Posts

Showing posts from May, 2020

എന്റെ സഖാവേ

Image
എന്റെ സഖാവിനോട് നിന്റെ മച്ചിങ്ങവണ്ടി എനിക്കായി നീട്ടിയതിലല്ല, സാറ്റുകളിയിലെ വേഗം കാത്തതിലുമല്ല... ഒരുപിടി മഞ്ചാടിമണിയിലുമല്ല ഞാൻ  നിന്നെയറിഞ്ഞത്, നീതുറന്ന ചോറ്റുപാത്രത്തിലാണത്. പെറ്റുപെരുകാത്ത  മയിൽപ്പീലിതുണ്ടുപോലെ വർണ്ണമില്ലാത്ത  ഓട്ടുവളത്തുണ്ടുപോലെ നിന്റെ പരാജിതഭാവം കണ്ടില്ലെന്ന് നടിച്ചുഞാൻ,.  നീ വിജയിക്കുന്നുവെങ്കിൽ നിന്റെ പൂർവ്വികർ സമ്മാനിച്ച പരാദീനതകളോടാവണമാദ്യം പിന്നെ.. പിന്നെമാത്രം നമുക്ക് സോഷ്യലിസം തീർക്കാം പ്രിയനാം കൂട്ടുകാരാ... #ശ്രീ. ..

രാത്രിമഴ മരണങ്ങൾ

Image
    #രാത്രിമഴമരണങ്ങൾ ശുഭരാത്രി ചൊല്ലാൻ മറന്നുപോയൊരു രാക്കിളി, മഴപ്പാട്ടിനു താളംപിടിക്കുന്നു.. മച്ചിനിടയിലൂടെ ചോർന്നൊഴുകുന്നൊരു പുഴ, ഓട്ടുകിണ്ടിയിൽ അപശ്രുതി മീട്ടുന്നു.. ഓരോ രാമഴയും ഒരുപാട് മരണങ്ങളാണ് ജലകണികകളുടെ മരണം, നിലവിളികളുടെ ആരവമാണ് മഴത്തുള്ളിക്കിലുക്കങ്ങൾ. ആ ആരവങ്ങളെന്തിനാണ് കവിഹൃദയങ്ങളെ ഉന്മത്തമാക്കിയത്.? #ശ്രീ . 

സ്വപ്നബിന്ദുക്കൾ

Image
            സ്വപ്നബിന്ദുക്കൾ മരണമേ,...  നീ മാറിനിൽക്കുമോ ഞാനൊരു  തരളമാം രാഗം ചമച്ചിടുമ്പോൾ... ഹൃദയമേ,...  നീ ശാന്തമാകുഞാനിപ്പോഴും മൃദുവായ് ശ്വസിച്ചിടുന്നേരം.. തരളിതമാകുക തനുവേയെൻ  ചിന്തകളൊരുബിന്ദുവിൽ ലയിക്കുമ്പോൾ.... കനവുകളേനിങ്ങളാണെന്റെ സർവ്വവുമറിയുന്നു ഞാനിതാവീണ്ടും. സുഖദമായ്  ഞാനുറങ്ങുന്നനേരം വന്നെന്നകതാരിലുണരുക പ്രിയമാം കിനാക്കളേ, പകലിലെനിക്കന്യമാകുമാ മോഹങ്ങളിരവിലെൻ സ്വന്തമാക്കുന്ന സ്വപ്നങ്ങളേ.. പ്രിയമാണ് നിങ്ങളെനിക്കെന്റെയാത്മാവി- ലകദീപ ദീപ്തികളാണ് നിത്യം. ഒരുവേളഞാൻ നിത്യനിദ്രപുണർന്നാലുമകലാതെ- യെൻകൂടെയമരുക നിങ്ങളും പകരുവാനിഷ്ടമില്ലെൻകിനാവേ നിന്നെയൊരുനാളിലും ഞാൻ  പിരിയുവതെങ്ങനെ..? മരണത്തിലുമെന്റെ ഹൃദയത്തിലായ്നിന്റെ  നിറമുള്ള കനവുകളുണ്ടാകണം.     -ശ്രീ 19/01/2019

