ഹർത്താലിടം
നഗരമൂലകളിലെ
നായ്ക്കൂട്ടങ്ങൾ
രാവിൽ ചേക്കേറുന്നവ,
തരുശിഖരങ്ങളിലെ
പക്ഷിക്കൂട്ടങ്ങൾ പോലെ,..
നിശയിൽ രതിതേടുവോരും
രതിയിൽ ജീവനം തേടുവോരും
ലഹരിയിൽ മുക്തിയടയുവോരും
മൃത്യുതേടുവോരും
കടന്നുപോകുമെന്നുമാ-
ചെറുസഞ്ചയത്തിനരികിലൂടെ..
സ്വത്വമുപേക്ഷിച്ച ശ്വാനന്മാരവർ,
ഒരു മുരൾച്ചകൊണ്ടുപോലുമാർക്കും
അലോസരം തീർക്കാതെ
മുഖമമർത്തി, ചെവികളടച്ചവ
കണ്ണുപൂട്ടിക്കിടക്കയാവും.
പുതുമവറ്റാത്ത നഗരം
നാളേക്ക് പുതിയ കുപ്പായം
തുന്നുമപ്പോൾ...
നാളത്തെ മസാലമണങ്ങൾക്ക്
പുതിയ പെരുങ്കായകൂട്ടുകൾ ചേർക്കയാവും...
പകൽചർച്ചകൾക്കൊരുകൊള്ളി
ഏതൊരു മൂലയിൽ
പുകയുന്നുണ്ടാവുമവിടെ...
ഇരവിലുറങ്ങാത്തവൻ
കൂട്ടത്തിലൊരുവൻ,
പിൻകാലൊന്നുയർത്തി
അതിലേക്ക് പകരുമപ്പോൾ
വെറുപ്പിന്റെ തീഷ്ണരസം.
അതിലല്പം മുക്കിവേണം നാളെ
നഗരപാരമ്പര്യ ചാനലുകൾക്ക്
ഇടയ്ക്കിടെ കൊമേഴ്സ്യൽ
ബ്രേക്കുകളുതിർക്കേണ്ടത്...
അന്തിച്ചന്തയിലലഞ്ഞുമടുത്തവ-
നറിയാതെപോയ വീണ്ടുമൊരു ഹർത്താൽ
സ്വന്തം വിസർജ്യത്തിന്റെ
പടുഫലമായിരുന്നെന്നറിയുമോ..?
#sree.
Comments