തണലുതിർക്കാത്ത മരങ്ങൾ
തണലുതിർക്കാത്ത
മരങ്ങൾ
അപ്പൂപ്പൻതാടികൾ
തണലേകുമെന്ന്
നീയെത്രവട്ടമെന്നോട്
കളവു പറഞ്ഞിരിക്കുന്നു..
തിരിച്ചറിവിന്റെ നാളിലൊന്നിൽ
ഞാൻ വലിച്ചെറിഞ്ഞ
നിന്റെ പൊളിവാക്കുകളാണ്
മഴമേഘങ്ങളിലൂടെ
പെയ്തൊഴിഞ്ഞത്..
കഥയറിയുന്ന നീ
ആ മഴ നനയാതിരിക്കാൻ
കുടചൂടി നടന്നു....
നിൻ തണലോർത്ത്
കുടമറന്ന ഞൻ
നിൻ തരുവോരം ചേർന്നെങ്കിലും
ഇനി ശിശിരമെന്നോതി
ഇലപൊഴിച്ചുനിന്നു നീ...
നിൻ ചില്ലയിലൊന്നിൽ
കൂടുചമയ്ക്കുന്നുണ്ടൊരു
പുതുപുള്ളിവാലൻ പക്ഷി.
നിന്റെമാത്രം ശിശിരം
വേനലായെന്റെ ശിരസ്സിൽ
തലപൊള്ളിക്കുന്നില്ലെങ്കിലും
മനമുരുക്കുന്നുണ്ടിപ്പൊഴും.
Comments