കവിയാണ്പോൽ

Image
കവിയാണ്പോൽ നഗ്നനേത്രത്തിനാവതില്ലിപ്പോഴാ ചന്ദ്രവെണ്മടിത്തട്ടിൽ വിലസുന്ന കൊച്ചുപൂമുയൽ കൌതുകം- കാണുവാനൊട്ടുനേരം കളഞ്ഞിന്നു ഞാൻ വൃഥാ... പീളകെട്ടിയടഞ്ഞു മനംപോലെ നേരുകാണുവാനുള്ള കെല്പില്ലാതായ് ഏതുകാണിലുമുത്ഭവിച്ചീടുമാ സ്നേഹകൗതുകമെന്നോ പിരിഞ്ഞുപോയ്...." കാവ്യരഞ്ചിത മാനസനാണുപോൽ കാവ്യമേറെ ചമച്ചിരുന്നെന്നുപേർ, ആവതില്ലതൻ ജീവിതഗാനത്തെ ആവലാതികളില്ലാതെ പാടുവാൻ പാടിയേറെക്കുരുന്നുകണ്ഠങ്ങൾക്കായ് പാതതോറുമാപാട്ടുകൾ കാഹളം, തൻകിടാങ്ങളെ താലോലിച്ചീടുവാ- നെന്തുകൊണ്ടോ മറന്നുപോയപ്പൊഴും.. പ്രേമരാഗങ്ങളായിരം തീർത്തവ യാവതോളമീ നാടിന്റെ കിഞ്ചനം ഇല്ല പ്രേയസിക്കേകുവാനായൊരു ചില്ലുവാക്കുകൾ പോലും ചമച്ചീല കാവ്യലോലുപനാണുപോൽ കഷ്ടമാ, പാതിമെയ്യെപ്പുണരാൻ മറന്നവൻ ഭാവനാധനവാനാണതെങ്കിലോ ജീവിതം ഭാവനയ്ക്കായ് മറന്നവൻ ജീവഗായകനാണുപോൽ കേവലം  പ്രാണികൾക്കൊന്നുപോലും ചിലപ്പവൻ നാവുയർത്തിയതില്ലൊരു നാളിലും നീറുമേറെകുടുംബസംസാരത്തിൽ ഏറെനാളായ് ശിരസ്സേറ്റിയാടിടും കാവ്യരഞ്ജകപ്പട്ടമഴിച്ചിതാ ആതുരാലയതിണ്ണനിരങ്ങുവോ നാശ്രയമില്ലയക്ഷരക്കൂട്ടങ്ങൾ ശ്വാസകണ്ഠത്തിനാഴമളക്കുവാൻ മാത്രമൊഴുകുന്ന നിശ്വാസവായുവിൽ ഇല്ലകാവ്യമിന്നല്പം പ്രതീക്ഷയു മില്ലകേവലജീവപ്രതീക്ഷയ
Image
വല്മീകംവിട്ട ചിതലുകൾ ഇണചേരലിൽ  ആദ്യം നഷ്ടപ്പെട്ടത് അവന്റെ ചിറകുകളായിരുന്നു...  ഗാഡാലിംഗനത്തിൽ അവളുടേതും.. പുതുമഴയിൽ വല്മീകമുരുകി, മുളച്ചുപൊന്തിയതാണവർ കണ്ണുമിഴിച്ചത് സ്വാതന്ത്ര്യത്തിലേക്ക്.. ആദ്യം തെരഞ്ഞത് ഇണചേരാനൊരിടംമാത്രം. മൺപുറ്റിനുള്ളിലെ കടുംതാപത്തിലടയിരുന്ന, പെരുങ്കൂട്ടങ്ങൾ കടിഞ്ഞാണിട്ട കാമത്തിനെ, കരകാണാതിരപോലെ തുറന്നുവിട്ടതൊരു തരിവെട്ടത്തിന്റെ നിഴൽമറയിൽ പരിപൂർണ്ണതയിലവന്റെ പാതിയുടലുകൂടി തിന്ന് ഇരുപശിയടക്കിനിന്നവൾ...  പരിസമാപ്തിക്കൊരു ഗൗളി ഇടംപാർത്തതറിയാതെ.. ........#ശ്രീ.