കവിയാണ്പോൽ
കവിയാണ്പോൽ
നഗ്നനേത്രത്തിനാവതില്ലിപ്പോഴാ
ചന്ദ്രവെണ്മടിത്തട്ടിൽ വിലസുന്ന
കാണുവാനൊട്ടുനേരം
കളഞ്ഞിന്നു ഞാൻ വൃഥാ...
പീളകെട്ടിയടഞ്ഞു മനംപോലെ
നേരുകാണുവാനുള്ള കെല്പില്ലാതായ്
ഏതുകാണിലുമുത്ഭവിച്ചീടുമാ
സ്നേഹകൗതുകമെന്നോ പിരിഞ്ഞുപോയ്...."
കാവ്യരഞ്ചിത മാനസനാണുപോൽ
കാവ്യമേറെ ചമച്ചിരുന്നെന്നുപേർ,
ആവതില്ലതൻ ജീവിതഗാനത്തെ
ആവലാതികളില്ലാതെ പാടുവാൻ
പാടിയേറെക്കുരുന്നുകണ്ഠങ്ങൾക്കായ്
പാതതോറുമാപാട്ടുകൾ കാഹളം,
തൻകിടാങ്ങളെ താലോലിച്ചീടുവാ-
നെന്തുകൊണ്ടോ മറന്നുപോയപ്പൊഴും..
പ്രേമരാഗങ്ങളായിരം തീർത്തവ
യാവതോളമീ നാടിന്റെ കിഞ്ചനം
ഇല്ല പ്രേയസിക്കേകുവാനായൊരു
ചില്ലുവാക്കുകൾ പോലും ചമച്ചീല
കാവ്യലോലുപനാണുപോൽ കഷ്ടമാ,
പാതിമെയ്യെപ്പുണരാൻ മറന്നവൻ
ഭാവനാധനവാനാണതെങ്കിലോ
ജീവിതം ഭാവനയ്ക്കായ് മറന്നവൻ
ജീവഗായകനാണുപോൽ കേവലം
പ്രാണികൾക്കൊന്നുപോലും ചിലപ്പവൻ
നാവുയർത്തിയതില്ലൊരു നാളിലും
നീറുമേറെകുടുംബസംസാരത്തിൽ
ഏറെനാളായ് ശിരസ്സേറ്റിയാടിടും
കാവ്യരഞ്ജകപ്പട്ടമഴിച്ചിതാ
ആതുരാലയതിണ്ണനിരങ്ങുവോ
നാശ്രയമില്ലയക്ഷരക്കൂട്ടങ്ങൾ
ശ്വാസകണ്ഠത്തിനാഴമളക്കുവാൻ
മാത്രമൊഴുകുന്ന നിശ്വാസവായുവിൽ
ഇല്ലകാവ്യമിന്നല്പം പ്രതീക്ഷയു
മില്ലകേവലജീവപ്രതീക്ഷയും
....#ശ്രീ
Comments