അമ്മയ്ക്കൊരു_പാദസരം


ഒരുകവിൾ ലഹരിയിൽ നുരയുന്ന പതകളിൽ
കരുതണം നീ നിന്റെ പെറ്റമ്മയെ,
മുലകളിലൂറിയ നറുപാൽ നുകർന്നനീ
ചെറുവായിലമ്മേ വിളിച്ചതല്ലേ,

ഒരുപുകച്ചുരുളിലെ ലഹരി നീ നുണയുമ്പോൾ
കരുതണം നീ നിന്റെ പെറ്റമ്മയെ,
നിൻ മുഖം കാണലാണമ്മതൻ ലഹരിയതറിയണം
നീ നിത്യമോർക്കവേണം.

ഒരുവിരൽ തുമ്പിൽ നീ തൂങ്ങിനടന്നതും
ഒരുപാടുനോവുകളിൽ കൂട്ടായിരുന്നതും
ഒരുകനവു കാണാൻ നിന്നെ ക്ഷണിച്ചതും
ഒരുപേരിൽ നീ നിന്നെയറിയുന്നതും
അറിയുക അമ്മതൻ ദാനമാണൊക്കെയും
ഒരുജന്മമൊക്കുമോ പകരമാകാൻ.

ലഹരിയിലഭിരമിക്കുന്നനീ അറിയുക,
അമ്മയെ വെല്ലുന്ന ലഹരിയുണ്ടോ?.

ഒരുവേള പിന്തിരിഞ്ഞൊന്നുനോക്കൂ-
പിഞ്ഞിമുറുകിദ്രവിച്ചമ്മ മനമോർക്ക നീ,
പെറ്റമ്മതൻ ഹൃത്തുവെട്ടിനശിപ്പിച്ച്-
ഇട്ടവിത്തൊന്നും മുളയ്ക്കുകില്ല.

പോകുക മകനേ നിനക്കിതുപോരെങ്കിൽ
പോകുമ്പോളൊരുകൈ സഹായമേകൂ...
നിന്നെ ജനിപ്പിച്ച ദുഖഭാരം തീണ്ടും
അമ്മ മനസ്സിനായ്  ഒന്നുചെയ്യൂ..
ചെല്ലുക നല്ലിരുമ്പാലൊരു ചങ്ങല
ചെന്നുപറഞ്ഞു പണിഞ്ഞുകൊൾക.
ഉന്മാദിയാകുമാ അമ്മക്കണങ്കാലിൽ
ചെമ്മേയണിയു നിൻ പാദസരം
അമ്മയ്ക്കു ഭ്രാന്തിന്റെ ചങ്ങല നൽകീ നീ
വെന്നിപ്പറക്കുക ലഹരിതേടീ..

#sree



Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്