സുഗന്ധി

#

"നിനക്കു പാരിജാതത്തിന്റെ മണമാണ്.... നിന്റെ ഉടലാകെ പാരിജാതം പൂക്കുകയാണ്.. എപ്പൊഴും..!!" പറഞ്ഞുകൊണ്ട് അവളെ ചേർത്തുപിടിച്ചു... "ഒന്നു പോ മനുഷ്യാ... സന്ധ്യയായി.. മുറ്റത്ത് പാരിജാതം പൂത്തിട്ടുണ്ടാകും.." അവളൊഴിഞ്ഞുമാറി അടുക്കളത്തിരക്കിലേക്ക് ചേക്കേറി... 

പലപ്പോഴും അവളടുത്തുണ്ടെങ്കിൽ ഒരുമണം... സന്ധ്യക്ക് പൊഴിഞ്ഞ ചാറ്റുമഴയേറ്റടിമുടി കുളിർന്നുനിൽക്കുന്നൊരു പാരിജാതം പൂവിടുമ്പോൾ പ്രസരിക്കുന്ന ഗന്ധം... അവളെ കണ്ടനാൾമുതൽ അതെപ്പോഴും; അവളടുത്തുവരുമ്പോൾ.., ശയ്യയിൽ, ഒപ്പമുള്ള യാത്രയിൽ... കിതപ്പടങ്ങുവോളം ചേർന്നുകിടക്കുമ്പോൾ... എന്തിനധികം ഒന്നിച്ച് കടൽകാറ്റേറ്റു നിൽക്കുമ്പോൾപോലും ആ ഗന്ധമിങ്ങനെ അവളിൽ വിലയംപ്രാപിച്ച്... അതിൽനിന്നെന്നിലേക്ക് പ്രസരിച്ച്... അപ്പോഴൊക്കെ മൂക്കുവിടർത്തി ആവോളമത് ആത്മാവിലേക്ക് വലിച്ചെടുക്കുകയായിരുന്നു.... 

"അച്ഛന് പെരിയ നൊസ്സാ.... അമ്മയ്ക്ക് മീൻവെട്ടിയതിന്റെ നാറ്റമാ.. വിയർപ്പിന്റെ നാറ്റമാ... പാത്രംമോറിയ മുശിട് നാറ്റമാ.. എപ്പോഴും..." മകളതുപറഞ്ഞ് കളിയാക്കുമ്പോൾ അവളൊന്ന് ചൂളിനോക്കും പിന്നെ കുനിഞ്ഞ് ചെറുചിരിയുതിർക്കും. അപ്പോഴവളുടെ ചുണ്ടുകൾക്കിടയിൽ പാതിവിടർന്ന പാരിജാതദളങ്ങൾ നിരക്കും.. ഒപ്പം ആ മണവും. 

ആശുപത്രിക്കിടക്കയിലപ്പടി മണമായിരുന്നു പാരിജാതപ്പൂവിന്റെ മണം...! അവ നാലുചുവരുകൾവിട്ട് പുറത്തുപോകാതിരിക്കാൻ ജനൽപാളികൾ അടച്ചുപൂട്ടി... ആഗന്ധമാസ്വദിച്ച് അവളുടെയടുക്കൽതന്നെയിരുന്നു.. 

"അച്ചനീ വാതിലും ജനാലയും തുറന്നിട്ടുകൂടേ... എന്തൊരു മരുന്നുനാറ്റമാ"... മകൾ ശകാരിച്ചുകൊണ്ട് ജനാലകൾ തുറന്നിട്ടപ്പോൾ ആകാശംതേടിപ്പോയ ആ സുഗന്ധങ്ങളെ പൊത്തിപ്പിടിക്കാനാകാതെ നോക്കിനിന്നു... അപ്പോഴുമവളുടെ ചുണ്ടുകൾക്കിടയിൽ പാതിവിടർന്ന പാരിജാതത്തിന്റെ ഇതളുകൾ നിരന്നുവന്നു.. ഒപ്പം ആ മണവും. പറന്നുപോയ മണങ്ങളെക്കാളിരട്ടിമണം അവളെനിക്കായി ചുരത്തുന്നതറിഞ്ഞു ആ നോട്ടത്തിൽ...

"അച്ഛനിതുവരെ ആ കാപ്പികുടിച്ചില്ലേ... അതു തണുത്തുപോയല്ലോ ഞാൻ വേറൊരെണ്ണമെടുക്കാം...." മകളുടെ ശബ്ദം ചിന്തകളുടെ ഉൾക്കടലിൽനിന്ന് മനസ്സിനെ തീരത്തണച്ചു. മകൾ തണുത്തുപോയ കട്ടൻകാപ്പിയുമായി അകത്തേയ്ക്കുപോയി... പതിയെ എണീറ്റുനടന്നു തെക്കെത്തൊടിയിലേക്ക്.. പട്ടടയണഞ്ഞുവശേഷിച്ച കുറച്ചു ചാരംമാത്രമുണ്ടവിടെ... ഇനിയുള്ള സായാഹ്നത്തിന് തുണവരേണ്ടവൾ കഴിഞ്ഞനാളിൽ അരങ്ങൊഴിഞ്ഞ് പോയിരിക്കുന്നു... നിർവ്വികാരതയുടെ പരമോന്നതിയിലാണ് മനസ്സ്... ഒന്നുമില്ല ഇനി ഒന്നും... മനസ്സൊരാന്തലിലേക്ക് വീണ്ടും വീണുപോയി... 
എവിടെനിന്നോ ഇളംതെന്നൽവന്ന് ഉടലാകെ തലോടുംപോലെ ഉഴിഞ്ഞുനിന്നു... ഒപ്പം മനസ്സിന്റെ വിങ്ങലുകളിലൊരു സുഗന്ധവും.. സന്ധ്യക്ക് പൊഴിഞ്ഞ ചാറ്റുമഴയേറ്റടിമുടി കുളിർന്നുനിൽക്കുന്നൊരു പാരിജാതം പൂവിടുമ്പോൾ പ്രസരിക്കുന്ന ഗന്ധം.....
പാരിജാതപ്പൂവിന്റെ ഗന്ധം.. അതായാളെ വിട്ടുപോകാതെ ആ നാസികത്തുമ്പിലുടക്കിനിന്നു. മൂക്കുവിടർത്തി ആവോളമയാളത് ആത്മാവിലേക്ക് വലിച്ചെടുത്തുകൊണ്ടിരുന്നു... ഇരുളുകനക്കുന്നതറിയാതെ. .
#Sree 



Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്