ചോതിനാൾ

പ്രിയരേ...
ഇന്ന് ചോതിനാളാണ്....
ചോതിനാളിൽ കൊയ്ത്തുകഴിഞ്ഞ പാടത്തിന്റെ വരമ്പത്തുകൂടി ഓണക്കോടി ഉടുത്ത് ക്ഷേത്രത്തിലേക്ക് പോകുന്ന മങ്കമാരും കുട്ടികളുമെല്ലാം പഴമക്കാരുടെ മനസ്സിലെ മായ്ക്കാന്‍ കഴിയാത്ത ചിത്രങ്ങളാണ്. പൂവിളിയും പൂവടയും ഓണപ്പുടവയും ഓണപ്പൂക്കളവും തൂശനിലയിലെ സദ്യയുമെല്ലാം മനസില്‍ സൂക്ഷിക്കാന്‍ കഴിയുമ്പോഴേ നാം മലയാളികളാകൂ...
പഴമക്കാർ ഇന്നുമുതലാണ് ഓണക്കോടിയും ഓണസാധനങ്ങളും വാങ്ങാനിറങ്ങുന്നത്... പലഹാരനിർമ്മാണവും ഇന്നുമുതലാണ്. അതിനാലാണ് "ചോതിമുതൽ ധനംവേണമെന്ന് പറയുന്നത്". 

ഇന്നത്തെ കവിത 👇

ചോതിപ്പൂക്കൾ 

മഞ്ഞണിപ്പൂക്കൾ കുഞ്ഞു
തൊങ്ങലും ചാർത്തി നിൽപ്പൂ
ചിങ്ങമിങ്ങെത്തി പൂക്കൾ 
കിള്ളുന്ന കരം തേടി..

ചോതിക്കളം തീർത്തീടുവാൻ 
മതിയാവതില്ലായെങ്കിൽ
വിടരുവാനിനിയുമെന്നൊ
രുപാട് കുസുമങ്ങൾ..
വരിചേർന്നു നിൽപ്പിതാ
സ്വയമർച്ചനയ്ക്കായി
പ്രിയമഹാബലിതന്റെ
വരവിനു കാതോർത്തു.

അത്തംനാൾ മുതലെന്നും 
കൃത്യമായ് പൂത്തീടുന്നൂ
ചിത്തമോദം തീർക്കുന്ന
പൂക്കളത്തിനു ചേരാൻ ..  
  
പൂവിളിയും ചിങ്ങപ്പൂവെയിലും
കരിപ്പൂവണ്ടും സുമങ്ങളും
മധു, നുകരും ശലഭവും..
കണിയായ് തിരുമുറ്റ
മുണർന്നു ചമയവേ,
ഹൃദയം നിറയുന്നു 
ഓർമ്മതൻ പൊന്നോണങ്ങൾ.
വരിക കിടാങ്ങളോടൊപ്പ-
മിന്നരുമയായ് 
ഹൃദയതുടിതാളമു-
ണരുമോണംകൂടാം.
              ശ്രീ.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്