Posts

Showing posts from July, 2022

മഴധ്വനി

Image
. മഴ,... ഒരുപാട് കുഞ്ഞൊച്ചകളുടെ ആകെത്തുകയാണത്...! ഇളം തളിരുകളിൽ, വേലിപ്പടർപ്പിൽ, വൈക്കോൽ തുറുവിൽ, വെളിയിറമ്പിൽ, വടക്കേത്തൊടിയിൽ, വാഴക്കൂട്ടത്തിൽ, കരിങ്കൂവളമലരിൽ, കാട്ടുവേപ്പിൽ... മറകെട്ടിയൊതുങ്ങാത്ത സകലതിലും തിമിർത്താടിമറിഞ്ഞ് മൃദുസ്വരങ്ങൾ തീർക്കുന്നു. ചെറുജലകണങ്ങൾ തീർക്കുന്ന കുഞ്ഞുശബ്ദങ്ങൾ  ഒന്നിച്ചൊരു ഹുങ്കാരമാകുന്നു സമരകാഹളംപോലെ...! പെരുമഴയെന്ന് പേരേറ്റെടുത്ത് പലസ്വരങ്ങളെയാവാഹിച്ച് മഴയൊരു വൻശബ്ദമാകുന്നു തളർച്ചയുടെ സുഷുപ്തിക്കുമുമ്പ് ചേർത്തെടുത്ത സ്വരങ്ങളെ സ്വതന്ത്രമാക്കിയടങ്ങുന്നു... ഒടുവിൽ... മരംപെയ്യുന്ന സ്വനം ബാക്കി..            #ശ്രീ

എന്റെ ഭവാൻ

Image
കാമനല്ലാത്തൊരു ദേവനുണ്ടെങ്കിലെൻ പ്രേമരൂപൻ ഭവാനയ്യനല്ലോ കുന്നിൻ മുകളിൽ വസിക്കുന്നൊരെൻപ്രിയൻ കുഞ്ഞുമനസ്സിനും തോഴനല്ലോ... കാനനംപുല്കുവോൻ മാനസശുദ്ധിതൻ കാരണവൻ ഭവാനെന്റെ ദേവൻ കാമിനിയായ് വന്ന ദേവിയെ ചാരത്ത് സോദരിയായ് ചേർത്ത ദേവദേവൻ വൻപുലിക്കൂട്ടങ്ങൾ താവളമാക്കുമെൻ നെഞ്ചകം വേട്ടയ്ക്കൊരുക്കേണമേ.. വൻപുലിപ്പാൽ ചുരത്തീടുന്നപോലെന്നിൽ തത്വമസീപ്പൊരുളേകേണമേ എന്റെ, ചിന്തയെ സാന്ത്വനം ചെയ്യേണമേ..  #ശ്രീ

അമ്മയ്ക്കൊരു_പാദസരം

Image
ഒരുകവിൾ ലഹരിയിൽ നുരയുന്ന പതകളിൽ കരുതണം നീ നിന്റെ പെറ്റമ്മയെ, മുലകളിലൂറിയ നറുപാൽ നുകർന്നനീ ചെറുവായിലമ്മേ വിളിച്ചതല്ലേ, ഒരുപുകച്ചുരുളിലെ ലഹരി നീ നുണയുമ്പോൾ കരുതണം നീ നിന്റെ പെറ്റമ്മയെ, നിൻ മുഖം കാണലാണമ്മതൻ ലഹരിയതറിയണം നീ നിത്യമോർക്കവേണം. ഒരുവിരൽ തുമ്പിൽ നീ തൂങ്ങിനടന്നതും ഒരുപാടുനോവുകളിൽ കൂട്ടായിരുന്നതും ഒരുകനവു കാണാൻ നിന്നെ ക്ഷണിച്ചതും ഒരുപേരിൽ നീ നിന്നെയറിയുന്നതും അറിയുക അമ്മതൻ ദാനമാണൊക്കെയും ഒരുജന്മമൊക്കുമോ പകരമാകാൻ. ലഹരിയിലഭിരമിക്കുന്നനീ അറിയുക, അമ്മയെ വെല്ലുന്ന ലഹരിയുണ്ടോ?. ഒരുവേള പിന്തിരിഞ്ഞൊന്നുനോക്കൂ- പിഞ്ഞിമുറുകിദ്രവിച്ചമ്മ മനമോർക്ക നീ, പെറ്റമ്മതൻ ഹൃത്തുവെട്ടിനശിപ്പിച്ച്- ഇട്ടവിത്തൊന്നും മുളയ്ക്കുകില്ല. പോകുക മകനേ നിനക്കിതുപോരെങ്കിൽ പോകുമ്പോളൊരുകൈ സഹായമേകൂ... നിന്നെ ജനിപ്പിച്ച ദുഖഭാരം തീണ്ടും അമ്മ മനസ്സിനായ്  ഒന്നുചെയ്യൂ.. ചെല്ലുക നല്ലിരുമ്പാലൊരു ചങ്ങല ചെന്നുപറഞ്ഞു പണിഞ്ഞുകൊൾക. ഉന്മാദിയാകുമാ അമ്മക്കണങ്കാലിൽ ചെമ്മേയണിയു നിൻ പാദസരം അമ്മയ്ക്കു ഭ്രാന്തിന്റെ ചങ്ങല നൽകീ നീ വെന്നിപ്പറക്കുക ലഹരിതേടീ.. #sree

  മദനോത്സവം

Image
കരിമേഘമില്ലാതെ പൊഴിയേണമൊരുമഴ, കുടചൂടിമുറ്റത്തു നിന്നു നനയണം..! കുളിരട്ടെ മനമതിലേറിയ താപത്താലുരുകിക്കരിഞ്ഞൊരു കരളും കിനാക്കളും. കുളിരേറ്റു തളിരുടൽ പിന്നെയും നനയണം മഴയാർത്തു പെയ്യുമ്പോൾ പൂമേനി പുണരണം.. അവളെത്ര ധന്യയായ് മഴയുമിന്നുന്മത്ത മദിരാക്ഷിസേവിച്ച പോലാഞ്ഞുതുള്ളണം മദനോത്സവമവൾ- ക്കതികാലം കാത്തതിൻ ശുഭപര്യവസാനമാകണം  സുദിനവും.      - by sree