Posts

Showing posts from May, 2021

വേരുപടലങ്ങൾ_അടയാളപ്പെടുത്തുന്നത്

Image
വഴികൾ... വഴികൾ... കൂട്ടിമുട്ടാത്ത വഴികളാണെങ്ങും.. വഴികളവസാനിക്കാത്ത കാലം...  ഭൂമി ഉരുണ്ടെന്നത് പൊളിവാക്കുപോലെ,... ജീവിതം തേടിപ്പോകുന്ന മഗല്ലന്മാർ  ചുറ്റിത്തീരുന്നേയില്ല..! കപ്പൽചേദങ്ങളെ കുറ്റപ്പെടുത്താം വഴിതീർത്തവനെ അയോഗ്യനാക്കാം ദൂരദർശിനികളുടെ പോരായ്മയെ നിശിതം വിമർശിക്കാം... എതിർ ദിശകളിലേക്ക് പാലായനം ചെയ്തവരാണ് നാം.. പരിക്ഷീണിതരാണു നാം.. എന്നാലും പാതകളുടെ  പാർശ്വങ്ങളിലേക്ക്  പരതരുത്...! ഒരുപക്ഷെ പൂവാംകുരുന്നുകൾ മരതകഞൊറിതീർത്ത മറകൾക്കുപിന്നിലൊരുവഴി..!! ഉണ്ടാകുമതു നിശ്ചയം... അവതെളിച്ച വഴിതിരിഞ്ഞുനടന്നാൽ നാമൊരു ബിന്ദുവിൽ വീണ്ടും കൂട്ടിമുട്ടില്ലെന്നാരുകണ്ടു..  ഒരുപക്ഷെ  അപ്പോഴെങ്കിലും നമുക്കനുമാനിക്കാം, അല്ലെങ്കിൽ... വേരുപടലങ്ങളടയാളപ്പെടുത്തും എത്രയകന്നുപോകിലും  ഭൂമിയുരുണ്ടുപോയത് നമുക്കുവേണ്ടിയായിരുന്നെന്ന്. #sree

ഇടവപ്പാതികൾ

Image
ഇടവപ്പാതി ഇടമുറിയാതെ, മച്ചിറമ്പിലെ വെള്ളിനൂൽധാര പൊട്ടുന്നേയില്ല... ആദ്യമൊക്കെ ചന്നംപിന്നം കലപിലകൂട്ടിയ മഴത്തുള്ളികളും പാടാനാരംഭിച്ചിരിക്കുന്നു.. എത്ര താളത്തോടെയാണവർ പുരപ്പുറത്തെ പ്രതലത്തിൽ മൃദംഗധ്വനിയുണർത്തുന്നത് എത്രമനോഹരമായാണവ,  മുളയിലകളിൽ തമ്പുരുശ്രുതിയൊരുക്കുന്നത്... നനുത്ത ചിറകുകൾ പൂട്ടിയൊരു പുള്ളിവാലൻകിളിതാ എന്റെ ജാലകപ്പടിയിൽ.. കടുംകാപ്പിയേക്കാൾ  ചൂടാണ് പെണ്ണേ നിന്നുടലിനെന്ന് പിന്നുടലിനോട് ചേർന്ന് മൊഴിയുമ്പോൾ... മഴ ഒച്ചയൊതുക്കിയതെന്തിനാവാം...? നിന്റെ മറുവാക്കിനുതന്നെ... ഒരുകമ്പിളിച്ചൂടിനുള്ളിലേക്കവൾ ശബ്ദങ്ങളടക്കുമ്പോൾ മഴ..  വീണ്ടുമൊരു രതിനടനതാളം. #ശ്രീ.

