Posts

Showing posts from March, 2020

കിളിപ്പാട്ട്

Image
#കിളിപ്പാട്ട് ഒരുതുള്ളിനീരിനായ്  ഉരുകുന്ന നിന്നുടെ അവസാനശ്വാസം നിലച്ചിടുംമുമ്പുഞാൻ ഒരുപെരുമഴയായ് പുനർജ്ജനിച്ചീടാമീ കിളിവാതിലൊന്നു തുറന്നുവിട്ടീടുക... കുളികുലസ്വരമെവിടെ- ന്നുകേഴും നിന്റെ ഇടമതിലൊരുമൃദു  സ്വനമാകുവാൻ, തരികനീ പൂട്ടിയൊളിച്ചുവച്ച തപ-  മെരിയും വയമ്പൊന്ന് തേനിൽമുക്കി...  തെളിവാനമെവിടെന്നു നിപതിച്ചു കേഴുംനിൻ മനമാകെയൊന്നുകുളിർന്നുകാണാൻ, എന്റെ ചിറകുകൾതരിക ഞാൻ രാകിപ്പറക്കുമ്പോൾ പകലിന്റെ വാനം  നിനക്കുകാണാം.. ഒരുതണലെവിടെന്ന് നിലവിളിക്കും നിന്റെ  മുണ്ഡിതശിരസ്സുകൾ  ചുട്ടുപൊള്ളുന്നുവോ.. തരികൊരു തരുവെനിക്കൊരു കൂടുകൂട്ടുവാൻ അവിടെനിൻ തപമൂറ്റി തണലുകായൂ...  പറയുവാനില്ല പരസ്പര മെന്നാലും പരിതപിക്കുന്നുനീയില്ല- സൗഹൃദമെന്നും അറിയുകയക്ഷരഖനി നിന്റെ  സ്വന്തമാണറിയുകയതു ഭൂവി ലക്ഷയപാത്രംപോൽ. പകരുക പലതിലുമെത്രയാവർത്തിക ളൊഴിയുകയില്ലതുമൊരുനാളിലും. .... #ശ്രീ 24/03/2019.

കവി രായപ്പന്റെ സങ്കടം

Image
   കവി രായപ്പന്റെ സങ്കടം  കവിതാദിനമാണ്..  ഉത്കൃഷ്ടമായ കവിതയെഴുതണം. ഭാഷാദിനമാണ്..! വൃത്തവും അലങ്കാരവും  ചമച്ചെഴുതണം. വനിതാദിനം..! അമ്മയെ,സഹോദരിയെ കാമുകിയെ മകളെ പ്രകീർത്തിക്കണം.. ഭൂദിനമാണ്....! "അമ്മേ നീ മാറിലഭയം നൽകിയ പഥികനല്ലോ ഞാൻ.... എന്നുതന്നെ മോങ്ങണം." പ്രണയദിനമാണിന്ന്..! ആരാധികമാരെ സരള പുളകിതരാക്കണം. മഹാമാരിക്കുമുണ്ട് ദിനം..! ആദരാഞ്ജലി ചേർക്കണം.. ആണ്ടുതീരുവോളം  ദിനമോരോന്നും ആരുടെയോ ദിനങ്ങളാണല്ലോ സ്വന്തമല്ല കവിക്കൊരുനാളും എങ്കിലുമെന്നുമെഴുതണം വാശി. ദിനമേതുമാകിലുമെഴുതാകിൽ കാവ്യലോലുപനല്ലാതെയാകിലോ ധർമ്മസങ്കടമേറുന്നു ദൈവമേ കവികുലത്തിൽ ഞാനന്യനായീടുമോ... ശിവശിവയതു ചിന്തിക്കവയ്യിനീ.. .....#sree.

തണലുതിർക്കാത്ത മരങ്ങൾ

Image
 തണലുതിർക്കാത്ത മരങ്ങൾ   അപ്പൂപ്പൻതാടികൾ  തണലേകുമെന്ന് നീയെത്രവട്ടമെന്നോട് കളവു പറഞ്ഞിരിക്കുന്നു.. തിരിച്ചറിവിന്റെ നാളിലൊന്നിൽ ഞാൻ വലിച്ചെറിഞ്ഞ നിന്റെ പൊളിവാക്കുകളാണ് മഴമേഘങ്ങളിലൂടെ പെയ്തൊഴിഞ്ഞത്.. കഥയറിയുന്ന നീ ആ മഴ നനയാതിരിക്കാൻ കുടചൂടി നടന്നു.... നിൻ തണലോർത്ത് കുടമറന്ന ഞൻ നിൻ തരുവോരം ചേർന്നെങ്കിലും  ഇനി ശിശിരമെന്നോതി ഇലപൊഴിച്ചുനിന്നു നീ...  നിൻ ചില്ലയിലൊന്നിൽ കൂടുചമയ്ക്കുന്നുണ്ടൊരു  പുതുപുള്ളിവാലൻ പക്ഷി. നിന്റെമാത്രം ശിശിരം വേനലായെന്റെ ശിരസ്സിൽ തലപൊള്ളിക്കുന്നില്ലെങ്കിലും മനമുരുക്കുന്നുണ്ടിപ്പൊഴും. ശ്രീ.22/5/19.

