചിന്നൻ അവനു തുണയായി മുറ്റത്തുതന്നെ നിലയുറപ്പിച്ചു.. മഴ നനയാൻ മടിയായതിനാലാവും മടിച്ചിക്കോത കിങ്ങിണിപ്പൂച്ച, ഉമ്മറത്തിണ്ണയിലിരുന്ന് ആ കളി ആസ്വദിച്ചു... 
"പിള്ളദ്ദീനം വന്ന് കെടന്നാലേ സ്വൈരം തരില്ല.. നിങ്ങടയല്ലേ സാധനം.. " അവൾ പിറുപിറുത്തതുകേട്ടാണ് അമ്മ ഉമ്മറമണഞ്ഞത്...
"ആഹാ നൂൽമഴയാണല്ലോ.. മോനൂട്ടാ.. കളിയൊക്കെ കൊള്ളാം വൈകീട്ട് അമ്മമ്മ നല്ലൊരു കാപ്പിതരും കുടിച്ചേക്കണം കേട്ടോ.. ഇല്ലാച്ചാൽ ദീനം ഉറപ്പാ..., വേനൽമഴ കനത്തില്ലേൽ ഉഷ്ണം കൂടീട്ട് കിടക്കാനാകില്ല.. ന്നാലും മാമ്പൂക്കളൊക്കെ ഒന്ന് കായ പിടിച്ചിട്ട് പെയ്താമതി ഇല്ലാച്ചാൽ ഈയാണ്ട് മാങ്ങയുണ്ടാവില്ല, പുരികകൊടിമേൽ കൈമറച്ച് ആകാശം നോക്കി അതുപറഞ്ഞ് അമ്മമ്മയും കുട്ടിക്കളികാണാൻ ഉമ്മറത്തിണ്ണകൂടി. 
വയ്ക്കോൽ ചിക്കികൂട്ടുമ്പോൾ പറന്നുയരുന്ന ചെറുപ്രാണികളെ പിടിക്കാൻ കിങ്ങിണിപ്പൂച്ചയും കൂടി. പുതുമഴയിൽ നനഞ്ഞ വയ്ക്കോൽ ഗന്ധമറിഞ്ഞിട്ടാകും തൊഴുത്തിലെ അമ്മപ്പശു ശബ്ദമുണ്ടാക്കി സാനിധ്യമറിയിച്ചു.. അപ്പോഴേക്കും നാല്പതാംനമ്പർ മഴ, കുഞ്ഞിച്ചെക്കന്റെ മുടിയിഴകളിലും തോളിലും ചുറ്റിയിണങ്ങിയൊഴുകാൻ തുടങ്ങിയിരുന്നു. 
......Some memories are not stories and poems. But even when the thread of memory breaks, it has a fragrance.🙏🙏🙏
(*നെയ്ത്തിനു ഉപയോഗിക്കുന്ന നേർത്ത നൂലാണ് നാല്പതാം നമ്പർ നൂല്, അതുപോലെ നേർത്ത് നൂലുപോലെ പൊഴിയുന്ന മഴയെയാണ് നാല്പതാം നമ്പർ മഴ എന്ന് വിശേഷിപ്പിക്കുന്നത്)


Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്