വൃക്ഷപ്രാപ്തി




"കാഴ്ചക്കാരനായിരിക്കാൻ നല്ല സുഖമാണല്ലേ..... ?"
പിന്നിൽ നിന്നാണ് ചോദ്യം ഒന്നുഞെട്ടിപ്പോയി ശിഖരത്തിലെ പിടിവിട്ട് മുക്കുകുത്തി താഴെവീണു.. ഒന്നും പറ്റിയില്ല ഭാഗ്യം... 

"ഒന്നും പറ്റില്ല... ദേഹമില്ലാത്ത ദേഹിക്ക് പിന്നെന്തുപറ്റാൻ..." മനസ്സുവായിച്ചപോലെ പിന്നെയും ശബ്ദം.. ആരാണ്...? ചുറ്റുപാടും നോക്കി.. ആരുമില്ല... പതിയെ വീണ്ടും മരത്തിലേക്കുതന്നെ വലിഞ്ഞുകയറി...

 "പതിയെ,.... അവിടുള്ള ചോനനുറുമ്പുകളെ ഞെരിക്കരുതേ.. അവരുടേതുകൂടിയാണിവിടം" 

വീണ്ടുമാശബ്ദം..
 ആരാണ്...? 
"ഞാനാണിത്.. നീ കയറിയിരിക്കുന്ന വൃക്ഷം... എന്റെ തായ്ത്തടിയിലേക്ക് ചെവിചേർക്ക്... "

 സംഭ്രമത്തോടെ അനുസരിച്ചു... ഒരിരമ്പലുണ്ട്... കടലിന്റെ ഇരമ്പൽ കാറ്റിന്റെ ഹുങ്കാരം.. പുഴയുടെ കളകളാരവം.. ജീവജാലങ്ങളുടെ ശബ്ദം.. തമോഗർത്തങ്ങളുടെ ചൂളംവിളികൾ.. പ്രപഞ്ചത്തിന്റെ ശബ്ദം... ഇന്നോളമറിയാത്ത ഏതൊക്കെയോ ശബ്ദങ്ങൾ....!!!. 

"നീ കേൾക്കുന്നതെല്ലാം എന്റെ ശബ്ദമാണ് അവയുടെ ആദിയും അന്ത്യവും എന്നിലാണ്... " എല്ലാ ശബ്ദങ്ങൾക്കും മുകളിൽ മരത്തിന്റെ ശബ്ദം, വീണ്ടും മധുരമായി.... 

മരത്തിന്റെ ശബ്ദം...!!!. അതുഞാനിതുവരെ...?

"അതിനു നീയിതുവരെ എന്നെ കേൾക്കാൻ ശ്രമിച്ചോ...?"
മുഴുമിക്കുന്നതിനുമുമ്പ് മരം മൊഴിഞ്ഞു.. 

"നിനക്കുഞാൻ വെറുമൊരു പ്ലാവുമരം നിന്റെ പ്രപിതാക്കളുടെ കാലംമുതൽ നിന്റെ തെക്കെതൊടിയിൽ നിന്റെ വളർച്ചതളർച്ചകൾ കണ്ടും കായ്ച്ചും തളിർത്തും ഇലപൊഴിച്ചും നിന്നൊരു വൃദ്ധൻ... "

'എന്നിട്ടെന്താ ഞാനിതുവരെ ഈ ശബ്ദം കേട്ടില്ല....
ജീവിച്ചിരിക്കുമ്പോൾ മനുഷ്യരാരും മരത്തിനെ കേൾക്കില്ല... നീ ഇപ്പോൾ മരിച്ചവനാണ് അതു മറന്നുപോയോ..?
മരം തന്റെ യഥാര്‍ത്ഥാവസ്ഥ ഓർമ്മിപ്പിച്ചു.... 


