അന്തോണിവക_അതിരസം
കേരളത്തിന്റെ തെക്കേയറ്റത്തുള്ള ഒരു ഗ്രാമത്തിൽ പണ്ട് ഒരു മരണം വളരെയേറെ ചർച്ചചെയ്യപ്പെട്ടു.. 16 വയസ്സ് പ്രായം വരുന്ന ഒരു ഹരിജൻ പെൺകുട്ടിയുടെ തൂങ്ങിമരണമായിരുന്നു അത്. താലൂക്കാശുപത്രിയിൽ നടന്ന മൃതദേഹപരിശോധനയിൽ പെൺകുട്ടി ശാരീരികമായി പീഡിക്കപ്പെട്ടിരുന്നതായും മൂന്നുമാസം ഗർഭം ധരിച്ചിരുന്നതായും അറിയാൻകഴിഞ്ഞു. സംഭവം നാട്ടിൻപുറത്ത് കോളിളക്കമാകുകയും സ്ഥലം സബ് ഇൻസ്പെക്ടറേമാൻ തകൃതി അന്വേഷണം ആരംഭിക്കുകയും ചെയ്തു.
അന്വേഷണടീമിൽ പ്രധാനിയാണ് ഹെഡ്കോൺസ്റ്റബിൾ രാമൻ നായർ അഥവാ ഏഡ്ഡ് രാമൻസാർ. ഏതു പ്രശ്നവും അന്വേഷണം നടത്തി കണ്ടുപിടിക്കാൻ ഏഡ്ഡ് രാമനോളം മിടുക്ക് ആ സ്റ്റേഷനിൽ മറ്റാരുമില്ലതന്നെ. കുറ്റവാളികളെ നിഷ്ഠൂരം കൈകാര്യം ചെയ്യാൻ ഒരുമടിയുമില്ലാത്ത ഏഡ്ഡ് രാമനെ ഏവർക്കും സഹപ്രവർത്തകർക്കുപോലും ഭയം തന്നെയായിരുന്നു. കുറ്റംതെളിയിക്കാനുള്ള മുറപ്രയോഗങ്ങൾക്കൊടുവിൽ അവശനായ പ്രതിക്ക് രാമൻ നായർവക ഒരു "അതിരസസേവ" പതിവാണ്. പ്രതിയുടെ മുന്നിൽവച്ചുതന്നെ സ്റ്റേഷനിലുള്ള പഴയ ക്ലാവുപിടിച്ചൊരു ചെമ്പുഗ്ലാസ്സിലേക്ക് രാമൻനായർ മൂത്രമൊഴിക്കും എന്നിട്ടത് പ്രതിയെക്കൊണ്ട് കുടിപ്പിക്കും അതായിരുന്നു രാമൻനായർ വക "അതിരസസേവ". ചുരുക്കത്തിൽ ആ സ്റ്റേഷനിൽ കുറ്റവാളിയായി കയറിയവരാരും ഈ "അതിരസസേവ" കൂടാതെ പുറത്തിറങ്ങിയിട്ടില്ല. ഒരുകണക്കിന് പറഞ്ഞാൽ ഈ "അതിരസസേവ" ഭയന്ന് പൊതുവേ ആ നാട്ടിൽ കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനുമുമ്പ് കുറ്റവാളികൾ രണ്ടുവട്ടം ആലോചിക്കുമായിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ഏഡ്ഡ് രാമൻ തികച്ചും ബാച്ചിലർ ആയിരുന്നു.. ക്രോണിക്ബാച്ച്ലർ!. വിവാഹം ഭാര്യ മക്കൾ എന്നല്ല സ്ത്രീ എന്നവാക്കുപോലും അലർജി. ഡ്യൂട്ടിയിലല്ലാത്തനേരം ഏമാനൊരു തികഞ്ഞ ഹനുമാൻസേവക്കാരനുമാണ്.
