Shorts story Malayalam

     #സീതായനം  
         (ചെറുകഥ മൊഴിമുറ്റം മിഴി പബ്ലിക്കേഷൻസിന്റെ #പാഠഭേദങ്ങൾ  എന്ന സമാഹാരത്തിൽ പ്രസിദ്ധീകരിച്ചത്)
                 "...ന്റെ പകോതീ... കൊണ്ടു പോയീന്നോ...
ഏനെ തനിച്ചാക്കീന്നോ... ന്റെ തൈവേ.. .ന്റെ തൈവേ... "

ഓലപ്പുരയ്ക്കുള്ളിൽനിന്ന്  നീണ്ടൊരു നിലവിളി ഏറെ പരിക്ഷീണിതമായൊരു  കണ്ഠത്തിൽ നിന്നുത്ഭവിച്ച്, നേർത്തവസാനിച്ചപ്പോഴേക്കും മുറ്റത്തിനുചാരെ കണ്ണൻവാഴച്ചോട്ടിൽ ആ വിളി കാത്തിരുന്നെന്നപോലെ രാമന്റെ വളർത്തുനായ "കിശൻ" തല തെക്കുവശത്തേയ്ക്കുയർത്തി നീട്ടി ഓരിയിടാൻ തുടങ്ങി.. അകത്തു തുടങ്ങിയവസാനിച്ച നിലവിളിയുമായി ഏറെയൊന്നും വ്യത്യാസമില്ലാതെയായിരുന്നു ആ നായയും ഓരിയിട്ടത്.. ഓലവാതിൽ ചരിച്ച് പണിക്കരുവൈദ്യൻ മുഖത്തു ശോകഭാവവുമായി പുറത്തുവന്നു ഒപ്പം തുണിസഞ്ചിതൂക്കി പിണിയാളുപയ്യനും..

. " പോയീ... കാലവും മുഹൂർത്തവുമൊക്കെ കണക്കാ.. ദൈവം രാമന്  കരുതിവച്ച വറ്റ് തീർന്നിട്ടുണ്ടാവും" .

മുറ്റത്തുനിന്നവരോട് ആരോടുമല്ലാത്തപോലെ എന്നാൽ എല്ലാവരോടുമായി പണിക്കരുവൈദ്യൻ പറഞ്ഞു.. പിന്നെ പതിയെ ഇടവഴിയിലേക്കിറങ്ങി ഒപ്പം പിണിയാളും. പോകുംവഴി ഇടവഴിച്ചെറുപ്പിൽ അടുക്കിയൊതുക്കിയ ചെറുകല്ലൊരെണ്ണം കൈയിലെടുത്ത് മൂന്നാമതും മോങ്ങിത്തുടങ്ങിയ നായയുടെ പള്ളനോക്കിയെറിഞ്ഞു പിണിയാൾ... ഏറുകൊണ്ട നായ  വേദനയാലോ തന്റെ യജമാനവിയോഗവ്യാധി  തീർക്കാനോ അല്പനേരം നാലുപാടും ഓടുകയും കിതയ്ക്കുകയും ചെയ്തു. പിന്നെ കണ്ണൻവാഴയുടെ ചുവട്ടിലെ ചാമ്പൽക്കൂനയിൽ മുഖം പരമാവധി മുന്നിലേക്ക് തള്ളി  മിഴികൾതുറന്നുവച്ച് ചടഞ്ഞുകിടന്നു .