ശരിയാണ് ഞാൻ കോമളൻ... ഞാനിന്നലെ മരിച്ചു.. ഇന്നലെമുതൽ ഉടലില്ലാതെ ഈ പ്ലാവിലാണ് വാസം ചിതയണയും വരെ എന്റെ ഉടലിന്റെ കരിഞ്ഞഗന്ധംശ്വസിച്ച് ഈ മരക്കൊമ്പിലായിരുന്നു.. ഇനി...

"ഇനിയും ചില കർമ്മങ്ങൾകൂടിയുണ്ട് അവ അനുഷ്ഠിക്കേണ്ടത് നീയല്ല നിന്റെ ചാർച്ചക്കാർ അതിനുശേഷം നീയെന്നിലേക്ക് ലയിക്കൂ...."
മരം വീണ്ടും മൊഴിയുകയാണ്.... 

നിന്നിലേക്കോ...?!! 
മരണശേഷം ഞങ്ങൾ സ്വർഗ്ഗനരകങ്ങളിലേതിലെങ്കിലും..? അല്ലെങ്കിൽ പുനർജ്ജന്മം...?  

"നീ പഠിച്ചത്.. നിന്നെ പഠിപ്പിച്ചത്....
നോക്ക് മനുഷ്യാ കഴിഞ്ഞ 56 വർഷങ്ങൾ നിനക്ക് ഭൂമിയിൽ സമയമുണ്ടായിരുന്നു... ആ കാലയളവിൽ നീ ചെയ്തുകൂട്ടിയ നന്മകളെ ഒരുനിമിഷം ആവാഹിച്ച് സ്മരിച്ച് എന്റെ തായ്ത്തടിയിലേക്ക് ചേർത്തുവയ്ക്ക്.... "

ശരിയാണ് അമ്പത്തിയാറുവർഷങ്ങൾ മുട്ടിലിഴഞ്ഞുംനടന്നും വീണും... അതിൽ ഇരുപത്തഞ്ച് വർഷങ്ങളോം ആശ്രയജീവിതം പിന്നെ ജീവിതസമരം... വിശ്രമജീവിതം ലഭ്യമായില്ല.. ഇതിനിടയിലെ നന്മയേത് തിന്മയേത്.... 

"നീ മനുഷ്യനല്ല നിന്റെ പരിമിതികൾ നിന്റെ ഉടലിനൊപ്പം ദഹിച്ചുകഴിഞ്ഞു.. നന്മതിന്മകൾ നിനക്കിന്ന് നിശ്ചയം, വേഗം എന്നിലേക്ക് ചേർക്കുക...." മനസ്സു ഏകാഗ്രമാക്കി വീണ്ടും പുകപടലങ്ങൾപോലുള്ള നീണ്ട ഉടലിനെ പ്ലാവുവൃക്ഷത്തോട് ചേർത്തുവച്ചു......

ആദ്യംകേട്ടതൊരു ശംഖനാദമാണ് പിന്നെ ഇരുളിനെ കീറിമുറിച്ചൊരു സ്ഫടികവാതിൽ ആ വൃക്ഷരാജന്റെ ഉള്ളിൽതുറന്നു.. ആയിരം സൂര്യചന്ദ്രന്മാരും നക്ഷത്രങ്ങളും പ്രഭവിടർത്തുന്നൊരുദ്യാനം.. പ്രപഞ്ചത്തിലെ സകല സൗന്ദര്യങ്ങളും രസഭോജ്യങ്ങളും ക്രീഢാസൗകര്യങ്ങളും.. മന്ദമായ് വീശുന്ന ചന്ദനഗന്ധവാഹിനിയായ കാറ്റ്.. സദാപുഞ്ചിരിതൂകുന്ന പൂക്കൾ ദേവർഷികൾ മനുഷ്യർ ദേവഗണങ്ങൾ ശാന്തരൂപികളായ ജന്തുജാലങ്ങൾ... സ്വർഗ്ഗം!!! സ്വർഗ്ഗം!!! സ്വർഗ്ഗം!!!