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അന്വേഷണം എങ്ങുമെത്തിയില്ല.. ഇങ്ങനൊരവസ്ഥ പൊതുവേ സാധാരണമല്ല. ഏഡ്ഡ് രാമനേറ്റെടുത്ത ഒരുകേസ്സും തെളിയാതിരുന്നിട്ടുമില്ല.. എന്നിട്ടും..
അങ്ങനെയിരിക്കവേയാണ് ഏഡ്ഡ് രാമനൊരുദിവസം വെളിപാടുണ്ടായത്.. പിന്നെ മറ്റൊന്നും ചിന്തിച്ചേയില്ല രണ്ടു കോൺസ്റ്റബിളുമാരുമായി നേരെ പോയത് കവലയിലെ സെബാസ്റ്റ്യൻ വൈദ്യരുടെ "ഈശോവിലാസം" അങ്ങാടിമരുന്നുകടയിലേക്കായിരുന്നു. കടയിലെ കൈയാളായ "അന്തോണിയെ" കൈയാമംവച്ച് നടത്തിച്ചു സ്റ്റേഷനിലേക്ക്!.
ഇനി രാമൻകോൺസ്റ്റബിളിന്റെ വെളിപാട് ഫ്ലാഷ്ബാക്കിലേക്ക്...
കുറച്ചുകാലംമുൻപ് നടന്നൊരു വിശേഷമാണത്.. തൂങ്ങിമരിച്ച ഹരിജൻ പെൺകുട്ടിയുടെ പിതാവ് "ചെല്ലനും" അങ്ങാടിമരുന്നുകടയിലെ അന്തോണിയും കട്ടകൂട്ടായിരുന്നു.. അന്തിക്കള്ളുള്ളിലും കൈകൾ പരസ്പരം ചുമലിലുമിട്ട് അന്തിക്കിരുവരും അങ്ങാടിമുതൽ തുടങ്ങുമായിരുന്നു സംഗീതം, കള്ള് തലയ്ക്കുപിടിച്ച് പാടിരസിച്ച് ഇരുവരും ചെല്ലന്റെ ചായ്പിലെത്തുമ്പോൾ നേരമിരുട്ടിത്തുടങ്ങും. ഒറ്റാൻതടിയായ അന്തോണിക്ക് തന്റെ കുടിയിലേറണമെന്നൊന്നുമുള്ള ചീത്തസ്വഭാവമില്ലാതിരുന്നതിനാലാവും പലപ്പോഴും ചെല്ലന്റെ ചായ്പ്പിലെ പുറംതിണ്ണയായിരുന്നു അവന്റെ സപ്രമഞ്ചം.
കഥയിങ്ങനെ നീളവേ ഒരുനാൾ അന്തിക്കള്ളും ചതിച്ചു..! ബോധംകെട്ടുറങ്ങിയ ചെല്ലന്റെ അന്തരാളഗർത്തം പെട്ടെന്നാണ് ഇളകിമറിഞ്ഞത് ഞെട്ടിയുണർന്ന ചെല്ലൻ ചാടിയെണീറ്റ് ചായ്പിനുവെളിയിലെ വാഴത്തോട്ടത്തിലേക്കോടിയതും ചെല്ലന്റെ വയറിന്റെ ഉരുളുപൊട്ടിയതും ഒന്നിച്ചുകഴിഞ്ഞു.. അതേക്ഷണംതന്നെ ചെല്ലനൊരുകാര്യംകൂടി കണ്ടറിഞ്ഞു.. സ്നേഹനിധിയായ ഭാര്യ നീലി തന്നെപ്പോലെതന്നെ തന്റെ അയല്ക്കാരൻ അന്തോണിയെയും സ്നേഹിച്ച് പാവം അവന്റെയടുത്ത് തളർന്നുറങ്ങുന്നു..!
അടി അങ്ങാടിവരെയെത്തി നാട്ടിലെ പാപം ചെയ്യാത്ത നാരികൾ നീലിയെനോക്കി മൂക്കത്ത് വിരലിട്ടു.. പ്രശ്നങ്ങൾ പറഞ്ഞുതീർത്ത് രമ്യമാക്കിയത് രാമനേഡ്ഡായിരുന്നു.. ആ സ്പാർക്കാണ് പുതിയ അറസ്റ്റ്.
