നിറമില്ലാത്ത പൂക്കൾ
വാസനിക്കുമോയെന്നിൽ വിരിഞ്ഞൊരീ
വേദനപ്പൂകൊഴിഞ്ഞുവീഴുംമുമ്പേ.
കട്ടെടുത്തതല്ലോമലേയിന്നലെ,
ശുഷ്കഹൃത്തിൽ വിരിഞ്ഞതാണീമലർ..
ചെറ്റുവർണ്ണം കുറഞ്ഞിടാമെങ്കിലും
മുറ്റുവാസനയേറെയുണ്ടായിടും....
ദന്തഗോപുരമുറ്റത്തുപൂത്തത-
ല്ലെന്റെമുറ്റമുദാത്തവുമായില്ല.
വെള്ളിനീരില്ല പേമാരിയേറ്റില്ല
കണ്ണുനീരേറ്റു പൂത്തതാണീമലർ
തപ്തനിശ്വാസ ഗദ്ഗദ തീയറ്റൊ-
രിത്തിരിച്ചാരമാണതിൻചോട്ടിലും.
ഇല്ല പ്രാണികളൊന്നുമിന്നേല്ക്കി-
ല്ലിതിന്റെ പൂമ്പൊടി ചേർക്കുവാൻ
മറ്റൊരു, നല്ല പൂവിൽ പരാഗണം
ചെയ്യുവാനില്ല കാറ്റുമകന്നുപോം നിശ്ചയം.
ഏറെനേരം തപംചെയ്തിരിക്കുവാ-
നാവതില്ലാത്ത പൂവാണിതോർക്കനീ
വാടിവീഴുവാനായുന്നു സന്ധ്യയായ്...
വേദനിക്കുവാനില്ലാർക്കു നേരവും.
ഓർക്ക, പൂത്തതെൻ ഹൃത്തിലെന്നാകിലും
ഓർത്തുപൂത്തതു നിന്നെയാണീമലർ.
കാത്തുവയ്ക്കുവാനായടർത്തീടേണ്ട
ഒന്നുവാസനിച്ചീടുകയന്ത്യമായ്.
__ശ്രീ 27/10__
Comments