സണ്ണിയും മറിയയും
നമുക്ക് മുന്നിലൂടെ കടന്നുപോകുന്ന പലജീവിതങ്ങളുടെയും പിന്നാമ്പുറചരിതം നമുക്കറിയില്ല എന്നാൽ ചിലപ്പോൾ അതറിയാൻ ശ്രമിച്ചാലും ഒരു സമസ്യപോലെ നമ്മുടെ ചിന്തയ്ക്കും ധാരണകൾക്കും വഴങ്ങാതെ നിൽക്കുമവ. അറിയുമ്പോഴോ.. ഒരുപക്ഷേ നേരത്തെ അറിയേണ്ടിയിരുന്നെന്ന് തോന്നാം അല്ലെങ്കിൽ അറിയേണ്ടിയിരുന്നില്ലെന്ന് തോന്നാം ആശങ്കയോ അത്ഭുതമോ അനുഭവപ്പെടാം സങ്കടമോ സന്തോഷമോ തോന്നാം. എന്നാൽ ഇന്നും അന്നും എന്റെ ചിന്താമണ്ഡലത്തിലെ ശേഷിയ്ക്ക് പാകംചെയ്യാൻ നിന്നുതരാത്ത രണ്ടുപേരുടെ എനിക്കറിയാവുന്ന വിശേഷങ്ങൾ ആണ് ഈ ഭാഗത്ത് ഞാൻ പൊടിപ്പും തൊങ്ങലും ചേർക്കാതെ വിവരിക്കുന്ന വിശേഷങ്ങൾ. അതുകൊണ്ടുതന്നെ പതിവുഹാസ്യരസമില്ലാതെയാണ് എനിക്കതു പറയേണ്ടിയിരിക്കുന്നതും.. ക്ഷമിക്കുക.
××××××××××××××××××××××××
അവധിദിനമാണ് ഉച്ചഭക്ഷണസമയം കഴിഞ്ഞ് പറമ്പിലെ ചെറിയ വെള്ളരിമാവിൻ ചോട്ടിലെ അടുത്ത കളിവട്ടത്തിന് കൂടിയതേയുള്ളൂ.. അപ്പോഴേക്കും കേൾക്കാം കൈതവരമ്പിനങ്ങേയറ്റത്തു നിന്നും കുട്ടികളുടെ കൂക്കുവിളി...
"" ആ പിള്ളാരേ ദേ സണ്ണിയെറങ്ങീട്ടുണ്ട്.. " അമ്മ പറഞ്ഞുതീരുംമുമ്പ് ഞങ്ങൾ ആൺകുട്ടികൾ പാടവരമ്പത്തേയ്ക്ക് പാഞ്ഞുകഴിയും..
സണ്ണി എന്നാൽ ഒരാളല്ല രണ്ടുപേരാണ് സണ്ണിയും മറിയവും ശരീരം മുഴുവൻ ഒരുപാട് വസ്ത്രങ്ങൾ ധരിച്ചാണ് സണ്ണിയുടെ വരവ്.. ഏകദേശം ആറേഴ് ഷർട്ടെങ്കിലും സണ്ണി ധരിച്ചിട്ടുണ്ടാകും അത്രയുംതന്നെ പഴകിയ കൈലിമുണ്ടും.. കുറിയനെറ്റിയും സൂക്ഷിച്ചുനോക്കിയാൽമാത്രം കാണാവുന്ന പുരികവും അതിനുതാഴെ അഗാതതകളിലിരുന്ന മിന്നുന്ന ബാറ്ററി തീർന്ന ടോർച്ച്ബൾബുപോലുള്ള നരച്ചനിറമുള്ള കണ്ണും... പരന്ന മൂക്കിനുതാഴെ മീശരോമത്തിന് വളരാൻ ഇടമില്ലാത്തതിനാലാവും മീശയില്ലാത്തത്.. കറപുരണ്ട പല്ലുകാട്ടി ചിരിക്കുമ്പോൾ ഇരുചെവികളിലുമെത്തുന്ന വായും ഒരുപാട് വസ്ത്രങ്ങൾ കാരണം ഏറെ വലുപ്പംതോന്നിക്കുന്ന ശരീരവുമാണ് സണ്ണിക്ക്.. ഇക്കാലത്ത് പ്രചാരംനേടിയ കുബേരപ്രതിമപോലെ തോന്നിക്കുമായിരുന്നയാൾ.. പുരികത്ത് അല്പംകൂടി മുടികൾ ഉണ്ട് എന്നതിനപ്പും സണ്ണിയും മറിയയും തമ്മിൽ സാരമായ വ്യത്യാസമൊന്നും തന്നെയില്ലായിരുന്നു വസ്ത്രാധാരണവും ഇരുവരും ഒരുപോലെയായിരുന്നു.. മറിയയും ധാരാളം മുഷിഞ്ഞ ഷർട്ടുകളും അതുപോലെ കൈലിമുണ്ടുമാണ് ധരിക്കുക.
