ചിലന്തി
വലനെയ്തുനാമിന്നുമേറെയേറെയായ്
കന്നിമാവിന്റെ ചില്ലയിൽ
കണിമുല്ലയിൽ... തേൻനുകർന്നുവന്നൊരാ
വണ്ടറിഞ്ഞില്ലയീവല...
രതിയറിഞ്ഞുമയങ്ങിയനാളിലെൻ
ഉടലുമുയിരും കാർന്നുതിന്നെന്തിനായ്...
പ്രണയമായിരുന്നെൻഹൃത്തിലപ്പൊഴും
ലഹരിമാത്രമാണപ്പൊഴും കൺകളിൽ..
രുചിയറിഞ്ഞു ഭുജിച്ചനിൻ കൺകളിൽ
തരിയുമുണ്ടായതില്ലെന്റെയോർമ്മകൾ..!
വലകൾ നെയ്യവേ ഒളികണ്ണിനിമകളിൽ
കരുതിയേകിയ കരിനോട്ടമെങ്ങുപോയ്
രതിരഹസ്യത്തിനാരംഭദശകളിൽ
നിറയെവഴിയുന്ന മിഴിലാസ്യമെങ്ങുപോയ്..
പുകയുകയായിരുന്നുനിൻ കണ്ണുകൾ
പകയെവെല്ലുന്ന ജഠരാഗ്നിതൻകനൽ..
കനലണഞ്ഞുനീയിനിനിദ്രപൂകുക,
ഒരുസമാധിയിലടയിട്ടുണർത്തുക
അരുമയാംമുട്ടവിടരുംവരെയെന്റെ,
രുധിരമോജസ്സുപകരട്ടെജീവനിൽ...
ഒരുപുലർവെട്ടമഞ്ഞിൻകണങ്ങളിൽ
അടയിരുന്ന നിൻ മോഹം തളിർക്കട്ടെ.
#ശ്രീ. 19-10-20
Comments