ഇടവഴിയിലെ_അവസാനത്തെ_വീട്ടുകാർ "

#ഇടവഴിയിലെ_അവസാനത്തെ_വീട്ടുകാർ

" ഗോവിന്ദാ.. നീയിതെന്താ കാട്ടണത്....? മഴയും വരണുണ്ട് ഇറങ്ങിവരണുണ്ടോ നീയ്യ്.. "
ആൾക്കൂട്ടത്തിനു മുന്നിൽനിന്ന് കാളിപ്പാറയച്ഛൻ ഉറക്കെ നിലവിളിച്ചിട്ടും ഫലമുണ്ടായില്ല എന്നുമാത്രമല്ല നാട്ടാരുടെ "കോവിന്നൻ" ഒന്നു തിരിഞ്ഞുനോക്കുകകൂടി ചെയ്തില്ല..!!

തൊട്ടാൽ ചൊറിയുന്ന ചാരുമരത്തിലേറി അതിലാകെ പടർന്നുപന്തലിച്ച വള്ളിയിലെ ചുവന്നുതുടുത്ത കൊറണ്ടിപ്പഴം പൊട്ടിച്ചെടുത്ത് പിന്നെയും പിന്നെയും അയാൾ കള്ളിമുണ്ടിന്റെ മടക്കിക്കുത്തിനുള്ളിലേക്കിട്ടുകൊണ്ടിരുന്നു.. ഇടയ്ക്കിടെ ഇലയോടെ കൈയിൽനിന്നൂർന്ന പഴങ്ങൾ താഴെ കാളിപ്പുഴയിൽ വീണുപോകുന്നു..., താഴെ വീണവ കാളിപ്പുഴയുടെ ചുഴിയിൽ രണ്ടുവട്ടംചുറ്റിക്കറങ്ങി പിന്നെ ചുഴിയുടെ ആഴങ്ങളിലേക്ക് കൂപ്പുകുത്തുന്നത് കോവിന്ദൻ കണ്ടു.. പിന്നെയും പുഴയുടെ മാറിലേക്ക് ചാഞ്ഞ വള്ളികളിൽനിന്ന് കോവിന്ദൻ ആവേശത്തോടെ കൊറണ്ടിപ്പഴമടർത്തി....

"ഇനിയെന്താ വഴി അവനെ നെലത്തെറക്കണം.. പെരേലൊന്നിനെ പൊതച്ചുകിടത്തിയിട്ട് ഇവനെന്നാത്തിന്റെ കേടാ കർത്താവേ...?"

കാളിപ്പാറയച്ഛൻ കർത്താവിനോടെന്നപോലെ ആകാശത്തുനോക്കി പുലമ്പി..
"അച്ഛനെ കേട്ട ആകാശത്തിലെ ദൈവം മഴമേഘങ്ങളോട് അടങ്ങുവാനാജ്ഞാപിച്ചു... മേലെ ആകാശത്ത് അതുമാത്രമേ ദൈവത്തിനപ്പോൾ ആകുമായിരുന്നുള്ളൂ... താഴെ ഭൂമിയിൽ ദൈവത്തിനുമേൽ നിയമമുണ്ടായല്ലോ... !."

കാളിപ്പാറയച്ഛൻ വരത്തനാ കർത്താവിനെ ശുശ്രൂഷിക്കാൻ വടക്കുനിന്നു വന്ന സാത്വികൻ.. കാളിപ്പാറപ്പള്ളിവികാരിയായി ആരുവന്നാലും നാട്ടുകാർക്കയാൾ കാളിപ്പാറയച്ഛനാണ്. പുറനാട്ടുകാരനായിട്ടും അച്ഛൻ പറഞ്ഞാൽ അനുസരിക്കാത്തവരില്ല നാട്ടിൽ ഏതുജാതിയിലും, അച്ഛൻ നല്ലതേ പറയൂ നല്ലതേ പ്രവൃത്തിക്കൂ...

