Posts

Showing posts from May, 2019

അഹംബോധം

Image
അഹംബോധം നീയെന്ന ശരി,  നിന്നിലുറഞ്ഞിരിക്കുമ്പോൾ ഞാൻ വരയ്ക്കുന്നതൊന്നും അരികുകൂടില്ലൊരിക്കലും... ! നീയെന്ന സത്യം, നിന്നിലടയിരിക്കുന്ന നാളിലും കണ്ട കിനാക്കളെങ്ങനെ ഞാൻ വിരിയിച്ചെടുക്കുക..! നീയാണ് ബോധമെന്നാ- ർക്കുന്ന നേരത്ത് ഞാനെന്റെ ചിന്തയെ കന്നുപൂട്ടിന്നയക്കുന്നു. നീ എന്നതിലേക്കണയ്ക്കുന്നേവവു- മീയാമ്പാറ്റപോലെങ്കിലെൻ പ്രാണശബ്ദങ്ങളും  പ്രാവുപോൽകുറുകി- യമരുന്നുച്ചമാകാതെ. ഇനിയൊരു കാറ്റിന്റെ ഗതിതിരിച്ചിങ്ങോട്ടയയ്ക്കുക... ഇലത്തണ്ടുകളുടെ  ശക്തി ചോരുംവരയാണീ ജലബിന്ദുവിന്റെ ജീവിതം... ആരാദ്യമെത്തിക്കും ഒരു കാറ്റെന്റെ തട്ടകത്തിൽ. നീയായിരിക്കിലാ  മുഖം മറച്ചേയ്ക്കുക.. നാം തമ്മിലിനിയും....      .....ശ്രീ.

ഞാൻപെറ്റ കറുപ്പുകൾ

Image
   ഞാൻപെറ്റ കറുപ്പുകൾ എല്ലവർണ്ണങ്ങളും  അവസാനിച്ചിരിക്കുന്നു ചായക്കൂട്ടിലിനി  കറുപ്പുനിറം ബാക്കി.. ചിലത് കൂട്ടിക്കുഴച്ചിനിയും, ചാരവർണ്ണങ്ങളിൽ  ചിത്രം തീർക്കുവതെങ്ങിനെ.! അവശേഷിച്ച കറുപ്പിനി അക്ഷരങ്ങൾക്കായാണ്.... അക്ഷരങ്ങൾക്ക് മാത്രം.. സ്നേഹത്തിനോ പകയ്ക്കായോ പരിഭവത്തിനോ പരാതികൾക്കോ വിദ്വേഷത്തിന്റെ വിഷംചേർക്കാനോ പ്രണയത്തിന്റെ മൃദുപദങ്ങൾക്കോ.. പങ്കിട്ടെടുക്കുക നിങ്ങളിനി ഏതിനാകിലുമെന്റെ കറുപ്പുനിറം മാത്രം. കടന്നുവരുകയിനി... മധുപാത്രങ്ങൾ ചുവടെവയ്ക്കുക ശുഭ്രചിന്തകൾ വിടരുന്ന, പൗർണ്ണമിപെറ്റയിരവിൽ നിത്യശത്രുതയുടെയക്ഷരങ്ങളിൽമുക്കി വലിച്ചെറിയണമെന്നിൽ ഞാൻ പെറ്റകറുപ്പിനെ പിഴച്ചുപോയവയെ.. പിതൃശൂന്യമായവയെ. നിത്യവിസ്മൃതിയിൽ എനിക്കു കൂട്ടായിരിക്കുമവ.                                          ,,,,,,,,,,,,,#ശ്രീ 

short poem

Image
ഇരവാരംഭിക്കുംവരെ ഒപ്പമുണ്ടായിരുന്നു.. ആദ്യമൊക്കെ മുന്നിൽ , പിന്നെ കൂടെ നടന്നു..  ഒടുവിലെപ്പോഴോ ആണ് പിന്നിലേക്കായാൻ തുടങ്ങിയത്... ഏറെ  വളരുംതോറും പിന്നിലേക്കകന്നകന്ന് മടങ്ങുകയായിരുന്നു... ഈ ഇരുളിൽ ഇനിയെവിടെ തെരയും നിന്നെ...???

പഥികനോട്

Image
#പഥികനോട് വഴി മറന്നവനായൊരിക്കലും വഴി ചൂണ്ടില്ല വഴിവിളക്കുകൾ, അർക്കരശ്മികൾക്കായിടാമെന്നാലാ ദിക്കു ചൂണ്ടുവാനെങ്കിലും.. സ്വസ്ഥമായ് പാലായനം ചെയ്യണം പകൽ വെളിച്ചത്തിലെപ്പൊഴും. ഭാണ്ഡങ്ങളൊരിക്കലും പദയാത്രികന്റെ സമ്പാദ്യമല്ല ഭീഷണമാണവയെന്നും, ത്യജിക്കണമവയേറ്റയിടങ്ങളിൽ യാത്രപോകുക സ്വസ്ഥമായ്. കീശകളിൽ കൈകോർത്തു  യാത്രപോകുവതെങ്ങനെ..? നീട്ടിവീശണം വായുവിൽ കൈകളാൽ നേർത്ത കാറ്റു ചമയ്ക്കണം. കാത്തിരിക്കരുതൊന്നു മീയാത്രയിൽ ചേർത്തുവയ്ക്കരുതേതൊരു ലക്ഷ്യവും നേർത്തചിന്തയതൊന്നുപോലും  കാലം കാത്ത പാത മറച്ചിടാം. .. ശ്രീ.