കുന്നുകയറി വന്നവർ വന്നവർ ഓരോരോ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു. ചെറുമിപ്പെണ്ണുങ്ങൾ രാമനെപറ്റിക്കിടന്ന സീതയെ അല്പം ബലമായിത്തന്നെ പിടിച്ചുമാറ്റി. ആണുങ്ങൾ രാമന്റെ ശരീരം വാഴച്ചോട്ടിൽ കൊണ്ടുപോയി വെട്ടിയിട്ട വാഴയിലയിൽ കിടത്തി കുളിപ്പിച്ചെടുത്തു...
തെക്കുവശത്തെ മൺതാരയ്ക്കുതാഴെ രണ്ടുപേർ ചേർന്നദ്ധ്വാനിച്ചു തീർത്തകുഴിയിൽ അടുക്കിച്ചേർത്ത തൊണ്ടിനൊപ്പം രാമൻ അഗ്നിസ്നാനംചെയ്തൊടുങ്ങി. നെഞ്ചിൻകൂട് കത്തിയെരിഞ്ഞ് അവസാന ജ്വാലയുമണയാൻനേരമാണ് അതുണ്ടായത്  വീണ്ടുമൊരു ഓരിയിടൽ...!! നേരത്തെയുണ്ടായതിന് വിഭിന്നമായി ശക്തമായി വളരെ ഉച്ചത്തിലുള്ള ശബ്ദമായിരുന്നു അത്..

"ദുശ്ശകുനം" പറഞ്ഞ് കയ്യിൽ തടഞ്ഞ കല്ലെടുത്തവർ ചുറ്റും പരതിയെങ്കിലും ആ നായയെ അവിടെയെങ്ങും കാണാനായില്ല. എന്നാൽ അതുതീർത്ത ശബ്ദത്തിന്റെ അലയൊലി അല്പംനേരംകൂടി അവിടമാകെ അലയടിച്ചുകൊണ്ടിരുന്നു. പിന്നെ രാത്രി വലിയൊരുകമ്പളമെടുത്തു അവിടമാകെ മൂടിയതിൽ ആ ശബ്ദവും മുങ്ങിയമർന്നു.

                            °°°°°°°°°°
കാലണയുടെ രണ്ടുതുട്ടുകൾ ചേറുതുടച്ച കറുത്തിരുണ്ട കൈകളിലേക്ക് കാര്യസ്ഥനിൽ നിന്നും  വീഴുമ്പോൾ മുതുകു വളച്ച് നെറ്റി നിലത്തുമുട്ടുമാറ്  കുനിഞ്ഞ് തൊഴുതുമാറി ചെറുമിപ്പെണ്ണുങ്ങൾ അടുത്ത ഊഴക്കാരിയ്ക്കായി വഴിയൊഴിഞ്ഞുകൊണ്ടിരുന്നു. കാരണവർ സ്ഥാനമേറ്റെടുത്ത ഇളയമ്പ്രാൻ ഉണ്ണിത്തമ്പിരാന്റെ കണ്ണുകൾ മാറുമറയ്ക്കാത്ത പെണ്ണുടലുകളിലെ കറുത്തമുലകളിൽ വയറിലും  ഒരു വഷളൻചിരിയോടെ ഉഴിഞ്ഞുമേഞ്ഞു..  ചിരുതേയിയുടെ പിൻപറ്റിനിന്ന "അവളുടെ" ഊഴമെത്തിയപ്പോഴേക്കും ഉണ്ണിത്തമ്പിരാൻ കാര്യസ്ഥന്റെ അടുത്തെത്തിയിരുന്നു.. കൂലിവാങ്ങിനിവർന്ന പതിനാറുകാരിയുടെ മാറു ലാക്കാക്കി നീണ്ടതാണ് തമ്പിരാൻചെക്കന്റെ കണ്ണും കയ്യും... അടുത്തനിമിഷം രാമന്റെ കൈയ്യിലെ ചുരുട്ടിപ്പിടിച്ച തോർത്തുമുണ്ട് പറന്നുവന്ന് അവളുടെ മാറിൽ വീണു. തമ്പിരാൻ ചെക്കനൊന്നു ഞെട്ടി.. ചെറുമിപ്പെണ്ണിന്റെ ഉടലാകെയൊരു തളർച്ചനിറഞ്ഞു.. കാര്യസ്ഥന്റെയും വഷളൻ തമ്പിരാന്റേയും നോട്ടത്തിനുമുന്നിൽ അക്ഷോഭ്യനായി രാമൻ നിലയുറപ്പിച്ചു.. ചെറുമികൾ അമ്പരന്ന് വായ്പൊത്തിനിന്നു.. മാറുപുതച്ചു തോർത്തുമുണ്ടിനുമേൽ കാലണയുടെ രണ്ട് നാണയത്തുട്ടുകൾ മുറുക്കിച്ചേർത്ത് ആ പതിനാറുകാരി ഭയന്ന് തന്റെ കുടിയിലേക്കോടിമറഞ്ഞു.. ആദ്യമായി മാറുമറച്ചുകൊണ്ട്... !.

