മരുഭൂമിയിലെ ഒറ്റമരം


മരംനട്ടുപിടിപ്പിച്ചാൽ ചൂടുകുറയുമെന്ന് തോമ്മാസാറു സ്കൂളിൽ പഠിപ്പിച്ചത് കൊച്ചൗസേപ്പ് പഠിച്ചില്ല... കാരണം കൊച്ചൗവ്വ ഇസ്കൂളിന്റെ വരാന്തയെന്നല്ല, കാഞ്ഞിരപ്പള്ളീൽ വലിയകുന്നുമ്മേലുള്ള കരിമ്പാകേറിനിന്നു നോക്കുമ്പോൾ കാണാനാകുന്ന സ്കൂളിന്റെ മേച്ചിൽപ്പുരകൾപോലും നോക്കിയിട്ടില്ല.
എന്നാലും കൊച്ചൗവ്വ അപ്പനപ്പാപ്പന്മാരുടെ പാരമ്പര്യം നിലനിർത്താൻ ഒരുപാട് വൃക്ഷങ്ങൾ നട്ടു... നീണ്ട നാണ്യവിളയായി മുറിച്ചുമാറ്റിയും വീണ്ടുംനട്ടും പത്തുപതിനയ്യായിരമെങ്കിലും റബ്ബറുമരം... !! കുരുമുളകിന് താങ്ങിനും ഏലച്ചെടിക്ക് തണലിനുമായി ആയിരത്തോളം മുരിക്കും കിളിമരവും കവുങ്ങും നട്ടു...!! ജാതിമരവും പേരയും സപ്പോർട്ടയും കാപ്പിയും നട്ടു...!! എന്നിട്ടും വയ്യാകാലത്ത് കൊച്ചൗവ്വയ്ക്ക് ചൂടുകാരണം കിടക്കാനാകുന്നില്ല..., മരംനടാനും കളപറിക്കാനും മുളകടർത്താനും കൂടെനടന്ന ത്രേസ്യാമ്മ ചൂടുകൂടുന്നതിനുമുമ്പേ കൊച്ചുപള്ളീലെ ശ്മശാനത്തില് നിത്യധ്യാനംകൂടാൻ പോയി...

"മരംപോയിട്ട് ഒരു കുറ്റിച്ചെടിപോലും നടാത്ത മക്കളും മരുമക്കളും കുഞ്ഞുകുട്ടികളും സദാ ശീതീകരണികളിലിരുന്ന് തണുത്തുവിറയ്ക്കുകയാണ് ചൂടറിയാതെ"...!!!

ചൂടുകൂടിയും കാസരോഗങ്ങളിലുമമർന്ന കൊച്ചൗസേപ്പ്, നിത്യവാസമായ കരിവീട്ടികട്ടിലിൽ ചൂടുകാറ്റുകൊണ്ട് കിടക്കുമ്പോഴും  പുരികക്കൊടിമേൽ കൈമറചേർത്ത് ജനാലയഴികൾക്കപ്പുറം പ്രത്യാശയോടെ നോക്കുന്നുണ്ട്...

 
"കോൺക്രീറ്റ് വനങ്ങൾക്കുമേൽ ജാവാ ഇനം റബ്ബർക്കുരു മുളപൊട്ടി മരം കിളിർക്കുന്നതും പാലാമുളകു തിരിപിടിക്കുന്നതും മൈസൂർ വഴുക്കാ ഏലവും അരക്കുവാലി* കാപ്പിച്ചെടികളും പൂക്കുന്നതും അയാളറിയുന്നുണ്ട്... ജാതിപത്രിമണം** ഉള്ളംകൈയിൽ പടരുന്ന ഗന്ധം അയാളിടയ്ക്കിടെ മണക്കുന്നുമുണ്ട്....
എന്നിട്ടും, മരുഭൂമിയിലെ ഫലപത്രരഹിതമായൊരു ഒറ്റമരംപോലെ വെയിലുവിഴുങ്ങി, കാറ്റുപിടിക്കാതെ കൊച്ചൗസേപ്പ് വിയർത്തുകൊണ്ടേയിരുന്നു..
.         .. #sree.

*അരക്കുവാലി അറബിക്ക- ഒരിനം കാപ്പിച്ചെടി
**ജാതിപത്രി ഉണക്കുന്നതിനായ് കൈകൾക്ക് ഉള്ളിൽ വച്ചോ മറ്റേതെങ്കിലും വസ്തുകൊണ്ടോ ജാതിക്കയിൽനിന്ന് പൊട്ടാതെ പരത്തി എടുക്കുന്നു.


Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്