Poem MALAYALAM
വഴികളവസാനിക്കുമ്പോൾ
````````````````````````````````````````
പ്രിയനേ...
ഏകനായുള്ള ഈ യാത്രയിൽ
ഞാൻ തളർന്നിരിക്കുന്നു.
പാതിവഴിയിൽ വന്നെന്റെ
കരം ഗ്രഹിക്കുന്നതെപ്പോഴാണ്..?
ആപ്പിയാൻ വീതിയോരത്തുവച്ച്
പത്രോസിനെ ചേർത്തപോലെയും
യെരുശലേം പാതകളിൽവച്ച്
പൌലോസിനായ്
കരം നീട്ടിയപോലെയും
നീയെന്നാണെന്നെയറിയുക.. !
എന്റെ വിലാപസ്വരങ്ങൾ
ഈന്തപ്പനക്കാടുകളിലൂടൂർന്നിറങ്ങി,
മരുക്കാറ്റുകളിലലിഞ്ഞുപോകുന്നു..!
എന്റെ കണ്ണീരരുവികളെ
മണൽക്കാറ്റാർത്തിയിൽ
നക്കിത്തുടയ്ക്കുന്നു...
ദിക്കറിയാതെ തളർന്നുവീഴുമ്പോൾ
ഉപ്പുരസമുറ്റിയ ഗാത്രഭോജനത്തിന്
അക്ഷമനായൊരു കഴുകൾ
ധൃതികൂട്ടിനിൽക്കുന്നു.
ഇതെന്റെ ദേഹമാകുന്നു..
പ്രതീകമല്ലാത്ത എന്റെ ദേഹം..!
ഇതെന്റെ രക്തമാകുന്നു
മരുക്കാറ്റിന്റെ *മത്തുകൾ
സ്വേദരസങ്ങൾ
കടഞ്ഞെടുത്തതിന്റെ ശിഷ്ടം...
കാറ്റിനെയും കടലിനെയും
നിയന്ത്രിച്ചടക്കിയവനേ..
മരുഭൂവിലാണെന്റെ ഹൃദയം
അന്ത്യസ്പന്ദനങ്ങളേറ്റുവാങ്ങുക.
(*മത്ത്- തൈര് കടയാനുപയോഗിക്കുന്ന ഉപകരണം)
#ശ്രീ 19/4/18.
ഈ രചന 30/12/18ന് മൊഴിമുറ്റം മിഴി പബ്ലിക്കേഷൻസ് പുറത്തിറക്കിയ നൂറ്റിപ്പതിനൊന്ന് കവിതകൾ എന്ന കവിതാസമാഹാരത്തിൽ പ്രസിദ്ധീകരിച്ചതാണ്.
Comments