സണ്ണിയും മറിയയും ഞങ്ങളുടെ ഗ്രാമത്തിൽ എത്തിയാലുടൻ കുട്ടികൾ കൂക്കുവിളികളും ബഹളവുമായി ചുറ്റുംകൂടും.. രണ്ടുരൂപങ്ങളെ എഴുന്നള്ളിക്കുന്നപോലെയാണ് കുട്ടികൾ അവരെ പാടവരമ്പിന്റെ അങ്ങേയറ്റത്തുനിന്ന് ആനയിച്ചുകൊണ്ടുവരിക. മാസത്തിൽ ഒന്നോരണ്ടോ തവണയാണ് സണ്ണിയും മറിയയും ഗ്രാമത്തിൽ എത്തുക.. എന്നാൽ ഗ്രാമത്തിലെ എല്ലാകുട്ടികളെയും അവരുടെ വീടുകൾ ഏതെന്നുമൊക്കെ സണ്ണിയ്ക്കും മറിയയ്ക്കും ഹൃദിസ്ഥമാണ്. കുട്ടികളെ മറ്റാരും കാണാതെ നെറുകയിൽ തലോടുന്ന പതിവും സണ്ണിയ്ക്കുണ്ടായിരുന്നു.
സണ്ണി ഒരു റേഡിയോ നിലയമാണ് മറിയം ഒറ്റയാൾ ഓർക്കസ്ട്രയും... പ്ലാവിലകൾ ഈർക്കിൽ കൊണ്ട് വളച്ചുകുത്തി നല്ല വട്ടത്തിൽ ഗ്രാമഫോണിൽ ഉപയോഗിക്കുന്ന CD രൂപത്തിലാക്കി നടുവിൽ ഒരു സുഷിരവുമുണ്ടാക്കും അതിലൂടെ കമുകിന്റെ ചീള് നന്നായിഉരുട്ടിമിനുക്കിയ കമ്പു കോർത്ത് ഇടംകൈയിൽ പിടിക്കും മറുകൈയിലെ വിരലുകളാൽ അതിനെ തട്ടിക്കറക്കി "ബലികുടീരങ്ങളേ..." എന്ന് പതറിയ സ്ത്രൈണശബ്ദത്തിൽ സണ്ണി ഉറക്കെപാടും.. അടുത്തുതന്നെനിന്ന് മറിയം "ടണണാ... ടണണാ.." . എന്ന് ഓർക്കസ്ട്രയും. ഇതാണ് അവരുടെ ഓദനമാർഗ്ഗം. പാട്ടുകൾ മാറുന്നതിനനുസരിച്ച് കമുകിൻ ചീളിലെ CDയും മാറ്റിയിടും സണ്ണിയുടെ ഷർട്ടുകളുടെ ഓരോന്നിന്റെയും ഇടയിലിടയിലായി ഇങ്ങനെ നിരവധി പ്ലാവില CD കൾ സുലഭം. ഈ നേരംപോക്കിന് നല്ലവരായ ഞങ്ങളുടെ നാട്ടുകാർ പരമാവധി പ്രോത്സാഹനം നൽകിയിരുന്നു. പഴങ്കഞ്ഞി, കഞ്ഞി, പുഴുങ്ങിയ കപ്പയോ ചക്കയോ, ചക്കപ്പഴം, അരി, കാലണ അല്ലെങ്കിൽ അരയണ.. ഇതൊക്കെയാണ് ഈ ഗാനമേളയ്ക്ക് നാട്ടുകാർ നൽകിയിരുന്നത്. ഒരു ഗാനമേള എന്നാൽ ആറുപാട്ടുകൾ എന്ന് സംഘം നിജപ്പെടുത്തിയിട്ടുണ്ട്. അതിനുശേഷം കളിവർത്തമാനങ്ങളാൽ നാട്ടുകാരുടെ നേരംപോക്കിനുള്ള വകയായിരുന്നു സണ്ണിയും മറിയയും.
