ദോശേമ്മായി

(കഥകളദിസാദരത്തിൽ പ്രസിദ്ധീകരിച്ച രചന..)

ദോശേമ്മായി..

       പ്രീമിയർ പത്മിനിയുടെ പിൻവാതിൽ തുറന്നു പുറത്തേക്കിറങ്ങിയപ്പോഴാണ് തെക്കൻകാറ്റ് മലക്കംമറിഞ്ഞെത്തിയത്... കാറ്റിന്റെ ചങ്കിലൊരുമണം..? തീക്കനൽചുട്ട ഇരുമ്പു പാളത്തിൽ നല്ലെണ്ണ വെന്ത, അരിമാവും ഉഴുന്നുമാവും, പച്ചവെള്ളവും വെന്തമണം... !. മുഖത്തുരസി കടന്നുപോകാൻശ്രമിച്ച തെക്കൻ കാറ്റിന്റെ വാലിൽപിടിച്ചു നിർത്തി വീണ്ടും മണപ്പിച്ചു.. അപ്പോൾ നിങ്ങളറിഞ്ഞില്ലേ...? കാറ്റ് മൂക്കത്ത് വിരൽ വച്ച് ചോദിച്ചു... "ദോശേമ്മായി മരിച്ചു... ദോശേമ്മായി മരിച്ചു..." കാറ്റിന്റെ ചിലമ്പൽ പ്രതിധ്വനികളോടെ നേർത്തുനേർത്തുപോയി... കേശ്വാ... പാറത്തൊടിയിലേക്ക് വിട്.. ദോശേമ്മായി മരിച്ചുപോയി... പറഞ്ഞുകൊണ്ട് വർക്കിമുതലാളി പ്രീമിയർപത്മിനിയിലേക്ക് വീണ്ടും കയറി.. 
      തെക്കൻകാറ്റിന്റെ ചങ്കിലെമണം എന്നിട്ടും വറ്റിയില്ല.. പാടവരമ്പിനോരത്തെ കൊന്നത്തെങ്ങിലേറിയ ചെത്തുകാരൻ മരുതിന്റെ പുറകേയതു വലിഞ്ഞുകേറി... "മരുതേ... നിക്ക് നെനക്കറിയില്ലേ യീ മണം... " മരുതു മൂക്കുതുറന്നുമണത്തു കാറ്റിനെ,.. "കാറ്റിന്റെ ചങ്കിലൊരുമണം..? തീക്കനൽചുട്ട ഇരുമ്പു പാളത്തിൽ നല്ലെണ്ണ വെന്ത, അരിമാവും ഉഴുന്നുമാവും, പച്ചവെള്ളവും വെന്തമണം... !.
"ദോശേമ്മായീന്റെ മണം..." മരുതിന് സംശയമേയില്ല സുപരിചിതം. "ദോശേമ്മായി മരിച്ചു... ദോശേമ്മായി മരിച്ചു..." പറഞ്ഞുകഴിഞ്ഞാണ് കാറ്റ് ശ്വാസംവിട്ടത്... പിന്നെ ശ്ശൂ..ന്ന് ഒച്ചയിട്ട് മരുതിനൊപ്പം കൊന്നത്തെങ്ങിൽനിന്ന് താഴേക്കിറങ്ങി.. 
 "കൂ.....യ്.." കന്നുപൂട്ടലിന്റെ ഹരത്തിൽ പൂഹോ വിളിച്ചുപാഞ്ഞമാതവനെ നോക്കി മരുതു കൂകിവിളിച്ചു..
   "മാധോ..... നുമ്മടെ ദോശേമ്മായി മരിച്ചുപോയ്ടാ... ദോശേമ്മായി. ". ഞാറുനട്ടുനിന്ന പെണ്ണാളുകൾ നിവർന്നുനോക്കി...! വ്യക്തതവരാൻ അവരുടെ ചേറുപുരണ്ട മുടിയിഴകളെ തഴുകി തെക്കൻകാറ്റ് ഒരിക്കൽക്കൂടി ആവർത്തിച്ചു "ദോശേമ്മായി മരിച്ചുപോയി.. ദോശേമ്മായി മരിച്ചുപോയി...." മൂക്കത്ത് വിരൽവെച്ച പെണ്ണാളുകൾക്ക് മുണ്ടകൻ ഞാറിന്റെ പുതുമണത്തെക്കാൾ മൂക്കിലിരച്ചുകേറിയത് "തീക്കനൽചുട്ട ഇരുമ്പു പാളത്തിൽ നല്ലെണ്ണ വെന്ത, അരിമാവും ഉഴുന്നുമാവും, പച്ചവെള്ളവും വെന്തമണം... !.