എന്നിട്ടും നാട്ടുകാരുടെ ഗോയിന്ദൻ അന്ന് അച്ഛനെ അനുസരിച്ചില്ല... അച്ഛന്റെ വിഷമം കണ്ടവർ പള്ളിമേടയിൽ മാറാലയടിക്കാനുണ്ടാക്കിവച്ച വലിയ മുളയേണി കൊണ്ടുവന്ന് ചാരുമരത്തേൽ ചാരിവച്ചു.. പക്ഷെ കോവിന്ദൻ കൂസാക്കിയില്ല മാത്രമല്ല ആരേലും കയറിയാൽ കാളിപ്പുഴയിലെ ചെകുത്താൻ ചുഴികളിലേക്ക് താനും ചാടുമെന്ന് സംജ്ജ നൽകി... അച്ഛനും, കൂടിനിന്നവരും മുഷിഞ്ഞു.. എല്ലാകണ്ണുകളും ചാരുമരത്തിലെ കൊറണ്ടിവള്ളികളിൽ നിന്ന് കൊറണ്ടിപ്പഴമടർത്തുന്ന കോവിന്ദനിലായിരുന്നു..

ദൈവമപ്പോൾ അച്ഛന്റെ കണ്ണുകഴപ്പിച്ചു... ചായപ്പീടികക്കാരൻ വറീതിനും കണ്ണുകഴച്ചു... അയാൾ പീടികത്തട്ടിലേറി ചടഞ്ഞിരുന്നു.. ചന്തയ്ക്ക് ഉണക്കമീൻ ചുമന്ന മേരിക്ക് കണ്ണുകഴച്ചു... അവൾ മീൻകൊട്ട തലയിലെടുത്ത് വടക്ക് നടന്നു... മാതവനും രാഘവനും മാത്തുവിനും ജോസഫിനുമെല്ലാം കണ്ണുകഴച്ചു.. ഒരു ഗ്രാമത്തിലെ മുഴുവൻപേർക്കും കണ്ണുകഴച്ചു..

കണ്ണുകഴയ്ക്കാതൊരുവൾ ചാരുമരത്തിന്റെ ചുവട്ടിൽനിന്ന് മാറി ആറുവീടിനപ്പുറം ഇടവഴിതീരുന്ന അവസാനത്തെ വീട്ടിൽ നടുമുറ്റത്ത് വാഴയിലയിൽ വെള്ളപുതച്ചുറങ്ങുന്ന, വെള്ളാരംകണ്ണുകൾ പരൽമീനുകൾക്കൂട്ടിയൊരു പതിമൂന്നുകാരനുമുന്നിൽ തളർന്നിരിക്കുകയായിരുന്നപ്പോൾ..!!

"അവന് പ്രാന്തായച്ചോ... പ്രാന്ത്....; അവനെ വിട്ടേക്ക് നമ്മക്കാ കൂട്ടീടെ കാര്യം നോക്കാം.. " കൂട്ടത്തിലൊരുവൻ പറഞ്ഞതാണ് ശരിയെന്ന് അച്ഛനും തോന്നി.. പിന്നെ കാളിപ്പാറയച്ഛൻ നാട്ടുകാർക്കൊപ്പം ഇടവഴിയിലെ അവസാനത്തെ വീട്ടിലേക്കു നടന്നു...

ഇടവഴിയിലെ അവസാനവീടിന്റെ പിന്നാമ്പുറത്തപ്പോഴേക്കും മൂക്കറ്റം വാറ്റുചാരായം സേവിച്ച പൊടിയനും കൂട്ടരും, പരൽമീനുകൾക്കൊപ്പം നീന്തിത്തുഴഞ്ഞുതളർന്നപ്പോൾ മതിയാവോളം പുഴവെള്ളംകൂടിച്ച് വയർവീർത്തൊരു പതിമൂന്നുകാരനുവേണ്ടിത്തീർത്ത, കുഴിയുടെ വക്കും മൂലയും ചെത്തിമിനുക്കുകയായിരുന്നു..

"അച്ഛാ... ച്ഛാ.. എനിക്കാ പയം മേണം.. ച്ഛാ ച്ഛാ നിക്കാ ചോലപ്പയം വേണം.." പതിമൂന്ന് വയസ്സിലും ബുദ്ധിയുറയ്ക്കാത്തവന്റെ ആവശ്യം എന്നുമുണ്ടത്... എപ്പോഴും കായപഴുത്തു തുടുക്കുമ്പോൾ തുടങ്ങുമവൻ, ഊണിലും ഉറക്കത്തിലും അവന്റെ കൊണ്ടിപ്പഴമാണവനു മുഖ്യം.. കൊറണ്ടിപ്പഴമെന്ന് എത്രയാവർത്തി പറഞ്ഞുതിരുത്തിയിട്ടും അവനത് കൊണ്ടിപ്പഴമാണ്.. ബുദ്ധിമാത്രമല്ല അവന്റെ നാവും വഴങ്ങുന്നില്ല...

