ഒരു മാട്രിമോണിയൽ അപാരത


രാവിലെതന്നെ ഭാര്യയുടെ നിർബന്ധത്തിനു വഴങ്ങിയാണ് പ്രശസ്തമായ "ഗുലുമാൽ മാട്രിമോണിയൽ" കേന്ദ്രത്തിലെത്തിയത്... നിങ്ങൾക്ക് സംശയംവേണ്ട ഇതു മകനുവേണ്ടിയാണ്.. ഓന് വേലേംകൂലീം ഇല്ലാതെ കറങ്ങി നടക്കുവാ... അവനിട്ടൊരുപണികൊടുക്കാൻ ഇതുതന്നെ അവസരം.. ഓന്റെ ജാതകം ഇൻബുൾട്ടായ ഒരു ബയോഡാറ്റ മൊബൈലിൽ തയ്യാറാക്കിയതുമുണ്ട്. കുറ്റംപറയാൻതക്ക ഒരു കുറവുമില്ലാത്തൊരു സുന്ദരി, ആനയിച്ചകത്തേയ്ക്ക് കൊണ്ടുപോയി അതിലും സുന്ദരിമാരായ പല സ്ത്രീരത്നങ്ങളിരിക്കുന്ന ക്യാബിനുകളിലൊന്നിൽ എത്തിച്ചു. ക്യാബിനിലെ സുന്ദരി, തിലോത്തമ, ചെറിപ്പഴത്തിന്റെ ചയമടിച്ച ചുണ്ടുപിളർത്തി ഒരു ചിരിതന്നു.. ആഹാ എയർകണ്ടീഷന്റെ തണുപ്പുതോറ്റുപോകും.
ഈ വയസ്സുകാലത്ത് ഒരു പുനർവിവാഹമല്ല ആഗമനോദ്ദേശമെന്ന് വിവരിക്കയും മകനൊരു പെണ്ണിനെ നോക്കാനാണെന്ന് പറഞ്ഞതും തിലോത്തമ തന്റെ മുന്നിലെ കമ്പ്യൂട്ടറിലേക്ക് അംഗുലീലാളനം തുടങ്ങി.. പിന്നെ കണ്ടീഷൻസുകൾ നിരത്തി.. പലതും മനസ്സിലായില്ല എന്ന് തിലോത്തമയ്ക്ക് മനസ്സിലായതിനാലാകണം മൊബൈൽനമ്പർ വാങ്ങിയിട്ട് ഒരു നീണ്ട ബ്രോഷർ തന്നുവിട്ടത്. സന്തോഷം.. ഭാര്യകൂടി വായിക്കട്ടെ എന്നിട്ട് തീരുമാനിക്കാം.. തിലോത്തമയെ വിട്ട് വീട്ടിലേക്ക് വന്നതും പടിക്കൽതന്നെ നിപ്പുണ്ട് പൂമുഖവാതിലിലെ സിംഹി. അവളുടെ ജിജ്ഞാസ കണ്ടാൽതോന്നും ഞാനേതാണ്ട് പെണ്ണുകണ്ട് വരുന്നപോലെ. നട്ടവെയിലത്ത് കേറിവന്നവന് തുള്ളിവെള്ളംകൊടുക്കണ പതിവ് അവക്കില്ലാത്തോണ്ട് ബ്രോഷർ അവൾക്ക് കൊടുത്ത് അകത്ത്കയറി ഒന്നരലിറ്റർ വെള്ളംകുടിച്ച് ഡ്രസ്സുംമാറി ഡ്രോയിംഗ് റൂമിലെത്തിയതും ഓള് മുഖത്തേതാണ്ട് വലിയ കടന്നലുകുത്തിയമാതിരി ഇരിപ്പൊണ്ട്....

"നിങ്ങളിതേത് കോപ്പിലെ ആപ്പീസിലാ പോയി ഇതുവാങ്ങിയത്..."
ആഹാ ഇതുനല്ല കൂത്ത് അവള് ടീവീ കണ്ടിട്ട് പറഞ്ഞുവിട്ടതല്ലേ എന്നെ... മോന് പെണ്ണുകെട്ടിക്കാൻ.. എന്നിട്ടിപ്പോ ഇങ്ങനെന്തെ..?

അവളുടെ വക്രിച്ചമുഖം  കണ്ടതിൽ എന്തോ പന്തികേടുണ്ട്... പതിയെ ആ ബ്രോഷർ എടുത്തുവായിച്ചു. 
അതിലെ കണ്ടീഷന്സൊക്കെ അക്കമിട്ട് അച്ചടിച്ചിരിക്കുന്നു... 

