മരണമൊഴി

         കവിയുടെ മരണമൊഴി

        """"""""""""""""""""""""""""""""""

കവി മരിച്ചുപോയത്രെ...

ഇന്നാണത് സംഭവിച്ചത്..

സംഭവങ്ങളെല്ലാം 

ഇന്നാണെന്ന നിയമം

കവിയുടെ മരണവും തെറ്റിച്ചില്ല...!

കലണ്ടറുകൾ മറിച്ചുനോക്കിയിട്ടും

ഇന്ന് പ്രത്യേകതയൊന്നും 

അടയാളപ്പെടുത്തിയിട്ടേയില്ല..!

ഒരു പ്രത്യേകതയുമില്ലാത്ത ഈദിനം

കവി മരിക്കുന്നതോടെ

പ്രത്യേകമായി മാറിയല്ലോ...

കവി മരിച്ച ദിനം...!

ആഹാ.. സുന്ദരമായ ദിനം.


കവി മരിച്ചുപോയതാണോ

അതോ പോയി മരിച്ചതോ..?

കവിഭാവനവച്ചുതന്നെ 

വിലയിരുത്തണം


മേശയോരത്ത് ഗ്ലാസ്സും

വിലകുറഞ്ഞ മദ്യക്കുപ്പിയുമില്ല..

കറുത്ത കട്ടി കണ്ണടയുമില്ല..

വലിയ വായനയ്ക്ക്

കണ്ണട കരുതിക്കാണും മരണത്തിലും.

കവിയുടെ മഷിപ്പേന,  

മേശപ്പുറത്തുണ്ടത്...

ഒരു കടലാസ്സിനുമുകളിൽ

തുറന്നുവച്ചുതന്നെയത് വിശ്രമിക്കുന്നു.

മഷിയുണങ്ങിയിട്ടില്ലയതിന്.. 

മരണമൊഴിയെഴുതിയതാവുമോ....!


""...sorry for everythings

thanks for everything....""

മുപ്പതുവർഷത്തെ ദാമ്പത്യശേഷവും*

വെന്റിലേറ്ററിൽ കിടന്ന് 

നായിക ഭർത്താവിന് കൈമാറിയതുപോലെ

കവി, ഭാര്യയോടും എന്താവും പറഞ്ഞത്..?


വെളുത്തകടലാസ്സിൽ 

മഷിപ്പേനയിൽനിന്നൂറിയ

ഒരുതുള്ളി നീലമഷി ഉണങ്ങാതെ

ഒരു അർത്ഥഗോളം ചമച്ചിട്ടുണ്ട്..

ആയസപ്പെട്ട് കടലാസ്സിലേക്ക്

നൂർന്നുകയറിയൊരു കാറ്റ്

അർത്ഥഗോളത്തെ പിളർത്തി

കടലാസ്സിലാകെ പരത്തിവരച്ചു..!


കവിയെ നിത്യംവായിച്ചിരുന്ന 

മച്ചിലെ ചിലന്തിയ്ക്കുമാത്രമതു

വായിക്കാനായി....

തലകീഴായിക്കിടന്ന് എട്ടുകാലി

കവിയുടെ മരണമൊഴി വായിച്ചു..


"സർഗ്ഗ സ്വപ്നങ്ങളെ വിസ്മരിക്കുക.

പ്രഭാതവാർത്തയിൽ ചരമകോളങ്ങളെ

സൂഷ്മമായി വായിച്ചുകൊള്ളുക...

ചിത്രവും ചിഹ്നവുമില്ലാത്തൊരു

ഒറ്റക്കോളം വാർത്തയായി

ഇനി ഞാനവതരിച്ചേക്കാം.."

    എന്ന് കവി.


#ശ്രീ... 02/06/2018 1:51 pm 

(* ശ്രീമതി ചന്ദ്രമതിയുടെ ചെറുകഥ വൈറസ്കാലം)

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്