അപസ്വരങ്ങൾ

അപസ്വരങ്ങൾ 

മനമൃദംഗങ്ങൾക്കുമേൽ
അശ്വരഥമത്സരം..
നാൽവിരൽ വിരുതിലൂടവ
ശബ്ദരൂക്ഷിതമാക്കുന്നു..

'വട്ട'വരുതിക്കുമപ്പുറം
നട്ടശബ്ദമപശ്രുതി..!
കെട്ടിവരിഞ്ഞു മുറുക്കുന്നു 
ആസുരധ്വനിയുതിരുവാൻ.

ധുംദുമി താളങ്ങളിൽ
വർഷമേഘങ്ങളുലയുന്നു..
തരംഗാവൃത്തികളിൽ
അലിഞ്ഞുലഞ്ഞൊഴിയുന്നു.

ആസുരങ്ങളാണെങ്ങുമാ-
തമ്പുരുശ്രുതിയെങ്ങുപോയ്
മന്ദമായ് വന്നണഞ്ഞിടും
പൊൻ മുരളീരവമെങ്ങുപോയ്..

ചിന്തകൾക്കു തീയേറവേ
സങ്കടങ്ങൾ പെരുകവേ,
ചങ്കുണങ്ങാതെ നോവുകൾ
ചന്തമില്ലാക്കിനാവുകൾ.

ദന്തഗോപുരമേടയിൽ
കാൽചിലമ്പിലപശ്രുതി
മുന്തിരിച്ചാറിലെങ്ങിനെ
ജീവനഘാത തൻരുചി.

നാദമേളങ്ങളിങ്ങനെ
ആസുരങ്ങളായ്മാറവേ..
ആദിനാദമകന്നുപോയ്
സ്നേഹസാന്ത്വനമെങ്ങുപോയ്

ചുണ്ടനക്കേണ്ട വേളയിൽ 
വാൾതലപ്പു പുളയുന്നു
ശാന്തിതീരങ്ങളാകവേ
ശാന്തി നൽകാത്ത വാക്ശരം

അട്ടഹാസങ്ങൾ ചുറ്റിലു-
മാരുകേമനെന്നാസുരം
ആരുമില്ല വിജയിയെന്നാ-
യറിയുന്നതെപ്പെഴോ..

ഒരുപിടിചാരമാക്കണം
ഇനിയുമീ ദുഷ്ടചിന്തകൾ,
അതിനുമേലേ മുളയ്ക്കണം
അതിരിടാസ്നേഹ വൻതരു.
...#ശ്രീ.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്