അമ്മയില്ലാത്തൊരു_വീടൊഴിയുമ്പോൾ

Image
ആദ്യം നിശ്ശബ്ദതപേറുക അടുക്കളയാണ്... അല്ലെങ്കിൽ, അടുക്കളശബ്ദങ്ങൾ അന്യമാകുമ്പോഴാണ് വീടൊഴിയേണ്ടത്.... അടുപ്പെരിയാതെ, പുകതുപ്പാതെ, അരകല്ലുരയാതെ, പാത്രങ്ങൾ ചിലയ്ക്കാതെയൊരുടുക്കള..! വീടൊഴിയലിന്റെ ആദ്യചിഹ്നനമാണത്. സ്ഫടിക ഭരണിയിൽ  അവശേഷിക്കുന്ന ബിസ്കറ്റുതുണ്ടുകളാണ് വിരുന്നുമുറിയിലെ അവസാന- ഭോജ്യരസവസ്തുത. പിന്നെയേറെ പരിതപിക്കുക, മകളുടെ ഉറക്കമുറിയാവും.. കുറുംചുവരിലേക്കവൾ പകർന്ന- തെത്രമാത്രം പരിഭവങ്ങൾ  പരിവേദനങ്ങൾ.... പറഞ്ഞുതീരാത്ത സൗഹൃദകഥകൾ പരിസമാപ്തിയിലെത്താത്ത പ്രണയകഥകൾ.. പകൽക്കിനാവുകൾ പ്രതീക്ഷകൾ നെടുവീർപ്പുകൾ... എല്ലാമടക്കിപ്പിടിച്ചൊരു മുറി നിശ്ശബ്ദം തേങ്ങുകയാവും. ചുവരിൽ കോറിയ ബോബ്മാർലിചിത്രം...! മകന്റെ മുറിയടയാളമാണത്. പൂർത്തിയാക്കാത്തൊരു പ്രണയലേഖനം അവനുമുപേക്ഷിക്കുമാ മുറിയിൽ.  അച്ഛനായൊരു മുറിയുണ്ടാകില്ല വീട്ടിൽ  അടുക്കളയൊഴിവിനൊപ്പം അച്ഛന്റെ സ്വകാര്യതകളും മുന്നേ ഒഴിഞ്ഞിട്ടുണ്ടാകും. പടികൾക്കും തറയോടിനുമുണ്ട് വേദന, ചവിട്ടിമെതിച്ചിരുന്നെന്നാകിലും.. പുതുനിറംചേർത്ത് എത്രവേഗം ചുവരിന്റെ നിറങ്ങൾ മായ്ക്കുന്നവർ അതിന്റെ ആത്മാവിലെഴുതിയ ചുമർചിത്രങ്ങളറിയുമോ...? ഉമ്മറവും അടുക്കളപ്പുറവുമൊക്കെ  വിടപറയുമ്പോൾ നീ
Image
എത്ര വാചാലമാണ്  നമ്മുടെ സൗഹൃദം. നാമറിയുമ്പോഴും നമ്മെയറിയുമ്പോഴും പങ്കുവയ്ക്കുക  എത്ര കാര്യങ്ങൾ എത്ര സന്തോഷങ്ങൾ എങ്കിലുമെപ്പോഴും നമ്മിലൊരു മൗനം കുടികൊള്ളുന്നില്ലേ.. ആരാദ്യം പങ്കുവയ്ക്കുമെന്ന ചോദ്യം നമ്മുടെ മൗനനിമിഷങ്ങളിൽ വീണുടയുകയല്ലേ.. നമ്മുട വാക്കുകളിലെ മൗനമുടയുന്നത് ഇന്നാകുമെന്നോർത്ത് വെള്ളിപ്രഭവിതറുന്നുണ്ട് മേലാകാശത്തൊരു പൗർണ്ണമി.. #ശ്രീ

രണ്ടറയുള്ള അമ്മയുടെ പേടകം

Image
അമ്മയ്ക്കൊരു കുഞ്ഞുപേടകമുണ്ട്..! രണ്ടറയുള്ള പേടകം.. ഭദ്രമായ് പൂട്ടിയൊരു പേടകം ആരും തുറന്നുകാണാത്ത കുഞ്ഞുപേടകം..... അമ്മപ്പേടകത്തിലൊരു കസവുമുണ്ടുണ്ട്.. ഒരോണത്തിനമ്മയ്ക്കുകിട്ടിയ മഞ്ഞുമണമുള്ള മുണ്ട്..! അമ്മയുടുക്കാത്ത മുണ്ടാണത് അച്ഛനണഞ്ഞശേഷം അമ്മയുടെ യാത്രകളെല്ലാം മന:പഥങ്ങളിൽ മാത്രം.. അമ്മയിന്നുടുക്കുകയാണാ രാമച്ചമണമുള്ള മുണ്ട്.. അമ്മയിന്ന് പുറത്തുപോകയാണ്.. മകനിന്നാണ് സമയമുണ്ടായത് അമ്മയ്ക്കൊരു യാത്രയ്ക്ക്..     ****** വൃദ്ധസദനത്തിൽ നിന്ന് തിരികവന്ന മകൻ ആദ്യം തുറന്നുനോക്കിയത് അമ്മയുടെ പേടകമായിരുന്നു.. രണ്ടറയുള്ള അമ്മപ്പേടകം. ആദ്യത്തെ അറ വിശാലമാണ്.. വാത്സല്യത്തിന്റെ ഒരായിരം നെടുവീർപ്പുകളുറങ്ങിയ, ഒരുപിടി മഞ്ചാടിമണികൾ മയിൽപ്പീലിപ്പെരുമകൾ ബോർഡിങ്ങിലുറങ്ങുന്ന പേരക്കിടാവിന്റെ നഷ്ടബാല്യത്തിന്റെ ചിന്തുകൾ.... രണ്ടാമത്തെയറയിലാകെ പഴമയുടെ ഗന്ധമായിരുന്നു അച്ഛന്റെ നെഞ്ചുപറ്റിയിണങ്ങിയ മുന്നുവയസ്സുകാരൻ ഒപ്പം മഞ്ഞുചേലചുറ്റിയൊരമ്മ നിറമില്ലാത്ത ചിത്രം.... നിറംചേർക്കാതമ്മ, കരുതിയൊളിപ്പിച്ച ചിത്രം... ശ്വാസംമുട്ടിക്കുന്നുണ്ടവയെന്നറിഞ്ഞ് അവളവ തട്ടിത്തൂവി.., രണ്ടറകളും വൃത്തിയാക്കിവച്ചു... ചില്ലുകൂട്ടിൽനിന്ന്  ക