വിചാരണകാത്ത രാമന് പിറ്റേന്നുതന്നെ വല്യമ്പ്രാന്റെ വിളിവന്നു.. ഞാറ്റടിക്കണ്ടത്തിന്റെ ഓരത്ത് കാര്യസ്ഥൻ കൊണ്ടുവച്ച കസേരയിലിരുന്ന് വല്യമ്പ്രാൻ പാടവരമ്പത്തേയ്ക്ക് മുറുക്കിത്തുപ്പി.. രാമൻ കൈകൾ മാറത്ത് പിണച്ച് വണങ്ങിനിന്നു. നീണ്ട ശീലക്കുടപിടിച്ചുനിന്ന കാര്യസ്ഥന്റെ വികാരവിക്ഷേപമൊന്നും വല്യമ്പ്രാനിലുണ്ടായില്ല..
- കർക്കിടകപ്പെരുമഴ പാതിരാവിനെ ഭയപ്പെടുത്തുമ്പോൾ ചിറമുറിക്കാനും  കെട്ടാനും എന്നുവേണ്ട കണ്ണെത്താദൂരത്തോളം നീണ്ട ഈ പാടശേഖരത്തിന്റെ മുക്കും മൂലയും തന്നേക്കാൾ നിശ്ചയമുള്ള രാമന്റെ മിടുക്കാണ്  ഇല്ലത്തിന്റെ പത്തായം നിറയ്ക്കുന്നത്.. രാമനോളം കൃഷിയറിവും ആത്മാർത്ഥതയുമുള്ളൊരു അടിയാൻ ഇനി ജനിക്കണം .. -  ഉണ്ണിയുടെ വഷളത്തരത്തിനു കൂട്ടുനിൽക്കുന്നതിനേക്കാൾ  രാമനെ കൂടെനിർത്തുകയാണുത്തമമെന്ന് ആ കാരണവർക്ക് നല്ല ബോധ്യമുണ്ട്..

" രാമൻ ശരിചെയ്തുവെന്ന് നെനയ്ക്കണുണ്ടോ..?"
രാമൻ നിശ്ശബ്ദനായിത്തന്നെ നിലകൊണ്ടു..
" ഉണ്ണീടെ ഒരു വികൃതിയായി കണ്ടോളൂ.. കാര്യാക്കണ്ടാ... എന്തേ..?"
"ഉണ്ണിത്തമ്പ്രാന് ഒരു മംഗലം കഴിപ്പിച്ചാൽ നന്നാരുന്നൂ..  "

രാമന്റെ മറുപടി കാര്യസ്ഥനിൽ അരിശമുണർത്തി വർദ്ധിച്ച കോപവേശത്തോടെ ഒരാജ്ഞയ്ക്കായാണ് ആ ഭൃത്യൻ യജമാനനെ നോക്കിയത്.. എന്നാൽ വല്യമ്പ്രാന്റെ മുഖത്തുകണ്ട പുഞ്ചിരി കാര്യസ്ഥനെ സ്തബ്ദനാക്കി..
" അതുവ്വ്.. നാം നിനയ്ക്കണുണ്ട്.  അങ്ങനൊരു സംഗതി.. ഒത്തുവരട്ടെ ശരിപ്പെടുത്താം.."
രണ്ടുനിമിഷം ആരുമൊന്നും മിണ്ടിയില്ല..
" തമ്പിരാൻ പൊറുക്കണം... അടിയനോട്.." രാമനാണ് മൗനമുടച്ചത്..

"ആട്ടെ ഏതാ ആ പെണ്ണ് .. അവളുടെ പേരോ...?"

" കേച്ചിപ്രാന്തിയുടെ മോളാ.. അവളപ്പൻ ചത്തുപോയി.. അമ്മയ്ക്കു പ്രാന്തും.." കാര്യസ്ഥൻ ഉത്സാഹത്തിലാണ് വിവരിച്ചത്..