പത്തുമണിപ്പൂവുകൾ

Image
#പത്തുമണിപ്പൂക്കൾ [ കേരളകൗമുദി2020_മാർച്ച്_ആദ്യലക്കം_പ്രസിദ്ധീകരിച്ച_എന്റെ_ചെറുകഥ] "മണി എത്രയായിട്ടുണ്ടാവും...?  ഓ അറിയില്ല... എത്രയായാലെന്താ...  ആരുമിതുവരെ വിളിച്ചില്ലല്ലോ എണീക്കാൻ..." കരുണൻ കിടന്ന കിടപ്പിൽനിന്ന് ഒന്നു തിരിഞ്ഞ്, മറുവശത്തേയ്ക്ക്, ഓലച്ചുവരിനുനേരെ തിരിഞ്ഞുകിടന്നു.. ഇപ്പോൾ ഓലക്കീറിനിടയിലെ ദ്വാരങ്ങളിലൂടെ നേർരേഖയിൽ പതിക്കുന്ന പ്രകാശവീചികളെ കാണാനാകുന്നുണ്ട്.. അവയിലൊന്ന്  കണ്ണിനെ പൂട്ടിയടപ്പിച്ചു. അതിന്റെ വാൾത്തലപ്പിൽ നിന്ന് രക്ഷനേടാൻ കരുണൻ താഴേയ്ക്ക് അല്പംകൂടി ഊർന്നുകിടന്നു. അപ്പോഴാണതുകണ്ടത് ഓലപ്പൊളി ഇളകിയ വിടവിലൂടെ പുറത്ത് വാഴയുടെ ചുവടുമാറി കുറെ പത്തുമണിപ്പൂവുകൾ വിടർന്നു നിൽക്കുന്നു.. പത്തുമണി കഴിഞ്ഞിരിക്കുന്നു..!! എന്നിട്ടും  എന്നെ ആരും വിളിച്ചില്ലല്ലോ... ?!"  ആരു വിളിക്കാൻ....?  അപ്പൻ പൊലർച്ചെ പോയിട്ടുണ്ടാവും, രാത്രീല് കള്ളിന്റെ പരാക്രമം കഴിഞ്ഞാൽ പൊലരുംമുമ്പ് പമ്പകടക്കും ആരുടേം മൊഖത്ത് നോക്കാണ്ടൊരു പോക്ക് പിന്നെ രാത്രീല് വരും, വരാതിരിക്കും വന്നാൽ പൂരപ്പാട്ടും തെറിയഭിഷേകവുമാണ് അമ്മയ്ക്ക് മുതുകിന് രണ്ടിടിയും കഞ്ഞിക്കലമുൾപ്പെടെ ചവിട്ടിമെതിപ്പുമാണ് അപ്പനുള്ളപ്പ

ആരാമരോമാഞ്ചം

Image
ആരാമരോമാഞ്ചം. ആരാമസുന്ദരി നാണിച്ചുനില്പിതാ ആരാകിലും വന്നു കണ്ടുകൊൾകാ.. നീരാടിവന്നവളീറൻ കളയാതെ, വാർനെറ്റിചന്ദനം തൊട്ടപോലെ.. ഏറെക്കളയുവാനില്ലവൾക്കീദിനം ദൂരത്തുനിന്നവനെത്തുമത്രേ... മൂളിപ്പതിഞ്ഞൊരു കുഞ്ഞുപാട്ടും പിന്നെ തൂമധു ചോർത്തുന്ന ചുണ്ടുമായി ഏറെപ്പരിക്ഷീണനായണയെ പ്രിയ- നേകണമീമധു വേണ്ടുവോളം.. നേരമായീപ്പകലിപ്പോൾ മരിച്ചിടാ- മെന്നാലതിന്മുന്നമല്പമിരുന്നിടും നന്നായ്ഭുജിക്കുമവനീ കുസുമ-  സത്തുന്മാദമുറ്റം നിറഞ്ഞ മധുകണം... ആരാമരോമാഞ്ചമായുസ്സൊരുദിന- മെന്നാലുമാവോളമൂട്ടിയവൾമധു എന്നാൽ നിപതിച്ചവേളയിലാരുമേ ഒന്നു ഗൗനിച്ചതില്ലോർക്കിലൊരു വ്യഥ.          ....... ശ്രീ. 17/5/19