ശബ്ദം ഉച്ചത്തിലായിട്ടുണ്ടാകും മരം അതിന്റെ സ്ഫടികവാതിലടച്ച് വർത്തമാനത്തിലേക്കാനയിച്ചു.. 
"ഇനിനീ അമ്പത്താറാണ്ടിലെ തിന്മകളെക്കൂട്ടിവച്ച് വീണ്ടും എന്നിലേക്ക് ചേരുക വീണ്ടും..." വൃക്ഷത്തിനെ അനുസരിക്കുകയേ നിവൃത്തിയുള്ളൂ... വീണ്ടും അതിന്റെ തായ്ത്തടിയിലേക്ക്... 
-
പ്രപഞ്ചത്തിലെ ഏറ്റവും വലിയ ഇരുട്ട്... അതിനുള്ളിൽനിന്ന് അട്ടഹാസങ്ങൾ ദീനരോദനങ്ങൾ വ്യഥയേറിയ നിലവിളികൾ... ഭീകരമായ ശബ്ദങ്ങൾ ചെവികളിലിരച്ചുകയറി നിവൃത്തിയില്ലാതെ മരത്തിൽ നിന്ന് ഉടൽ പിൻവലിച്ചു.....

"കോമളാ..." മരം പതിയെ വിളിച്ചു തൻറെ പേര് ചൊല്ലി തന്നെ.... ഇതിനിടയിൽ ആദ്യമായാണ് മരം തന്നെ പേരുചൊല്ലി വിളിച്ചത്... "മരണശേഷവും നിന്റെ പേര് അവശേഷിച്ചതുകൊണ്ടാണ് അങ്ങനെ വിളിച്ചത്... അരൂപിയായ നിനക്കിനി ഈ ഭൂവിൽ ആ പേരുമാത്രമേ അവശേഷിക്കുന്നുള്ളൂ..." 

"കോമളൻ... കോമളൻ... കോമളാ...."
തളിർവെറ്റിലപൊത്തിവച്ച് അച്ഛൻ വലതുചെവിയിൽ പേരുചൊല്ലി വിളിച്ചത് ഇന്നലെയായിരുന്നോ....

"ബന്ധസ്വന്തങ്ങളിൽ അച്ഛനുമമ്മയുമാണ് ഇപ്പോൾ നിന്റെ ചിന്താസരണികൾക്ക് കൂട്ട് കാരണം അവരിന്നലെയെന്നോ എന്നെ പ്രാപിച്ചുകഴിഞ്ഞു... ഇപ്പോൾ നിന്റെ ഊഴവും..." വൃക്ഷം വേദാന്തിയാകുകയാണ്.. "കേൾക്കുക എന്നെ, പഞ്ചേന്ദ്രിയങ്ങൾക്കുമൂർജ്ജമേകിയത് ഞാനാണ് ഒടുവിൽ നിന്റെ പഞ്ചഭൂതശരീരം മണ്ണിലൂടെ ജലത്തിലൂടെ എന്നിലേക്കാണ് മടങ്ങുന്നത്... ആത്മാവും ഞാനാണാവാഹിക്കുന്നത് .. ഭൂമിയും ആകാശവും ജലവും വായുവും ഞാനാകുന്നു... സ്വർഗ്ഗവും നരകവും പാതാളവും പരലോകങ്ങളും ഇഹവും ഞാനാകുന്നു.... "

അത്ഭുതസ്തബ്ദനായി മരത്തെ കേട്ടിരുന്നു.... ആരോ ആരോ തന്റെ ചിതയണഞ്ഞ കുഴിമാടത്തിനരികിലെത്തി ചുറ്റുപാടും നോക്കുന്നു....
 " മകനാണത് നിന്റെ ബീജാങ്കുരം".... മരം ഓർമ്മിപ്പിച്ചു...
മകൻ... ഒരത്ഭുതംപോലെ അവനെ നോക്കി... ഉള്ളിലൊരു വികാരവുമുണരുന്നില്ല....! അവന്റെ കണ്ണുകൾ സജലങ്ങളായിരിക്കുമിപ്പോൾ അല്ലേ മഹാ വൃക്ഷമേ..?