" ആണോ കഷ്ടായീ.. ന്നാപ്പിന്നേ രാമനവളെ  പൊറുപ്പിക്കരുതോ.. നാട്ടുനടപ്പുപോലെ.. ന്താ രാമാ.. ആയ്ക്കൂടാന്നുണ്ടോ..."
രാമൻ അകലെ കണ്ടത്തിലൂടെ നുകംവച്ചോടുന്ന  കാളക്കുട്ടന്മാരെ നോക്കി..  കലപ്പ കുത്തിയമർത്തി കൂടെയോടുന്ന കോലന്റെ പൂഹോ പൂഹോ... വിളിയിൽ രാമൻ അരനിമിഷം ലയിച്ചുപോയി..

" ന്താ അവൾടെ പേര്... ന്തായാലും  ഇനിയവള് രാമന്റെ പെരേല് കഴിയട്ടെ രാമനൊരു സീതയായി.." അതുപറഞ്ഞ വല്യമ്പ്രാൻ പൊട്ടിച്ചിരിച്ചു.. മനസ്സില്ലാമനസ്സോടെ കാര്യസ്ഥനും അതിൽ പങ്കുചേർന്നു..

കാലം കരുതിവച്ചപോലെ രാമനും സീതയും ഒന്നായി.. കുന്നിന്റെ മുകളിലെ പൗർണ്ണശാലയിലേക്ക്  ഒരാളും മാരീചവേഷത്തിലെത്താൻ ധൈര്യപ്പെട്ടില്ല.. തങ്ങളുടെ ശിഷ്ടകാലം തമ്പിരാന്റെ പാടത്തെ ചേറുവകഞ്ഞ് ഉള്ളിലെ മുത്തും പവിഴവും ഖനനംചെയ്തെടുത്ത് ഉടയോന്റെ അറപ്പുരകൾ നിറച്ചെങ്കിലും സീതപ്പെണ്ണിന്റെ അരവയർ മാത്രം നിറവയറായില്ല..
തന്റെ കാലശേഷം  തമ്പ്രാന്റെ പത്തായങ്ങൾ നിറയ്ക്കാൻ പുതിയ തലമുറയെ പടച്ചെടുക്കാനാകാതെ അവരുടെ ജീവിതം മുന്നോട്ടു നീങ്ങി. അനപത്യദു:ഖത്തിന്റെ കാഠിന്യമകറ്റാൻ ഒടുവിൽ അവരുടെ ജീവിതത്തിലേക്ക് എവിടെനിന്നോ ഒരു നായ്ക്കുട്ടി കടന്നുവന്നു.. കിശനെന്ന് പേരുവിളിച്ച ആ നായ അവർക്ക് ഒരുമകനെപ്പോലെയായിരുന്നു.
                  °°°°°°°°°`

