ഊഞ്ഞാൽപ്പാട്ട്
മൂലംനാളുപിറന്നു....!!
ദാ നോക്കൂ....,
തൊടിയിലെ മാവിൻചോട്ടിൽ ഊഞ്ഞാലൊരുങ്ങി.. ഇനി മാഞ്ചോട്ടിലാണോണം... ഊഞ്ഞാലിൽ അല്പം അലസമായാടി കാറ്റുകൊണ്ടിരിക്കണമെന്ന് കൗമാരക്കാരിക്കും മോഹമുണ്ട്.. പക്ഷെ പിള്ളാരൊഴിയണ്ടേ...
ഇന്നുമുതൽ ചെറിയ സദ്യയാണല്ലോ... ഇനി ഉച്ചയൂണിന് ശേഷം കുട്ടികൾ വിശ്രമിക്കുമ്പോഴാണ് അവളുടെ ഊഴം...!!
ഊഞ്ഞാലുവന്നു...!!!!
#ഇന്നത്തെ_പാട്ട്_കുട്ടികൾക്കാകട്ടെ...
#ഊഞ്ഞാൽപ്പാട്ട്.
മൂലംനാളുപിറന്നതറിഞ്ഞോ
മൂവാണ്ടൻ മാവേ...
മാമൻ നിന്നുടെ കൊമ്പിൽചാർത്തി
ഓണപ്പിള്ളേർക്കൂഞ്ഞാല്.
പൂവോ പൂപൊലി പാടിയപെണ്ണും
പൂഹോ ആർപ്പുവിളിച്ചവരും
മാവിൻചോട്ടിലണഞ്ഞതുകണ്ടോ
ഊഞ്ഞാലാട്ടം പൊടിപൂരം..
ആയംവെട്ടിയാടും ചെക്കന്
ഊഞ്ഞാലിൽ ചെറുതഭ്യാസം
ആയംകൂട്ടാതാടും പെൺമണി
മൂളിപ്പാടും ശ്രീരാഗം..
പൊത്തിലിരിക്കും തത്തമ്മക്കിളി
കണ്ടോ ഞങ്ങടെയൂഞ്ഞാല്
ചിത്രപതംഗം പാറണപോലെ
ആഹാ കുഞ്ഞലപാവാട...
അണ്ണാർക്കണ്ണാ നീകണ്ടില്ലേ
മാവിൻചോട്ടിലെയാഘോഷം
"ചിൽചില്ലെ"ന്നൊരു പാട്ടുംപാടി
കൂടെച്ചേരാണയൂനീ...
കൂടെച്ചേരാണയൂനീ...
www.sreesreekumar.blogspot.com
Comments