വിലയ്ക്കുവച്ച നങ്കൂരങ്ങൾ
ഇനിയെന്റെ നങ്കൂരവും
വില്പനയ്ക്കു വയ്ക്കുകയാണ് ഞാൻ
തുടർയാത്രയിൽ
തീരങ്ങളില്ല.. അലകളും.
നിലനിൽപ്പുകളെ
പണയപ്പെടുത്തുവാൻ
മടിയില്ലെനിക്കിനി.
എന്റെ നങ്കൂരഭാരങ്ങൾ
സ്വർണ്ണനിർമ്മിതിയല്ല
ജീവിതസമരങ്ങളുടെ
ഉപ്പുരസമേറ്റ് ദ്രവിച്ചതാണവ.
വില നിശ്ചയിക്കാൻ,
ശ്മശാനകവാടത്തിലെ
മധുരക്കച്ചവടക്കാരനെപ്പോലെ
പ്രഗല്ഭനല്ലഞാൻ,
വഴിവാണിഭത്തിൽ.
വിലപറയുംമുമ്പോർക്കുക
ഒരു കപ്പലോട്ടക്കാരന്റെ
കിതപ്പാണതിൽ..
ഒരു ജന്മത്തിന്റെ
ഭാരമേറ്റുതേഞ്ഞുപോയതാണ്
അതിൽ വിളക്കിച്ചേർത്ത
കൊളുത്തുകൾ.
.......sreekumarsree......
Comments