കിശൻ ഒരുദിവസം വെറുതെവന്നു കയറിയതൊന്നുമല്ല.. ഒരു സന്ധ്യക്ക് രാമുവാശാനാണ് അയാളെ കൂട്ടിവന്നത്.. നീണ്ടുമെലിഞ്ഞൊരു ഇളമുറക്കാരൻ വെളുത്ത ശരീരവും നനുനനുത്ത് നീട്ടിവളർത്തിയ താടിയും.. പകലുമുഴുവൻ പിന്നാമ്പുറത്തെ ചായ്പ്പിലുറക്കം.. പഠിപ്പുള്ളവനാണ്..! പലപ്പോഴും വായനയും കുത്തിക്കുറിപ്പുമാണ്..  ഇരുളുവീഴുമ്പോൾ രാമുവാശാനൊരു ചൂട്ടുകറ്റയുമായിവരും അയാളെ കൂട്ടികൊണ്ടുപോകാൻ  പുലരുമ്പോൾ പിന്നാമ്പുറത്തെ ചായ്പ്പിലുണ്ടാകും നീണ്ട ഉറക്കത്തിൽ.. സീത നൽകുന്ന കട്ടൻചായയും വാട്ടുകപ്പയും കഴിച്ച് വീണ്ടുമുറങ്ങും അല്ലെങ്കിൽ വായിക്കും.. രാമനും സീതയും പാടത്തേയ്ക്ക് പുറപ്പെടാൻ നേരം അയാളൊന്ന് പുഞ്ചിരിക്കും. അതുമാത്രമായിരുന്നു ആ കുടുംബവും അയാളും തമ്മിലുള്ള സംവേദനം.. എന്നാലും സീത ഓർമ്മപ്പെടുത്തും ചായ്പിലെടുത്തുവച്ച പഴങ്കഞ്ഞിയും കപ്പയും..  സീതയ്ക്കയാളെ ഇഷ്ടമേറെയായിരുന്നു.. ഒരു മകനുവേണ്ടിയെന്നപോലെ അവളയാൾക്കായി  വാട്ടുകപ്പയും കഞ്ഞിയും ഉണക്കമീൻ വച്ചതും കരുതിവയ്ച്ചിരുന്നു.. നിത്യവും. അങ്ങിനെയൊരു കർക്കിടകമഴയിലാണ് പ്രഭാതത്തിൽ  കട്ടൻചായയുമായി സീത ചായ്പിലെത്തിയത്.. തണുപ്പിൽ പുതയ്ക്കാനയാൾ കരുതാറുള്ള കറുത്തകമ്പളത്തിനകം ശൂന്യമെന്ന് കണ്ട് ചുറ്റും പരതി കിണറ്റുവക്കത്തോ അയാൾ വായനയ്ക്കായി ഇരിക്കാറുള്ള പേരമരത്തണലിലോ ഒരിടത്തുമില്ല.. സീതയുടെ മനസ്സിലൊരാന്തൽ രാമനിലേക്ക് പകർന്നു. കറുത്തകമ്പളപ്പുതപ്പിനടിയിലെ ചെറിയ ഇളക്കം..! കമ്പളം മാറ്റിനോക്കി.. ഉള്ളിലൊരു ചെറിയ നായ്ക്കുട്ടി.. കേവലം രണ്ടുമാസം പ്രായം തോന്നിച്ച ആ പട്ടിക്കുട്ടി സീതയെനോക്കി വാലാട്ടി അടുത്തെത്തി.. സീത രാമനെ നോക്കി രാമന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നതും സീത ആ നായ്ക്കുട്ടിയെ കൈയിലെടുത്തുകഴിഞ്ഞിരുന്നു. അങ്ങനെ ആ അപരിചിതന്റെ സ്ഥാനത്ത് ആ കുടിലിലെ മൂന്നാമത്തെ അംഗമായി  ആ സാധുകുടുംബം കിശനെ അംഗീകരിച്ചു.
               ••••••••••••••••