പതിവുപോലെ ചോദ്യംചെയ്യലും ഭേദ്യം ചെയ്യലുമാരംഭിച്ചു.. "ചെല്ലനോടുള്ള വൈരാഗ്യത്തിന് നീയവന്റെ മോളെ നശിപ്പിച്ച് കൊന്നതല്ലേടാ.." എന്ന് പതിയെ തുടങ്ങിയ ചോദ്യോത്തരപംക്തി ഒടുവിൽ മഹത്തായ "അതിരസസേവ"യിലെത്തിയിട്ടും അന്തോണി കുറ്റമേറ്റില്ല.. "ഞാനെന്തിനെന്റെ മോളേ കൊല്ലണമേമാനേ....." ന്നുള്ള അന്തോണിയുടെ നെലവിളി പുറത്തുവന്നത് തുടയെല്ലിലൊട്ടിയിരുന്ന മാംസപേശികളെ ഉരുളൻ ലാത്തി വകഞ്ഞുമാറ്റിയ വേദനയുടെ പാരമ്യത്തിലായിരുന്നു...
പിറ്റേന്ന് പകൽ ചെല്ലൻ തേങ്ങാപൊതിക്കാൻ പോയനേരത്താണ് രാമനേഡ്ഡ് ചെല്ലന്റെ പുരയിലെത്തിയത് ... കേവലം രണ്ടുചോദ്യങ്ങളേ രാമനേഡ്ഡ് നീലിയോട് ചോദിച്ചുള്ളൂ.. നീലി കുനിഞ്ഞു തൊഴുതുനിന്നു... കണ്ണീരോടെ മൗനംപാലിച്ചു.. മടങ്ങിവന്ന രാമൻ ഹെഡ്കോൺസ്റ്റബിൾ അന്തോണിയെ സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു... മാസങ്ങളെടുത്തിട്ടും അന്വേഷണം പൂർത്തിയായില്ല. ഇൻസ്പെക്ടറേമാനോട് മേലാപ്പീസർ വിശദീകരണം ചോദിച്ചു സ്ഥിരംപരിപാടിപോലെ തൃപ്തമല്ലാത്ത വിശദീകരണത്തിൽ ഏമാനെ ദൂരേയ്ക്ക് സ്ഥലംമാറ്റ ഉത്തരവും ഏഡ്ഡ് രാമനും രണ്ടു സഹവാലുകൾക്കും തല്കാലികമായി വീട്ടിൽ നിന്നോളാനുള്ള സസ്പെൻഷൻ ആഡറും തെരോന്തരത്ത് നിന്ന് നേരിട്ടുകിട്ടി.. ശുഭം.
ദിവസങ്ങൾ കഴിഞ്ഞു അധികാരമില്ലാത്ത ഏഡ്ഡ് രാമന് പല ഭീഷണിയുമുണ്ടായി ഒടുവിൽ ഏതോ അതിരസസേവക്കാരന്റെ പണിയാവും ഏഡ്ഡ് രാമന് ഇരുട്ടടികിട്ടി വലതുകൈയ്യുമൊടിച്ചിട്ടാണ് ഒടിയന്മാർ പോയത്...