സണ്ണിയും മറിയയും സഹോദരങ്ങളാണ് എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത് കുന്നിന്റെ ഓരത്ത് ഒരു ഒറ്റപ്പെട്ട തകരഷീറ്റും മൺകട്ടയും ചേർത്ത, ആസ്ബറ്റോസ് മേൽക്കൂരയുള്ള വീടാണത്... അതുതന്നെ കുന്നിൽമുകളിലെ പള്ളിവികാരിയുടെ ഇടപെടലിലാണ് നിലനിന്നുപോയത്. അതുകൊണ്ടാവണം ഞായറാഴ്ച ദിനങ്ങളിൽ ഈ ഗാനമേളസംഘം പള്ളിയിൽ പ്രാർത്ഥന മുടക്കാത്തത്. കാലങ്ങൾ കഴിയവെ സണ്ണിയും മറിയയും ഞങ്ങൾ കുട്ടികളുടെ കൗതുകവസ്തുവിൽനിന്നും രസംകൊല്ലിയായിമാറി.. മുതിർന്നവർ സഹതാപതരംഗങ്ങളാൽ സഹായങ്ങൾ നൽകിപ്പോന്നു. സണ്ണിയുടെ പാട്ടുകേൾക്കാൻ ശ്രോതാക്കളുടെ കുറവുണ്ടായെങ്കിലും സണ്ണി പാടിപ്പാടിനടന്നു. എന്നാൽ അതിനനുപല്ലവിയായി മറിയത്തിന്റെ "ടണണാ.. ടണണാ.. " ഇല്ലായിരുന്നു.. കാരണം ദിവസങ്ങൾ കഴിയവെ മറിയയുടെ അടിവയർ വീർക്കാൻതുടങ്ങിയിരുന്നു... മാത്രമല്ല അവർ വളരെ അവശയുമായി കാണപ്പെട്ടു. അപ്പോഴും നാട്ടിലെ ചില വിരുതന്മാർ സണ്ണിയെ കളിയാക്കാൻ മറന്നില്ല...
" എടാ സണ്ണീ..."
" നെന്റെ മറിയ ഗർഭിണിയാണോടാ."
"... എത്ര മാസായടെ..." "നീയാളുകൊള്ളാല്ലെടാ... "
എന്നിങ്ങനെയുള്ള ക്രൂരവും പരിഹാസപരവുമായ അഭിപ്രായങ്ങൾ കേട്ട് സണ്ണി ചൂളിയില്ല... ചോദിച്ചവരോടും കളിയാക്കിയവരോടുമൊക്കെ അവൻ മറിയയുടെ വയറിൽ തടവിക്കാണിച്ചിട്ട്
" വാവയുണ്ട്... വാവ" എന്നുമാത്രം പറഞ്ഞു .
എന്നാൽ മറിയയാകട്ടെ ചോദ്യകർത്താക്കൾക്ക് അവശയായൊരു നോട്ടം മാത്രം നൽകി. എന്നാൽ പത്തുമാസമോ ഇരുപതുമാസമോ ഒക്കെ കഴിഞ്ഞുപോയി.. മറിയ പ്രസവിച്ചില്ല.. നിറവയുറുംതാങ്ങി സണ്ണിയെ പിടിച്ച് അവശയായി മറിയ വീടുവീടാന്തരം കടന്നുപോകുമായിരുന്നു.. പിന്നെപ്പോഴോ ഞങ്ങളുടെ ദിനവിശേഷങ്ങളിൽനിന്ന് സണ്ണിയും മറിയയും പെട്ടെന്ന് കൊഴിഞ്ഞുപോയി.
ഇതിനിടയിൽ കാലമെത്ര കടന്നുപോയെന്ന് ഞങ്ങൾ കുട്ടികൾ കണക്കെടുത്തുവച്ചില്ല.
