ചിത്തിരനാൾ
പ്രിയരെ_ഇന്ന്_ചിത്തിരയാണ്
ചാണകം മെഴുകിയ പൂമുറ്റത്ത് രണ്ടുവരി തുമ്പപ്പൂകൊണ്ട് ഒരത്തക്കളം...!! ഓർമ്മകളിൽ ഓട്ടവീഴുന്നുണ്ടെങ്കിലും അതിലൂടെ അരിച്ചെത്തുന്നുണ്ടിന്നുമാകാലം.. മഴതെളിഞ്ഞ ആകാശവും തുമ്പപ്പൂ നിറഞ്ഞ പറമ്പുകളും...
നഷ്ടബാല്യത്തിന്റെ ശിഷ്ടച്ചിന്തുകളിൽ ഏറ്റവും പ്രധാനമാണ് ഓണം... അവസാനം വരെ ഓർമ്മിക്കാൻ കാലം മലയാളമുറ്റത്തു നട്ട നന്മമരമാണത്...
(നഷ്ടപ്രതാപത്തിന്റെ കഥപറയുന്നൊരു പൂക്കളക്കവിതയാണിത്)
എന്റെ_പൂക്കളം
°°°°°°°°°°°°°°°°°°°°°
അരളി, പിച്ചിയ ചേമന്തിയാറിനം
മുല്ലവാടാത്തതായിട്ട് രണ്ടിനം
പിന്നെയഞ്ചാറ് പേരില്ലാപ്പൂവുകൾ
എന്തു ഭംഗിയെൻ പൂക്കളം നോക്കണേ..
തൊട്ടുനോക്കിയാലപ്പോഴെ വാടുന്ന
കൊച്ചുപൂവിനെ തൊട്ടതേയില്ല ഞാന്‍..
കൃഷ്ണഗന്ധികൾ പൂക്കാലമോർക്കാതെ
കൃഷ്ണ കൃഷ്ണാ ജപിച്ചു മയക്കമായ്..
ചെമ്പരത്തികളെത്ര നിറങ്ങളിൽ
ചന്തമോടൊരു പൂവുംകനിഞ്ഞില്ല,
കൈത പൂത്ത വരമ്പിന്റെയോരത്തെ-
കാക്കണം പൂവടർത്താൻ മറന്നുപോയ്
തോട്ടുവക്കിലെ ആമ്പലടർത്തി-
യില്ലാമനോഹരി തുമ്പയെ കണ്ടീല..
(തുമ്പി പാറുന്ന വാനവും കണ്ടീല)
രാജമല്ലികൾ പൂക്കാത്ത മുറ്റത്ത്,
മഞ്ഞ മന്ദാരമില്ലാത്തൊടികളിൽ
പൂവിളിയോടെ പാറിനടക്കുവാൻ
പൂവടർത്തിയാ കൂട നിറയ്കുവാ-
നാവതില്ലാ കുരുന്നുകൾ വാഴുന്ന
മാമലനാട്ടിലിത്രയേ പൂക്കളം.!
ചന്തമില്ലെങ്കിലെന്നെ പഴിക്കേണ്ട
പാണ്ടിനാട്ടിലെ പൂവിന്റെയേനമാ...
Comments