നാട്ടുനടപ്പുപോലെ രാമൻ നായർ സെബാസ്റ്റ്യൻ വൈദ്യരുടെ വിശിഷ്ടസേവനം സ്വീകരിക്കാൻ സന്നദ്ധനായി.. ശരീരംമുഴുവൻ തിരുമ്മലും ഉഴിച്ചിലും ധാരയുമൊക്കെ ആരംഭിച്ചു വലതുകൈക്കുപകരം തത്കാലം രാമൻ നായർക്ക് സഹായിയായി അന്തോണിയെയാണ് നിയമിച്ചത്.. മാത്രമല്ല ചികിത്സയും ഉഴിച്ചിലുമൊക്കെ രാമൻ നായരുടെ വീട്ടിൽതന്നെയാക്കി.. അന്തോണി ഉഷാർ ഒന്നിടവിട്ട് രാമൻ നായരുടെ വീട്ടിലെത്തുന്ന വൈദ്യരുടെ ചികിത്സ ഉഷാർ സർവ്വോപരി രാമൻ നായരും.. എന്നാലും അന്തോണി കൂട്ടിനൽകുന്ന കഷായവും കുഴമ്പും ഒപ്പമുള്ള പഥ്യവുമൊക്കെ രാമൻനായരെ വിഷമിപ്പിക്കുന്നുണ്ടായിരുന്നു. ഏറ്റവും പ്രയാസമേറിയത് മരുന്ന് അന്തോണി, ക്ലാവുപിടിച്ചൊരു ചെമ്പുഗ്ലാസ്സിൽ ഉച്ചയൂണിന്ശേഷം നൽകുന്ന വിശിഷ്ടമായൊരു കഷായരുചിയായിരുന്നു. പതിനാലുദിന ചികിത്സയും ഏഴുദിവസ മറുപഥ്യവും രാമൻ നായരുടെ ചതവും ഇടിവുമൊക്കെ മാറി വലതുകൈ പതിയെ ഉപയോഗിക്കാമെന്നായി.. "ഇനി എണ്ണയും കുഴമ്പും മാത്രം മതി.. പഥ്യങ്ങൾ വേണ്ട രാത്രിമാത്രം മരുന്ന്..." സെബാസ്റ്റ്യൻ വൈദ്യർ പറഞ്ഞുനിർത്തി.. "അപ്പോൾ വൈദ്യരേ ഉച്ചയൂണിനുശേഷമുള്ള മരുന്നും നിർത്താലോ അല്ലേ..?"... "ഉച്ചയ്ക്കുള്ള മരുന്നോ..!? അങ്ങനെയൊരു മരുന്ന് ഞാൻ തന്നില്ലല്ലോ... രാമനേഢേ.." രാമൻ നായരുടെ ചോദ്യത്തിന് മറുചോദ്യമായാണ് വൈദ്യർ ചോദിച്ചത്.. "ദേ ആ ചെമ്പുഗ്ലാസ്സിൽ അന്തോണി തരുമായിരുന്നല്ലോ ..." രാമൻ കോൺസ്റ്റബിൾ ചൂണ്ടിയ ഗ്ലാസ്സെടുത്ത് വൈദ്യർ മണത്തുനോക്കവേ വടക്കേവശത്തെ ഓലമതിൽ ഞെരിയുന്ന ശബ്ദംകേട്ട് ഇരുവരും നോക്കിയപ്പോൾ കണ്ടത് ഓലമതിൽ കടന്ന് അന്തോണി "കണ്ടംവഴി ഓടുന്ന" കാഴ്ചയായിരുന്നു. ഉള്ളിലെ ചിരിയടക്കാനാകാതെ വൈദ്യർ ഏണീറ്റു പോകുംമുമ്പ് ഇത്രകൂടിപ്പറഞ്ഞു.. " രാമൻ സാറേ... കൊടുത്താൽ കൊല്ലത്തും കിട്ടും.. നിങ്ങക്ക് ഒടിയന്മാർ രാത്രിതന്നു.. അന്തോണി പകലുതന്നു.. അത്രതന്നെ..."
... നാടുവിട്ട രാമൻ നായരേഡ്ഡ് സസ്പെൻഷൻ കഴിഞ്ഞ് വടക്കെവിടെയോ ജോലിയിൽ പ്രവേശിച്ചു. ഒരിക്കൽ പോലും അയാൾ സ്വന്തം നാട്ടിൽ വന്നില്ലത്രെ.. എന്നാലും മരിക്കുംവരെ "ചെമ്പുഗ്ലാസ്സ്" കണ്ടാൽ അയാൾ ഓക്കാനിക്കുമായിരുന്നു.
#Sreekumarsree
Comments