"നീ കരുതുന്നപോലെ അവൻ നിന്റെ ചിതയ്ക്കരികിൽ വന്ന് കരയാനല്ല വന്നത്... കൈയിലിരിക്കുന്ന ലഹരിചുരുട്ടിന് തീ പകരാൻ നിന്റെ ചിതയിലല്പമെങ്കിലും കനലുതേടി തിരക്കിൽനിന്ന് മാറിവന്നതാണവൻ... അവന്റെ കണ്ണുകൾ കലങ്ങിയിട്ടുണ്ട്... അതു സങ്കടംകൊണ്ടല്ല... അവൻ മോന്തിയ ലഹരിയുടെ ശിഷ്ടമാണ്....."

മരത്തിന്റെ മറുപടികേട്ട് പൊട്ടിച്ചിരിക്കണമെന്ന് തോന്നി ഒരുപക്ഷെ ചുവട്ടിൽ മൂത്രശങ്കതീർക്കുന്ന മകൻ കേട്ടാലോ എന്ന് കരുതി ഇല്ലാത്ത വായ ഇല്ലാത്ത കരംകൊണ്ട് പൊത്തിപ്പിടിക്കാൻ ശ്രമിക്കുന്നതുകണ്ട് മരം തന്റെ ചില്ലകൾ കുലുക്കിച്ചിരിച്ചു.... 

എന്തായിരുന്നു ജീവിതം... എന്താണ് ജീവിതവിജയം.. വൃക്ഷശിഖരത്തിലിരുന്ന് ചിന്തകളെ മനനംചെയ്തു.. എന്തുനേടി ജീവിതത്തിൽ...? 
ഒന്നും നേടിയില്ല വിദ്യാഭ്യാസം..? ജീവിത പരിവർത്തനത്തിലുണ്ടാകുന്നതാണ് വിദ്യാഭ്യാസം സൗഹൃദം കുടുംബം മക്കൾ വീട് ഇതൊക്കെ, ഇവ നേടിയെന്നു പറയുന്നത് ശരിയല്ല കാരണം ഇതൊക്കെ സ്വാഭാവികമാണ് അനിതരസാധാരണമായി എന്തെങ്കിലും ചെയ്ത് വിജയിക്കണം അതാണ് നേടൽ... ഈ വൃക്ഷത്തെ താരതമ്യം ചെയ്താലോ.... നൂറോ നൂറ്റന്പതോ വർഷജീവിതംകൊണ്ട് ഒരുവൃക്ഷം ലക്ഷക്കണക്കിന് പുതിയ തലമുറയെ സൃഷ്ടിക്കുന്നു.. കോടിക്കണക്കിന് ജീവജാലങ്ങൾക്ക് ആവാസവ്യവസ്ഥയും ഭക്ഷണവുമൊരുക്കുന്നു... ഒടുങ്ങുമ്പോഴും അപരനാത്മസുഖമേകുന്നു... അപ്പോൾ ഞാനോ..? ഞാനൊന്നും നേടിയില്ല...

