നിറവിന്റെ 100 കവിതകൾ എന്ന സമാഹാരത്തിലെ എന്റെ കവിത
പിരിയുവാൻ വെമ്പുന്നവളൊടൊരു വാക്ക്
-----------------------------
ഇനി നമുക്കങ്ങ് പിരിയേണമെന്നുള്ളിൽ
അരുമ, പ്രണയിനി കവിത, മൊഴിയുന്നു.
മതിമതി നിന്റെ ഭാവനാലോകത്ത്
അതിവിശാലമെനിക്കായ് തുറന്നൊരു
മണികവാടമടച്ചുകൊള്ളെന്നവൾ
പ്രിയദമോടെ പറഞ്ഞകന്നീടുന്നു.
ദുരിതപർവ്വങ്ങളേറിയനാളിലും
കൊടിയ'കലി'യേറ്റ നളനായ് ഭവിക്കിലും
ഞൊടിയിടെ വന്നുപോയസന്തോഷത്തിൻ
ചെറുസ്ഫുരണങ്ങളിൽ പോലുമെന്നുമേ
അരികിലുണ്ടായിരുന്നെന്റെ വാക്കിലും
അരുമനോക്കിലും പൂത്തുലഞ്ഞന്നുനീ..
വലതുവിരലുമായ് തൂലികാഗ്രങ്ങളാൽ
പലവുരുനമ്മൾ സംഭോഗമെത്രനാൾ,
അതിലൊരായിരം സർഗ്ഗചേതനയുടെ
മകുടമാമെത്രമക്കൾ പിറന്നതും
ഒരുവരിക്കെത്രയാശിച്ച കാലങ്ങൾ
അരികിൽ നീയോടിയെത്തിയണച്ചതും
ഇടവമാസപ്പെരുമഴപോലെന്നിൽ
അരുമവിത്തുകളെത്ര ജനിച്ചതും
അറിയുമമലേനീയെന്തിത്രവേഗമായ്
അകലുവാൻ വെമ്പിനില്പതു നിർണ്ണയം
കവിതഭാവനാശൂന്യനായോ ഞാനും
കപികുലത്തിലേക്കാണ്ടുപോയീടിലോ..
ചിലവരികൾ പിഴച്ചിടാമെന്നാലും
ചിലതു ചാപിള്ളയായ് തന്നെയായിടാം
ഇടയിലിടവേളയില്ലാതെ പൊഴിയുന്ന
മകരമഞ്ഞാകുവാനാവതില്ലാതെ
കുറുഞരക്കങ്ങൾ മാത്രമായ് തോന്നിടാം..
അറിയു വരദേ, നീയെൻ വിരൽവരുതിവിട്ടാലു-
മൊഴിയുകില്ലയെൻ ഹൃദയതന്തുക്കളിൽ
ചെറുനനവായ് പടർന്നതാണിനിയേതു
ദുരിതനാളിലുമൊഴിയില്ല നിശ്ചയം.
ശ്രീ.
Comments