വള്ളിനിറയെ ചുവന്നുതുടുത്തു നിൽക്കുന്നത് അവനെ ഭ്രമിപ്പിക്കുന്നു...
മരം കയറാനൊട്ടു വശമില്ല.. എന്നാലും ഒരുദിവസം അടർത്തിക്കൊടുക്കണം.. പള്ളിമേടയിലെ വലിയ മുളയേണിവേണം ഒരുദിവസമാകട്ടെ.... ഒരു ദിവസം.. ആ ഒരുദിവസമാണിന്ന്.. എത്രകാലമായി അവനെ പറഞ്ഞുപറ്റിക്കുന്നു.. ഇന്നെങ്കിലും അടർത്തി നൽകണം... അവനു വയറു നിറയണം.. കള്ളിമുണ്ടിന്റെ മടക്കിലാകെ കൊറണ്ടിപ്പഴച്ചോപ്പുമായി പകുതിയിറങ്ങിയ കോവിന്ദന്റെ നെഞ്ചാകെ ഉരഞ്ഞുപൊട്ടിയെങ്കിലും ഗോവിന്ദന്റെ ചുണ്ടിലൊരു ചിരിവിടർന്നു... അപ്പോഴേയ്ക്കും ചാരുമരത്തിന്റെ ചൊറി തടയാൻ അയളുടെ കൈകൾ മതിയാകാതെവന്നു.

"എന്തിനാന്റെ കൂട്ട്യേ...." നെഞ്ചിലെ വിങ്ങൽ വീണ്ടുമൊരു നിലവിളിയായി.. വീണ്ടും ഇടവഴിയിലെ അവസാനത്തെ വീട്ടിലെ അമ്മയിൽനിന്ന് നിലവിളിയുയർന്നുപൊങ്ങി... 
"എന്തിനാമ്മച്ചീ കരേണത് ഞാൻ കൊണ്ടിപ്പഴം പറിക്കാൻ മരത്തേലേറീട്ടാണോ... അമ്മച്ചീ ആ മരത്തേലപ്പടി ചൊറിച്ചിലാ.... ചൊറിയാനാ ഞാൻ കൈവിട്ടത്... നീം കേറത്തില്ലമ്മച്ചീ..."   ചെവിയിലൊരു മന്ത്രണംപോലെ അസ്പഷ്ടമായി മുഴങ്ങി വാക്കുറയ്ക്കാത്തവന്റെ സ്വരം...

ഇന്യാരെങ്കിലുമൊണ്ടോ കാണാനായിട്ട്... ചടങ്ങുകളുടെ നേതൃത്വശബ്ദം ഏവരോടുമായി ആരാഞ്ഞു  അപ്പോഴും കാളിപ്പാറയച്ഛൻ ഇടവഴിയിലേക്ക് നോക്കി, മകനുവേണ്ടി വൈകി കൊറണ്ടിപ്പഴവുമായി വരുന്ന കോവിന്ദനെ... ചാറ്റൽ മഴവീണു കുതിർന്ന ഇടവഴിയിലെ പൂഴിമണ്ണിൽ കാലടിപ്പാടുകളൊന്നുമുണ്ടായില്ല. ഒരു നെടുവീർപ്പോടെ കാളിപ്പാറയച്ഛൻ വെള്ളപുതച്ച് കണ്ണുകളില്ലാതുറങ്ങുന്ന, കൊറണ്ടിപ്പഴക്കൊതിയനുപിന്നാലെ ഇടവഴിയിലെ അവസാനവീടിന്റെ പിന്നിലേയ്ക്ക് നടന്നു...
പിന്നെയും ക്ഷമിക്കാൻ പെരുമഴമേഘങ്ങൾക്കായില്ല... ഇടവഴിയിലെ പൊടിമണ്ണിനെ കൂട്ടിക്കുഴച്ചൊരു ചെറുചാലുണ്ടാക്കി പെരുമഴ, കാളിപ്പുഴയുമായി സന്ധിചെയ്തു..  പുഴയിലെ ചുഴിക്കുചുറ്റുമപ്പോൾ ഒരായിരം കൊറണ്ടിപ്പഴങ്ങൾ കഥയറിയാതെ ചുറ്റിവലയുകയായിരുന്നു.
#ശ്രീ. 30/11/2020.



Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്