1. രണ്ടായിരം രൂപയാണ് സാധാരണ രജിസ്ട്രേഷൻ ആയതിന് നൂറ് പെൺകുട്ടികളുടെ ഡീറ്റൈയ്ൽസ് വാട്സാപ്പായിത്തരും (without phone number and address)

2. അയ്യായിരം രൂപയുടെ രജിസ്ട്രേഷന് നൂറുകുട്ടികളുടെ വിവരവും അവരുടെ രക്ഷിതാവിന്റെ ഫോൺ നമ്പരും.

3. പതിനായിരം രൂപ രജിസ്ട്രേഷന് 50 പെൺകുട്ടികളുടെ വിവരം whatsapp നമ്പർ സഹിതം..

4. പതിനഞ്ചായിരത്തിന്  50 പെൺകുട്ടികളുമായി കൂടിക്കാഴ്ചയ്ക്ക് അവസരം... 

5. അൻപതിനായിരത്തിന്റെ രജിസ്ട്രേഷന് 50 പെൺകുട്ടികളുടെ സകലവിവരവും അതിൽനിന്ന്  ചെക്കന് പുടിച്ച 5 പെൺകുട്ടികളുമായി സ്വകാര്യമായി ഒരുദിവസം ഇടപഴകാൻ അവസരം.. ഇവയിലേതെങ്കിലും ഉപയോഗപ്പെടുത്തി വിവാഹം നിശ്ചയിച്ചുകഴിഞ്ഞാൽ മനോഹരമായി   വിവാഹം നടത്തിപ്പിനും മറ്റുമുള്ള ഏജൻസികളെയും മിതമായ നിരക്കിൽ അറേഞ്ച് ചെയ്തുതരും.. ബ്രോഷറിന്റെ ഒടുവിൽ ഒരു കോളത്തിനുള്ളിൽ വലിയ അക്ഷരത്തിൽ ബോൾഡായി ഒരു നോട്ടീസ്... > " അഞ്ചാമത്തെ കണ്ടീഷൻ തിരഞ്ഞെടുക്കുന്ന പുനർവിവാഹക്കാർക്കും വയസ്സ് 50 കഴിഞ്ഞവർക്കും 5% കിഴിവിനായി ചുവടെ കൊടുത്തിരിക്കുന്ന വാട്സാപ്പ് നമ്പരിൽ ഒരു ഹായ് ഇടുക" - ആകാംക്ഷയോടെ ആ വാട്സാപ്പ് നമ്പർ നോക്കിയപ്പോൾ ശൂന്യശൂന്യഹേ... പട്ടികടിച്ചപോലെ ആ ഭാഗം അപ്രത്യക്ഷം. മുഖമുയർത്തി ഭാര്യയെനോക്കി.. പൂതനാമോക്ഷം ബാലയ്ക്ക് ഒരുങ്ങിനിൽക്കും പോലെ അവളൊരുനിപ്പ്... വായ്ക്കകത്ത് പല്ലുകൾക്കിടയിൽ ഞെരിഞ്ഞമരുന്നത് തീർച്ചയായും ആ വാട്സാപ്പ് നമ്പർ തന്നെയാവും... അന്തരീക്ഷത്തിന് അയവുണ്ടാകാനൊരു മാർഗ്ഗംതേടവേ ഭാവിമണവാളൻ വീടണഞ്ഞതും കൃത്യം...

"ഈ ലോകത്ത് മരമാക്രികളുടെ കൂടെപ്പോലും നല്ല പെൺപിള്ളാരിറങ്ങിപ്പോകുന്നു.. ഈ  ചെക്കനുമാത്രം അതിനും പറ്റണില്ലല്ലോ എന്റെ ഭഗവതീ..." പുലമ്പികൊണ്ട് ചവിട്ടിത്തുള്ളി അവൾ സ്ഥലംകാലിയാക്കി.. മകനേതാണ്ട്  മനസ്സിലാകാതെ മുഖത്തുനോക്കി ഇളിച്ചുനിന്നു... ഇനി ഉടനെ ഒരു വേനൽമഴയും ഇടിയുംമിന്നലുമുണ്ടാകുമെന്ന് അവനുറപ്പായി.. അവൻ "head phone" ചെവിയിൽ തിരുകി. Precautions. 
ആ നമ്പർ മിസ്സായെങ്കിലും ഓള് തിലോത്തമ എന്റെനമ്പർ വാങ്ങിയല്ലോ വിളിക്കുമായിരിക്കും... Endless hope. 
.... sree.....


Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്