നാം പുനർജ്ജനിക്കുമ്പോൾ


#നാം_പുനർജ്ജനിക്കുമ്പോൾ

സ്വർഗ്ഗസീമകളിൽ നിന്ന്
കാൽതെറ്റിവീണൊരു നക്ഷത്രം
ഇവിടെവിടെയോ....?
തേടിയലയുകയാണ് ഞാൻ !

ഹിമക്കാറ്റു മുലക്കച്ചതീർത്ത
മലമുകളിലൊരു വെള്ളിവെട്ടം.!
അതു നീ തന്നെയാകുമെന്നു
ഞാനെത്ര കരുതിയെന്നോ... 
അതിന്റെ വസ്ത്രാഞ്ചലം 
ചെറുകാറ്റിലുലഞ്ഞത്
നിന്റെ മാലാഖച്ചിറകെന്നു ഭ്രമിച്ചു..
ശീതക്കാറ്റേറ്റുവന്നൊരു, 
ചെറുസീൽക്കാരം
നിന്റെ രതിനിർവൃതിയുടെ
ബഹിർസ്ഫുരണസ്വരം പോൽ.

താഴേയ്ക്കൂർന്നണഞ്ഞ നറുമണം
നിന്റെ താരുടലിൻ താമരഗന്ധം.
പദങ്ങളിൽ  ചിലങ്കയുണർത്തുക
നടനവിസ്മയവേദിയാക്കുകിവിടം
ഇന്ദ്രസദസ്സിനെ വെൽകുക

നിന്റെ ലാസ്യനടനാങ്കണമുറ്റത്ത്
നിൻ ലഹരിയിലമർന്നലിയാൻ
ഒരു ജന്മംകൂടി വരം വാങ്ങി
വന്നതാണ് ഞാൻ...
മാമുനീതപസ്യകളില്ലാതെ
മാനുഷരൂപംപൂണ്ടുതന്നെ..
തപസ്സിളക്കേണ്ടതില്ലെങ്കിലും 
ഒരുവട്ടംകൂടിയണയുക..
ഒരു നിർവൃതി പകരുക..
ശകുന്തങ്ങൾക്ക് നൽകാതെ,
താതസംസ്കൃതി കാക്കുവാൻ
മാതൃമുലകൾ ചുരത്തുവാനും
      #ശ്രീ 28/10/18

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം