വിക്ക്
രണ്ടു വാക്കുകൾക്കിടയിൽ
ഇടയ്ക്കിടെ ആത്മഹത്യ ചെയ്യുന്ന
എന്റെ മൗനങ്ങളെയാണ് നീ
വിക്കെന്ന് വിളിച്ചത്...
പ്രതിഷേധിയുടെ മനം,
പറഞ്ഞവയെക്കാൾ
പറയാതെമരിച്ച
വാക്കുകളാവും
കേൾക്കേണ്ടിയിരുന്നത്..
നീ കേൾക്കാതിരുന്നതും...
ഇടയിൽ മരിച്ചുപോയ
വാക്കുകളിലായിരുന്നു
വിശ്വസാഹിത്യമുറഞ്ഞിരുന്നത്,
നാവിൽ വരുതിയൊത്ത
പുറപ്പെട്ട വാക്കുകളോ..
ശവംനാറികളെപ്പോലെ
മനംമടുപ്പിക്കുന്നു..
ഇണങ്ങാതെ പിണങ്ങിവിക്കിയ
മൗനങ്ങൾ ജീവിതങ്ങൾ സുഗന്ധങ്ങളും
പ്രണയവും പ്രതീക്ഷയുമായിരുന്നു..
അനർഗ്ഗളമൊഴുകിയ
അഴുക്കുജലമായിരുന്നു
നാവുവിട്ട വാക്കുകളെങ്കിൽ
പച്ചത്തുരുത്തുകളായിരുന്നു
വിക്കിലൊതുങ്ങിപ്പോയ അക്ഷരങ്ങൾ.
അക്ഷരങ്ങളിൽ കുടിയിരുന്ന
പ്രതിഷേധമാണെന്റെ വിക്ക്
പുറപ്പെടാശാന്തിപോലെ
അതെന്റെ ദന്തമതിലിനുള്ളിൽ
പരസ്പരമിടഞ്ഞുരസി,
മുറിഞ്ഞുവീഴുമ്പോഴാണ്
നിയെന്നെ
വിക്കനെന്ന് വിളിച്ചത്.
എങ്കിലും
പ്രതിഷേധിയുടെ മനമുള്ളപ്പോൾ
തച്ചുകൊല്ലപ്പെടാതിരിക്കാൻ
വിക്കെനിക്കൊരു ഭൂഷണമാണ്.
#sree. 18.11.21.
Comments