രാമവിയോഗം ഒട്ടൊന്നുമല്ല സീതയെ തളർത്തിയത്.. ഒപ്പം കിശന്റെ തിരോധാനവും. കർക്കിടകസന്ധ്യകഴിഞ്ഞും  തിമിർത്തുപെയ്ത മഴ രാമന്റെ കുഴിമാടത്തിലെ ഗൗളിഗാത്രതെങ്ങിന്റെ ചുവടിളക്കി.. വാടിയഴുകിത്തുടങ്ങിയ കുഴിമാടത്തിലെ പൂക്കളെ മഴവെള്ളം ആവാഹിച്ച് താഴേക്കു കൂട്ടികൊണ്ട് പോയി..
മേൽക്കൂരയിലെ ഓലപ്പൊളിവിടവിലൂടെ ഊർന്നിറങ്ങി നെറ്റിയിൽപതിച്ചൊരു ജലകണം സ്മരണകളിൽനിന്നും സീതയെ ഉണർത്തി.. കമുകിൻചീളുകളാൽ തീർത്ത മറയില്ലാത്ത ജനാലയിലൂടെ  സീത പുറത്തേയ്ക്കുതന്നെ നോക്കി ഓലപ്പുര ചാരിയിരുന്നു.. മഴയും ഇടിമിന്നലും മത്സരിച്ച് കോലാഹലമുയർത്തുന്ന രാത്രിയുടെ അംബരമാകെ ഇനിയുമലിഞ്ഞൊഴുകാൻ വരികാത്തുനിൽക്കുന്ന മഴമേഘങ്ങളാൽ നിറഞ്ഞിരുന്നു.. അവയെല്ലാം കുന്നിൻമുകളിലെ രാമന്റെ പൗർണ്ണശാലയിലേക്ക് പെയ്തൊഴിയാൻ വെമ്പിനിന്നു.
നിമിഷങ്ങൾമാത്രം നിലനിൽക്കുന്നൊരു മിന്നൽപിണർ.. സീതയുടെ നനവാർന്ന നയനങ്ങളിലേക്കൊരു കാഴ്ചനൽകി.. ജനാലപ്പുറത്തെ രാമന്റെ കുഴിമാടത്തിനരികിലൊരു രൂപം..!. അമ്പരപ്പ് മാറുംമുമ്പ് വീണ്ടുമൊരു വെള്ളിടിയിൽ ആ രൂപം അവ്യക്തമായി കാണാനായി.. നീണ്ടുമെലിഞ്ഞൊരു രൂപം..!!
വശം ചരിഞ്ഞനിന്ന ആ രൂപത്തിന്റെ താടിരോമങ്ങളിൽനിന്ന്  ഊർന്നുവീഴുന്നൊരു ജലധാര മറ്റൊരുമിന്നൽ വെട്ടത്തെ പ്രതിഫലിപ്പിച്ചു... സ്ഥലകാലബോധമുദയംചെയ്തപോലെ സീത പിടഞ്ഞെണീറ്റു.. ചാരിയ ഓലവാതിലകറ്റി പുറത്തിറങ്ങിയ സീതയെ വീണ്ടുമൊരു മിന്നൽപ്പിണറാണെതിരേറ്റത്.. ഒന്നുമുണ്ടായില്ല അപ്പോഴേക്കും ആ കുഴാമാടത്തിനരികിൽ.. ചുറ്റിലും പരതിയ സീതപ്പെണ്ണിന്റെ കാഴ്ചമറച്ച് ഇരുളുമാത്രം കട്ടപിടിച്ചുനിന്നു.. ഭയവിഹ്വലയായപോലെ മഴയും നിലച്ചു. ആർക്കുവേണ്ടിയോ എന്നപോലെ മരംപെയ്യുന്ന സ്വരംപോലുമില്ലാതെ ആ കർക്കിടകരാത്രി ശബ്ദങ്ങളെയെല്ലാമടക്കിപ്പിടിച്ചുനിന്നു.  ഓലവാതിൽചാരവെയാണ്  അതുണ്ടായത്..! കുന്നിനുതാഴെയെവിടെയോ  നീണ്ട ഒരു ഓരിയിടൽ...! അതിന്റെ അലയവസാനിക്കുന്നതിനുമുന്പ് ഒരു വെടിമുഴങ്ങി...  ഒപ്പം പകുതിയിലവസാനിച്ച ആ ഓരിയിടലിന്റെ ശബ്ദം ഒരു ഞരക്കത്തിലെത്തിയവസാനിച്ചു.......
പനമ്പായയിൽ മുട്ടുകൾക്കിടയിൽ മുഖമമർത്തിക്കരഞ്ഞ സീത വീണ്ടും ഞെട്ടിയുണർന്നു   ഇടനെഞ്ചിലെവിടെയോ ഒരു തേങ്ങലടർന്നുടഞ്ഞു... അവളുടെ നിറമിഴികളിലൂടൊഴുകിത്തുടങ്ങിയ കണ്ണീർമഴ, വീണ്ടുമാരംഭിച്ച കർക്കിടകമഴയോട് മത്സരിച്ചുകൊണ്ടേയിരുന്നു.
        #ശ്രീകുമാർശ്രീ. 18/02/2018

Comments

Popular posts from this blog

കാളകൾ ഒരു പഠനം

എന്റെപ്രായം_ചോദിക്കരുത്