വ്യർത്ഥം

Image
#വ്യർത്ഥം തിരയെത്ര തീരം പുണർന്നുകടന്നുപോയ് തെരയേണ്ട നീയിനിയോമലാളെ, കരളിന്റെ  പാതിയായ്  കനവിലും കാത്തവൻ  കഥപോലെ നിന്നേ  പിരിഞ്ഞുപോയി. പൂക്കളില്ലാത്ത  വനംപോലെ നിന്നുടൽ കാത്തുസൂക്ഷിച്ചൊരാ-  യൗവ്വനം തീർന്നുപോയ്. കാമിനീ നീ കാത്തുവച്ച കിനാക്കളിൽ  നീലിച്ചവർണ്ണം നിറച്ചതാരോ?. നീവരച്ചോമനിച്ചാശിച്ച ചിത്രങ്ങ- ളാരാണ് കീറിപ്പറിച്ചെറിഞ്ഞു. നീയേറ്റുപാടിയ പൂങ്കുയിലെങ്ങുപോയ് നീവച്ചൊരന്തിവിളക്കണഞ്ഞോ. നീലമിഴികളാൽ നീയോമനിച്ചൊരാ മാതളസൂനങ്ങളെങ്ങുപോയീ.. ഒരുവേള  നിന്നെപ്പിരിയില്ല ഞാനെന്ന് മൃദു മൊഴി പാടി കവർന്നു, നിന്നെ- പ്പിന്നെ കനവിൽ മറഞ്ഞവൻ- കൊണ്ടു പോയോ നിന്റെ കളിയും  ചിരിയുമെൻ കൂട്ടുകാരീ. ചൂടിമുഷിഞ്ഞ കുസുമങ്ങളാരിനി വാസനതൈലത്തിനായെടുക്കും. വാടിക്കരിഞ്ഞ നിൻ ജീവിത വാടിയി- ലേതു മധുപൻ വിരുന്നിനെത്തും..       SreekumarSree28/04/2015

സ്വപ്നങ്ങൾ

Image
സ്വപ്നം കാണാറുള്ളവർക്കായി മാത്രം. ----------------------'----- #സ്വപ്നങ്ങൾ ഇരുളിലേറെ നിറങ്ങളുമായെത്തും വില്ലുവണ്ടിയാണെന്നുമീ സ്വപ്നങ്ങൾ കുതിരയില്ലാതെ വന്നെത്തി നിദ്രയെ, തരളമാക്കും നിശബ്ദശബ്ദങ്ങളാൽ. ഒരുദിനം നമ്മെയരചനാക്കും നാളെ- യിരവിൽ കേമനാമമരനുമാക്കിടും ചിലദിനം തെരുവിലലയുന്നയാചക- പ്രജയിലൊന്നാക്കിമാറ്റുവതെന്തിനോ. പകലിലന്യമാണെങ്കിലുമെപ്പൊഴും മനമതിൽ ഗൂഢമാക്കിയടുക്കിയ ചിലനിറങ്ങൾ നമുക്കായിമാത്രമാ- യിരുളിൽ ഗോപ്യമായേകും കിനാവുകൾ. ഒരുദിനത്തിന്റെയന്ത്യത്തിൽ ജീവിതം ചെറുമരണം പുതച്ചുറങ്ങുന്നേരം ഒരു പ്രക്ഷേപണംപോലെന്തിനാവുമീ മനമതിൽ നിറച്ചാടുന്നുവേഷങ്ങൾ. പരിചിതം പല രൂപങ്ങളപ്പൊഴും പതിവിലില്ലാത്ത ചമയമായെത്തുന്നു. പകലുകാണാക്കിനാക്കളിതെപ്പൊഴും പുലരിയിൽ നഷ്ടബോധമുണർത്തുന്നു. മനുജജന്മത്തിലന്തമില്ലാത്തതായ് പരമനീശൻ ചമച്ച വർണ്ണങ്ങളാൽ, ചെറുവെളിച്ചവുമിണചേർത്തുനൽകുന്ന, സുഖമിതല്ലോ  ചില കിനാകാഴ്ചകൾ. ഇരവിലല്പാല്പമായി വർണ്ണിക്കുന്ന പ്രവചനങ്ങളാകാമല്ലയെങ്കിലോ, പരമകാരുണ്യവാനീ മനുഷ്യർക്ക് ഇരവിലേകുന്നൊരാനന്ദമായിടാം. ഏതുമാകട്ടെയെൻപ്രിയസ്വപ്നമേ ഹേതുവുണ്ടാകിലുമില്ലയെങ്കിലും കേവലനെന്റെയാന