പിൻനടത്തം

കടലാഗ്രഹിക്കുമ്പോൾ  
കാറ്റുപിടിക്കുന്നില്ല... 
ജലമാഗ്രഹിക്കുമ്പോൾ 
തിരമാലയാകുന്നുമില്ല...*
എങ്കിൽ, മനസ്സാഗ്രഹിക്കുമ്പോൾ 
ഈ തിരമാലജീവിതം
കൈവിടാമായിരുന്നു...

തിരികെയൊഴുകി
പുഴക്കുളിരിലൂടെ
മാനത്തുകണ്ണികളെത്തഴുകി
ഇണയരയന്നങ്ങൾക്ക് കുളിരേകി.. 
പിന്നിലേക്ക്,

പൈക്കുരുന്നുകളുമായി കേളിയാടി
അരുവികളിലെ സ്ഥലപരിമിതികളിലിഴുകി
കൈതോടുകളിൽ ആർത്തുചിരിച്ച്
നീർച്ചാലുകളിൽ തുള്ളിക്കുതിച്ച്
പിന്നിലേയ്ക്ക്.... 

പിന്നെയും പിന്നിലേയ്ക്ക്
മലമടക്കിന്റെ ഗർഭഗൃഹത്തിലേക്ക്
പാഞ്ഞോടാനായെങ്കിൽ....
ആ മടിത്തട്ടിലെങ്ങാൻ
അഭയംതേടാനായെങ്കിൽ
വീണ്ടുമങ്കുരിക്കാതെ
നിത്യസമാധിയായെങ്കിൽ..

എങ്കിൽ,..
തിരകളെന്ന അഹങ്കാരത്തിന്റെ
മേലങ്കിതുന്നിയ
കൊടുംതടവുകളെ മുഴുവനും
കറിയുപ്പാക്കിയുരുക്കുംവരെ
കാത്തിരിക്കേണ്ടതില്ലായിരുന്നു...
#sreekumarsree.. 20.3.20


(*തിരമാലകള്‍ കടലിന്റെ ആവശൃമല്ല  കാറ്റിന്റെ ആശയാണ്.... 
ഒഴുക്ക് ജലത്തിന്റെ ആഗ്രഹമല്ല
നിമ്നോന്നതകളുടെ അഹങ്കാരമാണ് - ഖലീല്‍ ജിബ്രാൻ‍)

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്