Short Article
നൂൽപ്പാലത്തിലെ കുഞ്ഞുറുമ്പുകൾ
"നൂൽപ്പാലത്തിലൂടെയുള്ള യാത്രപോലാണ്
എന്റെ ജീവിതം..! പ്രാരാബ്ദങ്ങളുടെയും സങ്കടങ്ങളുടെയും ഒരു വലിയ ഭാണ്ഡവും പേറി ജീവിക്കുകയാണ് ഞാൻ...!!
താൻ ചുമക്കുന്ന ഭാരമത്രയും ആ സൂഫി സന്യാസിയുടെ മുന്നിലിറക്കിവച്ചതുപോലെയാണ് പറഞ്ഞുതീർന്നപ്പോൾ ചന്ദൻലാലിന് തോന്നിയത് അതിന്റെ പാർശ്വവത്ക്കരണംപോലെ അയാളിൽ നിന്നും ഒരു ദീർഘനിശ്വാസം കൂടിയുതിർന്നു. വളരെനാളായി അടക്കിപ്പിടിച്ച വിതുമ്പലുകളൊരു പൊട്ടിക്കരച്ചിലായവസാനിച്ചതുപോലെ തോന്നി ചന്ദന്.. തൊഴുകൈയോടെതന്നെ ചന്ദൻ സൂഫിവര്യനെ നോക്കി. ഒരു ഗാഢനിദ്രയിലെന്നപോലെ സൂഫി കണ്ണടച്ചിരിക്കയാണ്. നിമിഷങ്ങൾ കഴിയവേ വെളുത്ത താടിരോമങ്ങൾക്കിടയിലെ ആ ചുണ്ടിലൊരു ചെറുമന്ദഹാസമുതിരുന്നത് കാണായി. പിന്നെ സദാ വാത്സല്യം സ്ഫുരിക്കുന്ന ആ നയനങ്ങൾ തുറന്നു. ചുറ്റും കൂടിയിരുന്നവരെ കണ്ണാലൊന്നുഴിഞ്ഞ് സൂഫി ചന്ദൻലാലിനെ വീണ്ടും നോക്കി.
" നോക്കൂ പ്രിയരെ ഈ പ്രിയപ്പെട്ടവൻ പറഞ്ഞത് നിങ്ങളേവരും കേട്ടിരിക്കും "നൂൽപ്പാലത്തിലെ യാത്രപോലുള്ള ജീവിതം"...
ശരിയാണ് നൂൽപ്പാലത്തിലൂടുള്ള യാത്ര എത്ര പ്രയാസമേറിയതാണ്.... "
സൂഫി ഒരുനിമിഷം പറഞ്ഞുനിർത്തി.. ഏവരുടെയും കണ്ണുകൾ അദ്ദേഹത്തിന്റെ അധരചലനങ്ങൾ ശ്രദ്ധിക്കുകയായിരുന്നു.
" പ്രിയ സോദരാ .. നോക്കൂ നൂൽപ്പാലത്തിലൂടെ കേവലം നിസ്സാരമായി.. ലവലേശം ഭയമില്ലാതെ യാത്രചെയ്യുന്നവരെ കണ്ടിട്ടില്ലേ..? "
നിശ്ശബ്ദമായ സദസ്സിനെയാകെ നോക്കി സൂഫിവര്യൻ തുടർന്നു...
" ഉറുമ്പുകളാണവ.. എന്തുകൊണ്ടെന്നാൽ അവ കേവലം ശരീരംകൊണ്ടു മാത്രമാണ് സഞ്ചരിക്കുന്നത്. എന്നാൽ നാമോ..? നമ്മുടെ ശരീരത്തെക്കാൾ കൂടുതലായി നമ്മുടെ മനസ്സുകൊണ്ട്.. മനസ്സിലെ ചിന്തകൾകൊണ്ടുമാണ് ഈ ജീവിതനൂൽപ്പാലമേറുന്നത്.. അപ്പോഴേക്കും നമ്മുടെ മനസ്സിൽ നൂറായിരം ചിന്തകളും ഉദയംകൊള്ളുന്നു...
വീഴുമോ..?
വീഴാതെ അക്കരെയെത്തുമോ..?
നമുക്ക് പിന്നിലൂടെ വരുന്നവനാര്..?
മുന്നിൽ പോകുന്നവനക്കരെയെത്തുമോ..?.
അക്കരെയെന്താവും ? .
നാം പോയശേഷം നമ്മൾ പുറപ്പെട്ടിടത്തെന്തുണ്ടാകും?.
നാം പോയില്ലെങ്കിൽ നമുക്കു പകരമാരുപോകാൻ..?
എന്നിങ്ങനെ നൂറായിരംചിന്തകളുടെ ഭാരവുമായാണ് നമ്മളാ നൂൽപ്പാലത്തിലേറുന്നത്. നമുക്കൊപ്പം നമ്മുടെ മനസ്സിലെ ചിന്തകളും അതിനൊപ്പം ഞാനെന്നഭാവവും നമ്മുടെ ശരീരത്തോടൊപ്പം ആ നൂൽപ്പാലമേറിയാൽ ഭാരംകൂടി ആ നൂൽപ്പാലം നമ്മുടെ ആശങ്കപോലെ പൊട്ടുകതന്നെ ചെയ്യും.. എന്നാൽ മനസ്സിലെ ചിന്തകളും ഭാവങ്ങളുമുപേക്ഷിച്ച് നാം ആ പാലത്തിലേറിയാലോ.. തീർച്ചയായും മുന്നോട്ട് നടക്കുകയെന്ന ആന്തരികാജ്ഞയ്ക്കപ്പുറം നമ്മുടെ ശരീരത്തെ മറ്റൊന്നും ബാധിക്കയില്ല.. തീർച്ചയായും നാം മറുകരയെത്തപ്പെടും.
ഉറുമ്പുകളെ നോക്കൂ അവർക്കു ചിന്തകളും ആവലാതികളുമില്ല. അവർ മറ്റുള്ളവരെ ജയിക്കാനല്ല ജീവിക്കാനാണ് പാലമേറുന്നത്.. അതിനാൽ തന്നെ അവ നിഷ്പ്രയാസം പാലം കടക്കുകയും ചെയ്യുന്നു... "
"ആയതിനാൽ പ്രിയരെ നാം നമ്മുടെ മനസ്സിനെ സ്വതന്ത്രമാക്കുക.. നമ്മിലെ നാം എന്ന ഭാവത്തിന്റെ ഭാരം നമ്മുടെ ശരീരഭാരത്തിന്റെ പതിനായിരം മടങ്ങ് വലുതാണ്. ആ ഭാരം കുടഞ്ഞെറിയുന്നവന് ജീവിതപ്പാതയിലെ ഏത് നൂൽപ്പാലവും നിഷ്പ്രയാസം കടക്കാനാകും... " സൂഫി പറഞ്ഞുനിറുത്തി..
# ഒരു ഉറുമ്പിന് അതിന്റെ ശരീരഭാരത്തിന്റെ ആറിരട്ടിയിലധികം ഭാരം ഉയർത്താനുള്ള ശേഷിയുണ്ടത്രേ...!. അതെ പ്രിയരേ ഞാനെന്ന ഭാവം കുടഞ്ഞെറിയാം അതിലൂടെ നമുക്കും പ്രതിസന്ധികളുടെ നൂൽപ്പാലം കടക്കാം.♡♡♡
🗣#ശ്രീകുമാർശ്രീ.08/08/2017 .
Comments