പാടവരമ്പ് ഒരു വിലാപയാത്രയായി പാറത്തൊടിയിലേക്ക് തിരിച്ചു, കാരണം
'ദോശേമ്മായി മരിച്ചുപോയി.'

തേഞ്ഞുണങ്ങിപ്പോയ പാരഗൺ ചെരുപ്പു തറയിലുരസ്സിയുരസ്സി അടുത്ത ബാങ്കുവിളിക്കുള്ള സമയംനോക്കിയിരുന്നപ്പോഴാണ് അവ്സാലിക്കായ്ക്കുമുന്നിൽ തെക്കൻകാറ്റ് ചെന്നത്.. പള്ളിമിനാരത്തിലൊന്ന് വലംവച്ച കാറ്റ് അവ്സാലിക്കയ്ക്കും നൽകി ആ മണം... "തീക്കനൽചുട്ട ഇരുമ്പു പാളത്തിൽ നല്ലെണ്ണ വെന്ത, അരിമാവും ഉഴുന്നുമാവും, പച്ചവെള്ളവും വെന്തമണം... ! പിന്നെ പതിയെപ്പറഞ്ഞു "അവ്സാലിക്കാ നമ്മുടെ ദോശേമ്മായി മരിച്ചു... ദോശേമ്മായി മരിച്ചുപോയി..." ചാടിയെണീറ്റ അവ്സാലിക്കായോട് കൂടുതൽ പറയാതെ മുറ്റത്തെ കരിയിലയുമെടുത്ത് കാറ്റു പാഞ്ഞുപോയി.... 
അവ്സാലിക്കയുടെ അടുത്ത ബാങ്ക് വിളിക്ക് കറണ്ടുണ്ടായിരുന്നില്ല  *ബിലാൽഇബ്നു  അനുഷ്ഠിച്ചതുപോലെ അവ്സാലിക്കാ അന്നേരം ഭക്തിനിർഭരമായി ബാങ്ക് വിളിച്ചു ഒപ്പം മനസ്സുകൊണ്ട് ദോശേമ്മായിയുടെ ആത്മാവിനായി പ്രാർത്ഥിച്ചു.  നമസ്കാരം കഴിഞ്ഞ് പള്ളിക്കുപുറകിലെ മൺതാരചാടി ഇടവഴിയേറി.. ഇടവഴി നേരത്തെതന്നെ പാറത്തൊടിയിലേക്ക് യാത്ര തുടങ്ങിയിരുന്നു...! കാരണം ദോശേമ്മായി മരിച്ചുപോയി...!
      ചെമ്മണ്ണും പൊടിയും നിറഞ്ഞ സർക്കാർ റോഡിലൂടെ വില്ലേജധികാരി ഉച്ചച്ചൂട് വകവയ്കകാതെ ഝടുതിയിൽ നടക്കുന്നുണ്ടായിരുന്നു.. ചാവടിക്ക് ഉച്ചയ്ക്കുശേഷം അവധി നൽകിയിട്ട്.., കുറച്ചുപുറകിൽ കാലൻകുടനിവർത്തി പ്രധാനദ്ധ്യാപകൻ കണാരൻ മാഷും പ്യൂൺ ഔതയും വരുന്നുണ്ട് നാട്ടിലെ പ്രൈമറിസ്കൂളിന് ഉച്ചയ്ക്ക് ഉപ്പുമാവു വിളമ്പിയശേഷം അവധികൊടുത്തു.. അമ്പട്ടൻ കണാരനും ആ പാതയിലുണ്ട്.. വ്യഞ്ജനവ്യാപാരി വറീത്, മലഞ്ചരക്ക് കച്ചോടക്കാരൻ സായ്പ്, ബുദ്ധീജീവി പൈലി, നാട്ടുഗന്ധർവ്വദാഹങ്ങളടക്കുന്ന  മേലതടത്തരികത്തെ ശകുന്തള, എന്നുവേണ്ട നാട്ടിലെ പ്രമുഖരും അപ്രമാദികളും തങ്ങളുടെ പതിവുകൾക്ക് അവധിനൽകി ആ പാതയിലുണ്ട്,.. പാത, ആദ്യമേ പാറത്തൊടിയിലേക്ക് യാത്ര തുടങ്ങിയിരുന്നു..! കാരണം ദോശേമ്മായി മരിച്ചുപോയി...!  