 "ഉറക്കങ്ങളിലാണ്ടുപോയ 
വേരുകളാണ്,
ഉയരങ്ങൾ തേടിയ 
ശിഖരങ്ങൾക്കൂർജ്ജമേകിയത്.
ഊഷരവുമൂർവ്വരവുമറിയാതെ...
തലയുയർത്തി വളരാനമൃതേകിയതും
വേരുകൾ... ആ വേരുകളുടെ സൗജന്യമായിരുന്നു എന്റെ ജീവിതം" വൃക്ഷം പതിയെ മൗനംഭജിച്ചു.... "നീ നിന്റെ വേരുകൾക്കായി എന്തുചെയ്തു നിന്റെ മാതാപിതാക്കളെ നീ സംരക്ഷണം നൽകിയോ..., അവരുടെ ആശാനാളങ്ങൾക്ക് ജീവവളംനൽകി താലോലിച്ചോ...? അവരുടെ കണ്ണുകൾ സജലമാകാതെ കാത്തുവോ...? അവയിൽനിന്ന് പൊഴിഞ്ഞ നീർമുത്തുകളെ ഇരുകരങ്ങളിലേറ്റി മണ്ണിൽ പതിയാതോ കാത്തുവോ...? എങ്കിൽ എങ്കിൽമാത്രമാണ് നീയൊരു മനുഷ്യനായത്... നീയൊരു പൂർണ്ണജന്മമായത്.. എങ്കിൽ മാത്രമാണ് നീയെന്നിലെ സ്വർഗ്ഗസീമ താണ്ടുക.." 
മരം അർദ്ധോക്തിയിൽ പറഞ്ഞുനിർത്തി പിന്നെ വടക്കൻകാറ്റുവന്ന് ചില്ലകളെ ഇക്കിളിയിട്ടതിനാൽ ഇളകിയാടിത്തുടങ്ങി...

പുകപടലങ്ങൾപോലുള്ള ശരീരം വൃക്ഷത്തിലേക്ക് കൂടുതൽചേർത്തുവച്ച് കോമളൻ ആലോചിക്കാൻ തുടങ്ങി.... ജന്മകർമ്മങ്ങൾക്കിടയിലെ നന്മകളെയും തിന്മകളെയും വേർതിരിക്കുന്ന അതിർവരമ്പിൽനിന്ന് തുടങ്ങണം... അതിലൂടെ ജന്മലക്ഷ്യമായോ എന്നറിയണം... ആത്മാവിന്റെ മൂർത്തഭാവം നേടണം.. ബോധോദയമാണിനി ആവശ്യം... അതിനായ് തപംചെയ്യണം വൃക്ഷം സൂചിപ്പിച്ചപോലെ ഇനിയുള്ള അഞ്ചുനാളുകൾ... അഞ്ചുനാളുകൾമാത്രം ഗൗതമബുദ്ധന്റെ തപംപോലെ ഈ വൃക്ഷരാജശിഖരത്തിൽ ബോധോദയം തേടിയ ആത്മാവിന്റെ തപസ്സ്..... 
താഴെ വീട്ടുമുറ്റത്ത് സഞ്ചയനത്തിനുള്ള പന്തൽവിതാനമൊരുങ്ങുന്ന ബഹളം... കളത്രപുത്രാദികൾ... ബന്ധുജനങ്ങളുടെ അനുശോചനങ്ങൾ.... വെറ്റിലമുറുക്കിയിരിക്കുന്ന പരികർമ്മിയുടെ നിർദ്ദേശങ്ങൾ... പേരക്കിടാങ്ങളുടെ കലമ്പൽ... പുറകിൽ ലഹരിനിറഞ്ഞ സ്ഫടികപാത്രങ്ങളുടെ ഗോപ്യമായ ശബ്ദങ്ങൾ... പെരുക്കങ്ങൾ.. ഒരു ശബ്ദവും കോമളന്റെ തപസ്സിന് ഭംഗമൊരുക്കിയില്ല... ഇന്ദ്രിയരഹിതനായ ആ ആത്മാവ് ശിഷ്ടകർമ്മങ്ങൾക്കായി ഒരു ബലിഭുക്കിന് ചുമതലയേകി, വൃക്ഷപ്രാപ്തിക്കായി ഗാഢമായ തപസ്സിലലിഞ്ഞുപോയിരുന്നു... 

***ശ്രീ. 



Comments

Unknown said…
ഗംഭീരമായ അവതരണം ... മികച്ച രചന. സ്നേഹാശംസകൾ ജീ...

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്