ഏകദേശം ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ ആണ് സണ്ണിയെയും മറിയത്തെയും അറിയുന്നത് ഹൈസ്കൂൾ വിദ്യാഭ്യാസം കഴിയുംവരെയും രണ്ടുപേരും ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നുണ്ടായിരുന്നു..
പ്രീഡിഗ്രി കാലത്തിലാണ് താലൂക്കാശുപത്രിയിൽ ശക്തമായ പനിക്കിടക്കയിലാണ് ഞാൻ, കൂട്ടിന് അച്ഛനുണ്ട്... പനിയുടെ ക്ഷീണംകൊണ്ട് ഉച്ചഭക്ഷണശേഷം മയങ്ങുമ്പോൾ ആരോ നെറുകയിൽ തലോടുന്നു പരുപരുത്തകരങ്ങളും മുഷിഞ്ഞഗന്ധവും പനിക്കിടക്കയിലും എനിക്കാ ഗന്ധവും സ്പർശവും തിരിച്ചറിയാനായി കണ്ണുതുറന്നു...
മുന്നിൽ സണ്ണി...!!
അച്ഛനപ്പോഴേക്കും കാന്റീനിൽനിന്നും കട്ടൻകാപ്പിയുമായിവന്നു. പതിവുപോലെ അച്ഛൻ കാണുംമുമ്പ് സണ്ണി എന്റെ നെറ്റിയിലെ കൈ പിൻവലിച്ചു.
" ടാ സണ്ണീ... നിന്നെ കാണാനില്ലെല്ലെടാ... നിയൊക്കെ ഇപ്പോൾ എവിടാടാ...." അച്ഛന്റെ ചോദ്യത്തിന് സണ്ണി എന്നോടെന്നപോലെ മറുപടിപറഞ്ഞു..
" മറ്യ പെറും ന്ന്... ഡാക്ടറ് പറഞ്ഞു വാവ വരും ന്ന്... മറിയ പെറും.... "
പിന്നെയും എന്തൊക്കെയോ സണ്ണി പറഞ്ഞു.. മറിയ പ്രസവിക്കുവാൻ പോകുന്നു എന്നതിലപ്പുറം മറ്റൊന്നും എനിക്കു മനസ്സിലായില്ല.. മരുന്നിന്റെയും പനിയുടെയും ചൂടിൽ ഞാൻ വീണ്ടും തളർന്നുറങ്ങി.
ഒന്നുരണ്ടു ദിവസങ്ങൾക്കു ശേഷം എണീറ്റിരിക്കാവുന്നനിലയായപ്പോഴാണ് അച്ഛൻ പറഞ്ഞത്..
"അന്ന് മറിയയ്ക്ക് ഓപ്പറേഷൻ ആയിരുന്നത്രേ വയറിനുള്ളിലെ മുഴമാറ്റാൻ... "
സമ്മതിക്കാതിരുന്ന സണ്ണിയോട് കുഞ്ഞിനെ കിട്ടുമെന്ന് പറഞ്ഞു പള്ളിവികാരി സമ്മതിപ്പിച്ചതാണ്... പക്ഷെ ഓപ്പറേഷനെ തുടർന്ന് മറിയ മരണപ്പെട്ടു.. മറിയ മരണപ്പെട്ടതിനെക്കാൾ സണ്ണി നിലവിളിച്ചത്.. മറിയയുടെ കുട്ടിയെ ഡോക്ടറും ആയമ്മമാരും ചേർന്ന് മോഷ്ടിച്ചുവെന്ന് പറഞ്ഞായിരുന്നത്രെ.. മറിയയുടെ ശവമടക്കിനുപോലും കൂടാതെ സണ്ണി ഒരുകൂട്ടം പ്ലാവില CD കളുമായി എവിടേക്കോ പോയത്രെ..
മറിയത്തിന്റെ മരണശേഷം സണ്ണിയെ പിന്നീടാരും കണ്ടതില്ല. വർഷങ്ങൾ കഴിഞ്ഞു. ഇടയ്ക്കിടെ ആ ഓർമ്മകൾ മുറിയുന്നുണ്ടെങ്കിലും ചിലനേരം മടങ്ങിവരുന്ന ചിന്തകൾ അറിയാതെ മനസ്സിലേക്ക് ഒരു നോവുതേയ്ക്കുന്നു...
...ശ്രീ...
Comments