പാറത്തൊടിയിൽ ദോശേമ്മായിയുടെ ചെറിയ ചായചായ്പിനടുത്തുതന്നെയാണ് ദോശേമ്മായിയുടെ ചിതയും ഒരുക്കിയത്. ഗ്രാമത്തിലെ മുഴുവൻ പേരും ദോശേമ്മായിയുടെ ദോശയുടെ രുചിയറിഞ്ഞവർ മുഴുവൻ സാക്ഷിയാക്കി ആരോരുമില്ലാത്ത ദോശേമ്മായിയെ നിറയെ നെയ്യൊഴിച്ചുനനച്ച ചിതയിലേക്കെടുത്തു... ദോശേമ്മായിയുടെ ചിത പടർന്നുകത്തി... ദോശേമ്മായിയുടെ അടുപ്പിലെ ഇരുമ്പ് പാളത്തിൽ ദോശമാവൊഴിക്കുംപോലെ ചിത ശ്ശൂ.... ശ്ശൂ...ന്ന് ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു.

  മരണമറിയിച്ചു തളർന്ന തെക്കൻകാറ്റ് ചിതയ്ക്കരികിൽ വന്ന് കിതച്ചിരുന്നു. വന്നവർ പലരും ദോശേമ്മായിയുടെ ചായചായ്പിലെ അണഞ്ഞ അടുപ്പും ദോശത്തട്ടും നോക്കി നെടുവീർപ്പിട്ടു.. പിന്നെ ചിത കത്തിയണയാൻ നോക്കിയിരുന്നു. ദോശേമ്മായി വാശിക്കാരിയല്ലായിരുന്നല്ലോ, ദോശേമ്മായി വേഗം എരിഞ്ഞടങ്ങി... സന്ധ്യയായി ചിതയ്ക്കപ്പുറം പതുങ്ങിക്കിടന്ന തെക്കൻകാറ്റ് പതിയെ കുടഞ്ഞെണീറ്റു.. ദോശേമ്മായിയുടെ ചിതയെ ഒന്നു വലംവച്ച് അതു വീണ്ടും പായാൻതുടങ്ങി.. നാടുചുറ്റിക്കറങ്ങിയ കാറ്റിനൊരു ഗന്ധമുണ്ടായിരുന്നു.. 
  "തീക്കനൽചുട്ട ഇരുമ്പു പാളത്തിൽ നിറയെ നെയ്യു ചേർത്ത് അരിമാവും ഉഴുന്നുമാവും, പച്ചവെള്ളവും വെന്തമണം... ! ഇന്നും സന്ധ്യകളിൽ ഗ്രാമത്തിൽ തെക്കൻകാറ്റ് ആ ഗന്ധവുമായണയുന്നുണ്ട്..  തീക്കനൽചുട്ട ഇരുമ്പു പാളത്തിൽ നെയ്യ് വെന്ത, അരിമാവും ഉഴുന്നുമാവും, പച്ചവെള്ളവും ഒപ്പം ദോശേമ്മായിയും വെന്തമണം... !.
..... ശ്രീകുമാർശ്രീ.  26-4-2020.


*ബിലാൽ ഇബ്നു റബാഹ് എന്ന എത്യോപ്യൻ വംശജനായ കറുത്തവർഗ്ഗക്കാരനാണ്  മദീനയിലെ മസ്ജിദുന്നബവിക്കുനുമുകളിൽ കയറി നിന്നാണ് ആദ്യമായി ബാങ്ക് വിളിച്ചത്. അതൊരു സ്വപ്നദർശനാനന്തരമായിരുന്നു. 

Comments

Anonymous said…
How to Play Baccarat in Spanish - Free Demo for PC | FEBCasino
› casino › casino Play your favorite casino 바카라 사이트 games like Blackjack, Roulette, Baccarat, Roulette and much more for free and with choegocasino FEBCasino! 메리트카지노 No Download and No Registration Required!
Ente chintha said…
Dond know use Google translate

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്